വി.സി. അഭിലാഷ് എഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വിഷ്ണു ഉണ്ണിക്കൃഷ്ണന്, ജോണി ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ കഥാപ്രാസംഗികന് വി. സാംബശിവന്റെ സീനുകള്‍ കൈയടി നേടിയിരുന്നു. അന്തരിച്ച കലാകാരന് വി. സാംബശിവനെ കൃത്യമായി അനുകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനാണ് സിനിമയില്‍ ആ വേഷത്തെ അവതരിപ്പിച്ചത്.
വി. സാംബശിവന്റെ കഥാപ്രസംഗങ്ങളേക്കുറിച്ചും അദ്ദേഹത്തെ ചിത്രത്തിലേക്ക് പകര്ത്തിയതിനേക്കുറിച്ചും സംവിധായകന് വി.സി. അഭിലാഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കാഥികന്റെ യഥാര്‍ഥ ദൃശ്യങ്ങളാണ് സിനിമയില്‍ ഉപയോഗിച്ചതെന്നാണ് സിനിമ കണ്ട പലരും കരുതിയതെന്നും അത്ര കൃത്യമായാണ് ആ കഥാപാത്രം സിനിമയില്‍ പ്രത്യക്ഷപ്പെട്ടതെന്നുമുള്ള അഭിപ്രായങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
വി.സി. അഭിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സബാഷ് ചന്ദ്രബോസ് കണ്ടവരില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ അഭിനന്ദനം കിട്ടിയ ഒന്നാണ്, ചിത്രത്തിലെ പ്രൊഫസര്‍. വി. സാംബശിവന്റെ കഥാപ്രസംഗ സീനുകള്‍. പലരും കരുതിയത് സിനിമയില്‍ കാണിച്ചത് ആ കാഥിക മാന്ത്രികന്റെ ഒര്‍ജിനല്‍ വിഷ്വല്‍സ് ആണെന്നാണ്.
ചന്ദ്രബോസ് റിലീസായ ദിവസം പ്രമോഷന് കാര്യങ്ങള്‍ക്കായി ഞാന്‍ കൊച്ചിയിലായിരുന്നപ്പോള്‍, നെടുമങ്ങാട് റാണി സിനിമാസില്‍ നിന്ന് സിനിമ കണ്ടിറങ്ങി എന്നെ വിളിച്ച, ഒരു ഹാര്‍ഡ് കോര്‍ സാംബന് ഫാനായ എന്റെ അച്ഛന് ചോദിച്ചത്, ‘സാമ്പന്റെ പഴയ വീഡിയോ നിനക്കെവിടുന്ന് കിട്ടി?’ എന്നാണ്. ഈ ചോദ്യം പലരും പിന്നീട് ആവര്‍ത്തിച്ചു. വി. സാംബശിവന്റെ മരണം സംഭവിക്കുന്ന 1996-ല്‍ എനിക്ക് പതിമൂന്ന് വയസ്സാണ് പ്രായം. അപ്പോഴേക്കും അദ്ദേഹം ഏറെക്കുറെ കഥ പറഞ്ഞ് നിര്‍ത്തിയിരുന്നു.
എനിക്കൊരിക്കലും ആ കഥകള്‍ നേരിട്ട് കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നില്ല. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ വേരുകള്‍ക്ക് വളവും വെള്ളവും നല്‍കിയതില്‍ സാംബശിവന് വഹിച്ച പങ്കിനെപറ്റി അടിയുറച്ച കമ്മ്യൂണിസ്റ്റായ എന്റെ മാമന് പറഞ്ഞാണ് ഞാനാദ്യം കേള്‍ക്കുന്നത് തന്നെ.
എന്റെ കുടുംബത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞറിഞ്ഞ കഥകളിലൊന്ന്, മലയാറ്റൂരിന്റെ യന്ത്രമെന്ന കഥ പറയാന്‍ കാണികള്‍ക്ക് മുന്നില്‍ വന്ന് നിന്ന സാംബശിവന്, പലവട്ടം കേടായി അപശബ്ദം മുഴക്കിയ മൈക്കിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്രേ; ‘ഇതാണ് യന്ത്രം!’
1986 കാലഘട്ടത്തിലെ നെടുമങ്ങാടാണ് സബാഷ് ചന്ദ്രബോസില്‍ കാണിക്കുന്നത്. അന്ന് നെടുമങ്ങാട് മാത്രമല്ല, കേരളമെമ്പാടും വി. സാംബശിവന്റെ കഥ പറച്ചിലില്ലാതെ ഒരുത്സവകാലം കടന്നുപോവില്ലായിരുന്നു. അദ്ദേഹത്തിന്റെ കഥ പറച്ചിലിനെ പാടിപ്പുകഴ്ത്താത്ത ഒരാളും എന്റെ നാട്ടില്‍ ഉണ്ടായിരുന്നില്ല.
ദൂരെയെവിടേയോ സാംബശിവന്റെ കഥാപ്രസംഗം ഉണ്ടെന്ന് കേട്ട് നേരത്തെ വീട്ടില്‍ നിന്നും പുറപ്പെട്ട് വൈകി മാത്രം തിരികെയെത്തിയിരുന്ന എന്റെ നാട്ടിലെ പുരുഷന്മാര് കടവരാന്തകളിലും പെണ്ണുങ്ങള് വീട്ടകങ്ങളിലുമിരുന്ന് ആ കഥകള്‍- കഥ പറച്ചിലുകാരന് മരണപ്പെട്ട് പോയിട്ടും- പിന്നെയും ഏറെക്കാലം പറഞ്ഞാസ്വദിക്കുമായിരുന്നു. അതുകേട്ടാണ് ഞാന്‍ വളര്‍ന്നത്.
ടെലിവിഷന്റെ വരവാണ് കഥ കേള്‍ക്കാന്‍ ദൂരേക്ക് പോകാനുള്ള മലയാളിയുടെ ഇന്ററസ്റ്റിനെ തല്ലി തകര്‍ത്തത്! എല്ലാ വീട്ടിലും ടിവിപ്പെട്ടി എത്തിയില്ലെങ്കിലും എല്ലാവരും ടിവി കണ്ടിരുന്നു. അവര്‍ അപ്പുറത്തെ വീടുകളിലേക്ക് പോയിരുന്നു. എങ്കിലും ടിവി പതുക്കെ നമ്മുടെ സ്വീകരണ മുറികളെ സ്വാധീനിച്ച് തുടങ്ങിയിട്ടും തൊട്ടടുത്ത ഉത്സവപ്പറമ്പില്‍ സാംബന് കഥ പറയാന്‍ വരുന്നെന്ന് കേട്ടാല്‍ ടിവി പൂട്ടി വച്ച് ആളുകള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ പോയിരുന്നു. ആ കാലമാണ് സബാഷ് ചന്ദ്രബോസ് എന്ന എന്റെ രണ്ടാമത്തെ സിനിമയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്.
കാല് നൂറ്റാണ്ട് മുമ്പ് അന്തരിച്ച മഹാനായ ആ കലാകാരനെ അഭ്രപാളിയിലൂടെ തിരികെ കൊണ്ട് വരിക എന്ന എന്റെ ആശയത്തെ/ആഗ്രഹത്തെ പറ്റി ഞാന്‍ വിവരിക്കുമ്പോള്‍ അതെങ്ങനെ എന്ന് എനിക്കൊപ്പമുള്ളവര്‍ തന്നെ ആശങ്കപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ ആദ്യം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത് നിര്‍മ്മാതാവ് ജോളി സാറും പ്രധാന വേഷങ്ങള്‍ ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണി ചേട്ടനുമാണ്. ജോണിച്ചേട്ടനാകട്ടെ, സാംബശിവന്റെ കടുത്ത ആരാധകനുമാണ്. സബാഷ് ചന്ദ്രബോസില്‍ സാംബശിവനായി പുനരവതരിച്ചത് അദ്ദേഹത്തിന്റെ മകനായ വസന്തകുമാര്‍ സാംബശിവനാണ്. ‘അച്ഛനായി അഭിനയിക്കാന്‍’ അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. കൊല്ലത്ത് നിന്ന് ഷൂട്ടിങ്ങിനായി കൊല്ലങ്കോട് വരാനുള്ള പെട്രോള്‍ കാശ് പോലും അദ്ദേഹം വിളിച്ച ടാക്സി ഡ്രൈവറുടെ കൈയില്‍ ഞങ്ങള്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുകയായിരുന്നു.
പ്രൊഫ. വി. സാംബശിവന്റെ മുഖം അദ്ദേഹത്തിന്റെ മകനിലേക്ക് കൊണ്ട് വരാന്‍ ഏറെ ശ്രദ്ധയോടെ ഞാന്‍ പണിയെടുത്തിരുന്നു. പഴയ വീഡിയോകളും ചിത്രങ്ങളും തപ്പിയെടുത്ത് കണ്ടും വസന്തകുമാര്‍ സാംബശിവനില്‍ നിന്ന് കേട്ടറിഞ്ഞതുമൊക്കെ വച്ചാണ് ഞാന്‍ പുതിയൊരു സാംബശിവനെ ഒരുക്കിയെടുത്തത്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന, ആ കഥകളുടെ ഓഡിയോ സൂക്ഷിപ്പുകാരനായ കൊച്ചിയിലെ നിസരി മ്യൂസിക്കിന്റെ ഉടമ ഉമ്മറിക്കയും പൂര്‍ണ പിന്തുണ തന്നു.
ഞങ്ങള്‍ക്ക് സാംബശിവനെ നൂറ് ശതമാനം അതേപോലെ പുനരവതരിപ്പിക്കാന്‍ കഴിഞ്ഞോ? നൂറ് ശതമാനം തികച്ചില്ലായിരിക്കാം. എന്നാലും ഏറെക്കുറെയെങ്കിലും? അറിയില്ല. എന്തായാലും ഞാന്‍ നേരിട്ട് കണ്ടിട്ടില്ലാത്ത, കേട്ട് കേള്‍വിയില്‍ മാത്രം അറിഞ്ഞിട്ടുള്ള ഒരു പ്രതിഭയോടുള്ള എന്റെ ട്രൈബ്യൂട്ടാണ് ആ സീനുകള്‍.
ഇത്രയും ഇന്ന് കുറിക്കാന്‍ കാരണം, നടനും കോട്ടയത്തുകാരനും സര്‍വോപരി ഒരു സാംബശിവന് ഫാനുമായ ബാബുരാജ് എന്നയാള്‍ ഇന്നലെ സബാഷ് ചന്ദ്രബോസ് കണ്ടിട്ട് വിളിച്ച് ‘എങ്ങനെയാണ് വീണ്ടും സാംബശിവനെ അവതരിപ്പിക്കാന്‍ സാധിച്ചത്?’ എന്ന് ചോദിച്ചതാണ്. പലരും ചോദിക്കാറുള്ള ആ ചോദ്യത്തിന് ഇവിടെ ഇപ്പോ മറുപടി കുറിച്ചെന്ന് മാത്രം.
NP: ചിത്രീകരണം കഴിഞ്ഞ് പോയ വസന്തകുമാര്‍ ചേട്ടന് അവരുടെ കുടുംബത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ അച്ഛന്റെ വേഷത്തില്‍ ഒരു ഫോട്ടോ ഇട്ടതും അതിലെ സാമ്യത കണ്ട് കുടുംബാംഗങ്ങളില്‍ പലരും ഇമോഷണലായതും പിന്നീട് അദ്ദേഹം എന്നെ വിളിച്ച് ആവേശത്തോടെ പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. സന്തോഷം തോന്നാതിരിക്കുന്നത് എങ്ങനെ?!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]