തൃശ്ശൂര്‍: സംവിധായകന് സത്യന് അന്തിക്കാടിന്റെ വീട്ടിലേക്ക് കടന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈയില്‍ ഒരു പൂച്ചെണ്ടുണ്ടായിരുന്നു. പോയകാലത്തിന്റെ ഓര്‍മകളുടെ അടയാളം ആ വയലറ്റ് പൂക്കളിലുണ്ടായിരുന്നു എന്നത് അദ്ദേഹം മാത്രം അറിഞ്ഞ രഹസ്യം. അത് വിവരിച്ചപ്പോള്‍ സത്യന് അന്തിക്കാടിന്റെ പ്രതികരണം ഇങ്ങനെ, ‘സുരേഷിന്റെ ഓര്മ അപാരം തന്നെ’.
സത്യന് അന്തിക്കാടിന്റെ അധികം സിനിമകളിലൊന്നും സുരേഷ് ഗോപി അഭിനയിച്ചിട്ടില്ല. 1984-ല്‍ നാടോടിക്കാറ്റിന് തൊട്ടുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത ‘ശ്രീധരന്റെ ഒന്നാം തിരുമുറിവാ’ണ് സുരേഷ് ഗോപിയുടെ ആദ്യ സത്യന് ചിത്രം. ഇതിലെ നായിക നീനാ കുറുപ്പിനൊപ്പം കടന്നുവരുന്ന നിലയിലായിരുന്നു സുരേഷ് ഗോപിയുടെ ഇന്‍ട്രോ. ഈ രംഗത്തിന്റെ പശ്ചാത്തലത്തില്‍ വയലറ്റ് പൂക്കള്‍ വ്യക്തമായിക്കാണാം. ആ വയലറ്റ് നിറത്തെയാണ് പൂച്ചെണ്ടില്‍ പ്രതീകാത്മകമായി ചേര്‍ത്തതെന്ന് സുരേഷ് ഗോപി വിവരിച്ചു.
സത്യന് അന്തിക്കാടിന്റെ ഭാര്യ നിമ്മിക്കുവേണ്ടിയാണ് ഈ പൂച്ചെണ്ട് കൊണ്ടുവന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മക്കളും സംവിധായകരുമായ അഖില്‍ സത്യന്, അനൂപ് സത്യന് എന്നിവരുമായും വിശേഷം പങ്കുവെച്ചു. അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്.
കര്‍ഷകരുമായുള്ള ചര്‍ച്ച സത്യന് അന്തിക്കാടിന്റെ വീട്ടിലാകാമെന്ന് നിര്‍ദേശിച്ചത് സുരേഷ് ഗോപി തന്നെയാണ്. മന്ത്രിയെന്ന നിലയില്‍ ചര്‍ച്ചയ്ക്ക് വീട് വേദിയാക്കിയത് സന്തോഷമുള്ള കാര്യമായിരുന്നുവെന്ന് സത്യന് അന്തിക്കാട് മാതൃഭൂമിയോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]