മലയാള സിനിമാ പ്രേക്ഷകർ ഇന്നുവരെ കാണാത്ത രൂപഭാവങ്ങളോടെ ടൊവിനോ തോമസ് എത്തുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ഈയിടെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് മേളയിൽ ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ടൊവിനോ.
അദൃശ്യ ജാലകങ്ങളുടെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലെ പ്രദർശനത്തോടെ സിനിമാനുഭവത്തിന്റെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണെന്ന് ടൊവിനോ ട്വീറ്റ് ചെയ്തു. ഡോ. ബിജു എന്ന ദാർശനികൻ ഒരുക്കിയ അവിസ്മരണീയമായ യാത്രയായിരുന്നു ചിത്രമെന്നും ടൊവിനോ കുറിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ടീനാ ലോക്കിനെ ടൊവിനോ പ്രത്യേകം അഭിനന്ദിച്ചു. സിനിമയോടുള്ള അവരുടെ അഭിനിവേശവും മേൽനോട്ടത്തിലെ സൂക്ഷ്മതയും ഇത്തരം ചടങ്ങുകളെ അസാധാരണമാക്കുന്നുവെന്ന് ടൊവിനോ പറഞ്ഞു.
‘ഈ എ-കാറ്റഗറി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലെ ആദ്യ മലയാള സിനിമയാണ് ആദൃശ്യ ജാലകങ്ങളെന്നത് ഞങ്ങള്ക്ക് ഏറെ അഭിമാനമേകുന്ന നാഴികക്കല്ലാണ്! സിനിമയിൽ പരീക്ഷണങ്ങള്ക്ക് ഞങ്ങള്ക്ക് എക്കാലവും പ്രചോദനമായ മലയാളി പ്രേക്ഷകർക്ക് നന്ദി. നിങ്ങൾ അടിപൊളിയാണ്! ഞങ്ങളുടെ സിനിമയിൽ മുഴുകുകയും ചോദ്യോത്തര വേളയിൽ ആവേശപൂര്വം പങ്കുചേരുകയും ചെയ്ത പ്രേക്ഷകരാണ് നിങ്ങൾ. നിങ്ങളുടെ ഊർജവും ജിജ്ഞാസയും ഞങ്ങളുടെ കലാപരമായ യാത്രയ്ക്ക് പ്രോത്സാഹനമേകുന്നു.
അവിസ്മരണീയമായ കഥകളുടേയും സിനിമാറ്റിക് മിഴിവുകളുടെയും ശില്പിയായ രാധികാ ലാവുവിന് ഹൃദയംനിറഞ്ഞ നന്ദി. നിങ്ങൾ അതിരുകൾ കീഴടക്കുന്നു. തീവ്രമായി പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ കൊണ്ടുവരുന്നു. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നൽകിയ അചഞ്ചലമായ പിന്തുണക്ക് നന്ദി പറയുന്നു. ‘ഇൻവിസിബിൾ വിൻഡോസിൽ’ ഞങ്ങളോടൊപ്പം സഹകരിച്ച അഭിനേതാക്കൾ, കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, അഭ്യുദയകാംക്ഷികൾ എന്നിവരെ മുറുകെ ആലിംഗനം ചെയ്യുന്നു.’
തന്നെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന ശക്തിയായി, തന്റെ ഭ്രാന്തമായ സ്വപ്നങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഭാര്യയ്ക്കും നന്ദി അറിയിക്കുന്നതായി ടൊവിനോ കുറിച്ചിരിക്കുന്നു. ഈ യാത്ര തന്റേത് പോലെ പ്രേക്ഷകരുടേതുമാണെന്നും പറഞ്ഞുകൊണ്ടാണ് ടൊവിനോ കുറിപ്പ് അവസാനിപ്പിക്കുന്നത്. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങൾ’. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്. നവംബർ 3 മുതൽ 19 വരെയാണ് മേള നടക്കുന്നത്.
മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കേജ് ആണ് ചിത്രത്തിന്റെ സംഗീതം. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ഫ്ലെവിൻ എസ്. ശിവൻ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോൾ എം, മധുമിത ആർ, സിദ്ധാർഥ് കെ.പി. എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമായി പ്രവർത്തിച്ചിരിക്കുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സ് യെസ് സ്റ്റുഡിയോസും ഡി.ഐ വിസ്ത ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സും നിർവഹിച്ചിരിക്കുന്നു.
പ്രമോദ് തോമസിനാണ് സൗണ്ട് മിക്സിങ്ങിന്റെ ചുമതല. അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിംഗും കൈകാര്യം ചെയ്യുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, മാരി നോബ്രെയും എഴുതിയ വരികൾ ജോബ് കുര്യൻ, മാരി നോബ്രെ എന്നിവർ ആലപിച്ചിരിക്കുന്നു.
ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റർ ആൻഡ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ ഡി.ഒ.പി. യദു രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് ദാസ് എന്നിവരാണ്. പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ ആർ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോയും, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജുമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]