
ആദ്യ തമിഴ് ചിത്രമായ ‘തൊരട്ടി’യിലേക്ക്
ഇതിനുശേഷം ഒരിക്കല്‍ വേറൊരാവശ്യത്തിന് ചെന്നൈയില്‍ പോയി. എ.വി.എം. സ്റ്റുഡിയോയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ വന്ന് നടനാണോ എന്ന് എന്നോടുചോദിച്ചു. ഒരു അസോസിയേറ്റ് ഡയറക്ടറായിരുന്നു അയാള്‍. ‘വിനോദയാത്ര’യിലെ ചെറിയവേഷം മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ഞാന്‍ അതേ എന്ന് മറുപടി പറഞ്ഞു. ഒരു കഥാപാത്രം തന്നാല്‍ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ ഒരു വാഹനംവന്ന് എന്നെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. വില്ലനായ സെന്തട്ടി എന്ന കഥാപാത്രമാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്തെങ്കിലുമൊന്ന് അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. പക്ഷേ എനിക്ക് തമിഴ് അത്ര വശമില്ലായിരുന്നു. സത്യത്തില്‍ അവര്‍ എന്നെ അതിനകം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നീട് ഒരു പരിശീലന പരിപാടിയുണ്ടായിരുന്നു. അങ്ങനെയാണ് തൊരട്ടി എന്ന സിനിമയിലേക്ക് ഞാന്‍ എത്തുന്നത്. പി. മാരിമുത്തുവായിരുന്നു സംവിധായകന്.
രൂപംകണ്ട് വനിതാ പോലീസ് പേടിച്ചു, പോലീസ് പിടിച്ചു
പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നിര്‍മാതാവ് പറഞ്ഞു സിനിമ പാതിവഴിയില്‍ നിര്‍ത്തുകയാണെന്നും പഴയപോലെ ചിത്രത്തിന് ഹൈപ്പ് കിട്ടുന്നില്ലെന്നും. സംവിധായകന് വന്നിട്ട് പറഞ്ഞു, വില്ലനായ കഥാപാത്രത്തെ തമിഴിലെ വലിയ ഒരു നടനുവേണ്ടി വെച്ചിരുന്നതാണെന്നും അന്ന് ഈ കഥാപാത്രം സംസാരശേഷിയില്ലാത്ത ഒരാളാണെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞു ആ രീതിയില്‍ ഒന്ന് അഭിനയിക്കട്ടേ എന്ന്. പിന്നെ സംസാരശേഷിയില്ലാത്ത ഒരാളെ അണിയറപ്രവര്‍ത്തകര്‍ കാട്ടിത്തരികയും അദ്ദേഹത്തിന്റെ ശൈലിയും ആംഗ്യഭാഷ പഠിക്കുകയും ചെയ്തു. കഥാപാത്രമാവാനുള്ള കഠിനശ്രമത്തിലായിരുന്നു. മുറിയെടുത്ത് തന്നിരുന്നെങ്കിലും റോഡ്സൈഡില്‍ കിടന്നിട്ടുണ്ട്. റൂമിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍, ടെറസില്‍ കിടന്നുറങ്ങിയിട്ടുണ്ട്.
രൂപം മൊത്തം സെന്തട്ടിയുടേതുപോലെയാക്കി. കണ്ണാടി പോലും നോക്കാതെയായി. ഒരു ദിവസം പരിശീലനം കഴിഞ്ഞ് പാര്‍ക്കില്‍ വിശ്രമിക്കുമ്പോള്‍ പോലീസ് പിടിച്ചുകൊണ്ടുപോയി. ഒരു വനിതാ പോലീസ് എന്റെ രൂപംകണ്ട് പേടിച്ചതായിരുന്നു കാരണം. നടനാണെന്നു പറഞ്ഞിട്ടൊന്നും അവര്‍ കേട്ടില്ല. ഒടുവില്‍ സംവിധായകന് വന്ന് ഇറക്കിക്കൊണ്ടുപോരുകയായിരുന്നു. നാലു തവണ ഇങ്ങനെയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മക്കള്‍ക്കൊപ്പം നില്ക്കുമ്പോള് പോലീസ് പിടിച്ച് ബാഗുമൊത്തം വലിച്ചുവാരി പരിശോധിച്ചു. അവസാനം ഇനി അച്ഛന്റെ കൂടെ ഇനിയെവിടേക്കും ഞങ്ങള്‍ വരില്ലെന്ന് മക്കളിലൊരാള്‍ പറഞ്ഞു. അതുകേട്ടതും എന്റെ കണ്ണുനിറഞ്ഞു. പക്ഷേ, തിയേറ്ററില്‍ നല്ല പ്രതികരണമായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. ആദ്യം പാവമെന്നെല്ലാം വിചാരിച്ചയാള്‍ പിന്നീട് പക്കാ വില്ലനായി. തിയേറ്ററിലുണ്ടായിരുന്നവര്‍ ആദ്യം എന്നെ ഇഷ്ടപ്പെട്ടുവെങ്കിലും വില്ലത്തരം നിറഞ്ഞ സീനുകള്‍ വന്നതോടെ എനിക്കെതിരെ തിരിഞ്ഞു. ഇതോടെ തിയറ്ററില്‍നിന്ന് ഓടിയിറങ്ങിപ്പോരേണ്ടിവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]