സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്റർ പരിസരത്തുവെച്ച് റിവ്യൂ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ വിലക്കണമെന്ന് തിയേറ്ററുടമകളോടാവശ്യപ്പെട്ട് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിൽ (TNPC). ഇതുമായി ബന്ധപ്പെട്ട് തിയേറ്ററുടമകൾക്ക് നിർമാതാക്കൾകത്തയച്ചു. സിനിമയുടെ റിലീസ് ദിവസം തിയേറ്റർ പരിസരത്തുവെച്ച് ചിത്രീകരിക്കുന്ന ഇത്തരം പ്രതികരണങ്ങൾ വിലക്കുന്നതിന് സഹകരിക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ 2, വേട്ടയൻ, കങ്കുവ എന്നീ ചിത്രങ്ങൾക്ക് ആദ്യദിവസം മോശം അഭിപ്രായം വന്നതിൽ യൂട്യൂബ് ചാനലുകൾക്ക് പങ്കുണ്ടെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. സിനിമാ നിരൂപണങ്ങളെന്ന പേരിൽ വ്യക്തിപരമായ ആക്രമണങ്ങളും വിദ്വേഷം വളർത്തലുമാണ് നടക്കുന്നതെന്നും നിർമാതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി. സൂര്യ നായകനായ കങ്കുവ എന്ന ചിത്രം ഈ മാസം 14-നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ യൂട്യൂബ് ചാനലുകളിലൂടെ ശക്തമായ നെഗറ്റീവ് റിവ്യൂ ആണ് പുറത്തുവന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു സിനിമയുടെ ശക്തിയും ദൗർബല്യവും ചൂണ്ടിക്കാട്ടാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമെന്ന് പറഞ്ഞ ടി.എൻ.പി.സി, വ്യക്തിപരമായ ആക്രമണങ്ങളും നിരൂപണങ്ങളിലൂടെ ഒരു സിനിമയെ മുഴുവൻ തകർക്കാനുള്ള ശ്രമങ്ങളും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞു. ഇത്തരം പ്രവണതകൾ ആത്യന്തികമായി സിനിമാ വ്യവസായത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
“സിനിമയെ റിവ്യൂ ചെയ്യാൻ നിരൂപകർക്ക് എല്ലാ അവകാശവുമുണ്ട്. എന്നാൽ വ്യക്തിപരമായ വിദ്വേഷം കാരണം ഒരു സിനിമയോടുള്ള വെറുപ്പ് മാധ്യമങ്ങളിൽ വിതയ്ക്കരുത്. ഇക്കാര്യം മനസ്സിൽ വെച്ചുകൊണ്ട് എല്ലാ മാധ്യമപ്രവർത്തകരും സിനിമാ നിരൂപണങ്ങൾ എഴുതണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകളും യോജിച്ച് മനഃപൂർവം നെഗറ്റീവ് റിവ്യൂ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാതെ ഈ പ്രവണത അവസാനിപ്പിക്കണം.” കത്തിൽ പറയുന്നു.
സാങ്കേതികപരമായി മികച്ചതാണെന്ന് പറയുമ്പോഴും തിരക്കഥയും അവതരണരീതിയും വളരെ മോശമെന്നാണ് റിലീസ് ദിവസം മുതലേ കങ്കുവ നേരിട്ട പ്രധാന വിമർശനം. സമ്മിശ്ര പ്രതികരണമാണ് ചിത്രം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]