
ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായി ചർച്ച ചെയ്യാൻ തുടങ്ങിയത്. പല താരങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പരസ്യമായിത്തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ഒളിക്യാമറകളെ പേടിച്ചാണ് തങ്ങൾ കഴിയുന്നതെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക രംഗത്തെത്തി. തന്റെ പുതിയ സിനിമയുടെ പൂജാ വേളയിൽ സംസാരിക്കവെയായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
കാരവാനിൽ പോലും തങ്ങൾ സുരക്ഷിതരല്ലെന്നും ഒളിക്യാമറകളെ പേടിച്ച് ലൈറ്റ് ഓഫ് ചെയ്തിട്ടാണ് വസ്ത്രം മാറുന്നതെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ മലയാള സിനിമയെ മാത്രം കുറ്റപ്പെടുത്തരുതെന്നും എല്ലാമേഖലയിലും ഇത് നടക്കുന്നുണ്ടെന്നും പറഞ്ഞ താരം, ധൈര്യവും തന്റേടവും ഉണ്ടെങ്കിൽ ഫീൽഡിൽ പിടിച്ചു നിൽക്കാമെന്നും പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകൾ: പ്രൊഡ്യൂസറോട് കഷ്ടപ്പെട്ട് സംസാരിച്ചാണ് സാരിമാറാനും അത്യാവശ്യ കാര്യങ്ങൾക്കുമായി ഒരു കാരവാൻ വാങ്ങിയത്. അപ്പോൾ പറയും മുട്ട്, തുറക്കും. ഒന്ന്, രണ്ട് അങ്ങനെ പല മുട്ടലുകളുമുള്ള സാഹചര്യത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. ബട്ടൺസിലും പൊട്ടുകളിലുമടക്കം ഇപ്പോൾ ക്യാമറവെച്ച് നടക്കുന്ന കാലമാണ്. അപ്പോൾ എങ്ങനെ സുരക്ഷിതമായിട്ട് ഞങ്ങൾക്ക് ഇരിക്കാൻ കഴിയും. കാരവാനിൽ പോലും ഞങ്ങൾ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് വസ്ത്രം മാറുന്നത്. അതിനകത്ത് ക്യാമറയുണ്ടോ എന്ന് പറയാൻ പറ്റില്ല. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല, അത് നിങ്ങൾ മനസ്സിലാക്കണം. ആര് എന്ത് കണ്ടാലും എന്ത് ചെയ്യാൻ പറ്റും. ഇതിൽ കൂടുതൽ സൂക്ഷിച്ചു നടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അങ്ങനെ ഒരു അവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്.
ധൈര്യവും തന്റേടവും മാത്രം മതി ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ. ഒരാളുടെ കൂടെ പോയിക്കഴിഞ്ഞ് കുറേനാള് കഴിഞ്ഞ് വിളിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല. അപ്പോൾ പ്രതികരിക്കണം. പ്രതികരിച്ച് മുമ്പോട്ട് പോയി നോക്കൂ. ഞാൻ ഇങ്ങനെത്തന്നെ നിൽക്കും. എത്ര വർഷമാണെങ്കിലും. കാരണം എനിക്ക് ധൈര്യമുണ്ട്. സിനിമാ ഫീൽഡ് ഇതിന്റെ കുത്തകയല്ല. ആരും ഈ ഫീൽഡിനെ കുറ്റം പറയണ്ട. ഇതുപോലെ പലയിടങ്ങളിലും പലതും നടക്കുന്നുണ്ട് – പ്രിയങ്ക പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]