നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ ആണിപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. തന്റെ ജീവിതാനുഭവങ്ങളും പ്രണയവും വിവാഹവുമെല്ലാം നയൻതാര തുറന്നുപറയുന്നതാണ് ഡോക്യുമെന്ററിയുടെ പ്രത്യേകത. ഡോക്യുമെന്ററിയിലെ ചില പ്രത്യേക ഭാഗങ്ങൾ ഇപ്പോൾത്തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേകം ക്ലിപ്പുകളായി പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് വിഗ്നേഷ് ശിവന്റെ ഒരു നിർബന്ധത്തെക്കുറിച്ച് നയൻതാര പറയുന്നത്.
എവിടെ പോയാലും എന്തൊക്കെ നടന്നാലും വിക്കി കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരുമെന്നും എന്നിട്ടേ അദ്ദേഹം കഴിക്കൂ എന്നാണ് നയൻതാര പറയുന്നത്. വിഘ്നേഷുമായി വഴക്കുണ്ടാക്കിയിരിക്കുകയാണെങ്കിൽ അദ്ദേഹം തരുന്നത് വാങ്ങിക്കഴിക്കാതെ വാശി കാണിച്ചിരിക്കും. ചിലസമയത്ത് ഒരു മണിക്കൂർകൊണ്ട് പ്രശ്നം പരിഹരിക്കും. ചിലപ്പോൾ പിണക്കം ഒരുദിവസമൊക്കെ നീണ്ടുനിൽക്കുമെന്നും നയൻതാര പറയുന്നു.
നയൻതാരയുടെ ഭക്ഷണശീലത്തേക്കുറിച്ച് വിഘ്നേഷും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. “അവൾ ഭക്ഷണത്തെ വളരെയധികം സ്നേഹിക്കുന്നയാളാണ്. എന്നേക്കാൾ കൂടുതൽ കഴിക്കുകയുംചെയ്യും. ഞാൻ മൂന്നോ നാലോ ചപ്പാത്തി കഴിക്കുമ്പോൾ നയൻ ചിലപ്പോൾ ഏഴോ എട്ടോ എണ്ണം കഴിക്കും. ഡയറ്റിലാണെന്നൊക്കെ കാണിക്കുമെങ്കിലും നന്നായി കഴിക്കും.” വിഘ്നേഷ് പറഞ്ഞു.
ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്ന നയൻതാരയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]