
തെന്നിന്ത്യയിലെ യഥാർഥ ഹീറോ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. തന്റെ താരമൂല്യം പരിഗണിക്കാതെയാണ് മമ്മൂട്ടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ജ്യോതിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഒപ്പമുണ്ടായിരുന്ന നടൻ സിദ്ധാർഥ് മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു.
ഞാൻ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷേ മമ്മൂട്ടിയാണ് യഥാർഥ ഹീറോയെന്ന് എനിക്ക് തോന്നുന്നു. ‘കാതലി’ൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘‘സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?’‘ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, ‘‘ആരാണ് യഥാർഥ ഹീറോ? യഥാർഥ ഹീറോ വില്ലനെ പോയി ഇടിക്കുകയോ, ആക്ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നയാളായിരിക്കണം ഹീറോ. ഈ കഥാപാത്രം ശരിയായി വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു’, ജ്യോതിക പറഞ്ഞു.
മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമ തിരഞ്ഞെടുപ്പുകൾ അവിശ്വസനീയമാണെന്നാണ് നടൻ സിദ്ധാർഥ് പ്രതികരിച്ചത്. ദുരഭിമാനവും ഈഗോയും ഒന്നുമില്ലാതെ ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുലവെന്ന് സിദ്ധാർഥ് പറഞ്ഞു. ‘‘നൻപകൽ നേരത്ത് മയക്കം‘’, ‘‘കാതൽ’‘ തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണെന്നും പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യപ്പെടുത്താനാകാത്തതാണെന്നും നടൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതലിന്റെ തിരക്കഥ ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]