
‘സലാർ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജിന് ഇഷ്ടമാകില്ലെന്നാണ് ആദ്യം താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹത്തിനത് വളരെയധികം ഇഷ്ടമായെന്നും സംവിധായകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
‘വരദരാജ മന്നാർ എന്ന കഥാപാത്രം ചെയ്യാനായി ഒരു താരം എന്നതിനെക്കാൾ ഉപരി ഒരു ഗംഭീര നടനെ ഞങ്ങൾക്ക് വേണമായിരുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നതാണ് ഞങ്ങൾക്ക് സിനിമയിൽ കാണിക്കേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യണമെന്ന് ഞങ്ങൾ ഏറെക്കാലം ആലോചിച്ചു. ഒരുപാട് പേരുകൾ മുന്നിലെത്തി. ഹിന്ദിയിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ചർച്ചകൾ വന്നു. പക്ഷേ എൻ്റെ മനസിൽ ആദ്യം മുതലേ വന്ന പേര് പൃഥ്വിരാജിൻ്റെതായിരുന്നു. പക്ഷേ അതൽപ്പം കടന്ന സ്വപ്നമാണോ എന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹവുമായുള്ള സമയമെടുത്ത് ചർച്ചകൾ നടത്തി. തിരക്കഥ കേട്ടുകഴിയുമ്പോൾ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് തിരക്കഥ ഒരുപാട് ഇഷ്ടമായി.
ഒരു സംവിധായകനെപ്പോലെയാണ് പൃഥ്വിരാജ് ചിന്തിക്കുന്നതെന്ന് എനിക്ക് വെെകാതെ മനസിലായി. ഗംഭീരമായാണ് പൃഥ്വിരാജ് വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പങ്കുവെച്ച ചില നിർദ്ദേശങ്ങൾ വളരെയധികം മികച്ചതായിരുന്നു. നടൻ എന്നതിലുപരി ഒരു മികച്ച അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. സലാർ ചെയ്തതിന് പൃഥ്വിയോട് ഒരുപാട് നന്ദിയുണ്ട്. പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും ചിത്രമാണ് സലാർ. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇത്തരത്തിൽ ചെയ്യാനാവുമായിരുന്നില്ലെന്ന് ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് മനസിലായി’, പ്രശാന്ത് നീൽ പറഞ്ഞു.
ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗണ്ടൂരിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 22-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]