
അല്ലു അർജുന് ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിക്കൊടുത്ത സുകുമാർ ചിത്രം ‘പുഷ്പ’ തീയറ്ററുകളിലെത്തി രണ്ടുവർഷം തികയുന്നു. 2021 ഡിസംബർ 17-നാണ് സുകുമാർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയത്. എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ ചിത്രം ഹിന്ദി ബെൽട്ടുകളിലും അസാധാരണമായ കളക്ഷനാണ് നേടിയത്. അപൂർവമായി മാത്രം രണ്ടാം വാര കളക്ഷൻ ഒന്നാം വാരത്തിലെതിനേക്കാൾ കൂടുതലാവുക എന്ന നേട്ടവും ‘പുഷ്പ’ ഹിന്ദിയിൽ നേടിയിരുന്നു.
ചിത്രത്തിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. ഫഹദ് ഫാസിലും ‘പുഷ്പ’യിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അർത്ഥത്തിലും ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം.
ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് ‘പുഷ്പ 2’-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേൽപ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന ‘പുഷ്പ 2’ നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]