
എ.ആര്. റഹ്മാന് പിന്നാലെ വിവാഹമോചന വാര്‍ത്തകളില്‍ നിറയുകയാണ് മോഹിനി ഡേ. റഹ്മാനും സൈറാ ബാനുവും സംയുക്ത പ്രസ്താവനയിലൂടെ വിവാഹമോചനത്തേക്കുറിച്ച് അറിയിച്ചതിന് പിന്നാലെയാണ് മോഹിനി ഡേയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്. എ.ആര്. റഹ്മാന്റെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന മോഹിനി ഡേയുടെ സ്വദേശം കൊല്‍ക്കത്തയാണ്. സംഗീതജ്ഞനായ പിതാവിന്റെ വഴിയേ പാട്ടിന്റെ ലോകത്തെത്തിയ മോഹിനി ഡേ, മൂന്നാം വയസ്സില്‍ തന്നെ സംഗീതപഠനം ആരംഭിച്ചു. ഒമ്പത്-പത്ത് വയസ്സായപ്പോള്‍ തന്നെ ആദ്യ ബേസ് ഗിറ്റാര്‍ കൈയ്യിലെടുത്തു. റഹ്മാന്റെ ടീമിലെ മറ്റൊരു സ്ഥിരം സാന്നിധ്യമായ ഡ്രമ്മര്‍ രഞ്ജിത് ബാറോട്ട് വഴിയാണ് മോഹിനിക്ക് സംഗീതവുമായി ലോകം ചുറ്റാനുള്ള അവസരം ലഭിക്കുന്നത്.
28-വയസ്സുമാത്രമാണ് മോഹിനി ഡേയുടെ പ്രായം. ലോകപ്രശസ്തമായ പല പരിപാടികളിലും മോഹിനി ഡേ ഭാഗമായി. സംഗീതം, സംഗീതം, സംഗീതം എന്ന മൂന്നുവാക്കുകള്‍ കൊണ്ട് മോഹിനിയുടെ ജീവിതം നിര്‍വചിക്കാമെന്നാണ് സഹോദരി ഇസാനി പറയുന്നത്. ജാസ് ഫ്യൂഷന്‍- സെഷന് ബേസിസ്റ്റ് സുജോയ് ഡേയാണ് മോഹിനിയുടെ പിതാവ്. അമ്മ റോമിയ ഡേ. ലക്ഷ്മികാന്ത് പ്യാരേ ലാല്‍ അടക്കമുള്ളവരുടെ ഗാനങ്ങളുടെ അണിയറയില്‍ സുജോയ് ഡേ പ്രവര്‍ത്തിച്ചിരുന്നു.
മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങിനിടെയാണ് എ.ആര്. റഹ്മാനെ പരിചയപ്പെടുന്നത്. എ.ആര്. റഹ്മാന്റെ വലിപ്പം അറിയാത്ത താന്‍, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ആദ്യത്തെ അവസരം ഏതൊരു സാധാരണ പാട്ട് റെക്കോര്‍ഡിങ് പോലെയേ കണ്ടിരുന്നുള്ളൂവെന്ന് അവർ പറയുന്നു. വീട്ടിലെത്തി പിതാവിനോട് റഹ്മാന്റെ റെക്കോര്‍ഡിങ്ങിന്റെ ഭാഗമായെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിന് ശേഷം ഗൂഗിള്‍ ചെയ്താണ് റഹ്മാന് ഹമ്മ ഹമ്മ അടക്കമുള്ള പാട്ടുകളുടെ സ്രഷ്ടാവാണെന്ന് മനസിലാക്കിയത്.
പിറ്റേന്ന് റഹ്മാന് അടുത്തുവിളിച്ച് പ്രസിദ്ധമായ എം.ടി.വിയിലെ കോക് സ്റ്റുഡിയോയ്ക്ക് വേണ്ടി തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് ചോദിച്ചു. ആദ്യത്തെ തവണ കണ്ടപ്പോള്‍ തങ്ങള്‍ പരസ്പരം ചിരിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും മോഹിനി ഓര്‍ത്തെടുത്തു.
2013-ലെ കോക് സ്റ്റുഡിയോയാണ് മോഹിനിയെ സ്റ്റാര്‍ഡത്തിലേക്ക് ഉയര്‍ത്തുന്നത്. പിന്നീട് റഹ്മാന്റെ സംഘത്തിലെ സ്ഥിരം സാന്നിധ്യമായി. എ.ആര്. റഹ്മാനോടൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള മോഹിനി അദ്ദേഹത്തിന്റെ സിനിമകളുടെ റെക്കോര്‍ഡിങ്ങും ചെയ്തിട്ടുണ്ട്. ‘ഐഡിയേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്കുന്നു’ എന്നതാണ് എ.ആര്. റഹ്മാനില്‍ മോഹിനി ഏറ്റവും ഇഷ്ടപ്പെടുന്നത്.
റഹ്മാന് പുറമേ സക്കീര്‍ ഹുസൈന്, ശിവമണി, രഞ്ജിത് ബരോട്ട്, ലൂയിസ് ബാങ്ക്സ്, ഹരിഹരന്, പ്രസന്ന, മൈക്ക് സ്റ്റേണ്, ജോര്‍ജ് ബ്രൂക്ക്സ് തുടങ്ങി മോഹിനി ഒപ്പം വര്‍ക്ക് ചെയ്തിട്ടുള്ള പ്രതിഭകളുടെ പട്ടിക ഇനിയും നീളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]