
മനസ്സകങ്ങളിൽ ഗൃഹാതുരത്വങ്ങളാൽ സർഗ്ഗാത്മകമാകുന്ന കൂടിച്ചേരലുകളാണ് സംഗീതവും കലയും സാമൂഹിക സാംസ്കാരിക ഇടപെടലുകളും കൂട്ടായ്മകളും ചേർന്ന് പ്രവാസലോകത്തെ ധന്യമാക്കുന്നത്. പ്രവാസലോകത്തുള്ള പല മലയാളികൾക്കും മലയാളത്തിൽ നിന്നുള്ള സംഗീതം എന്നത് ഒരു വിനോദം മാത്രമല്ല; അത് അവരുടെ സാംസ്കാരികപൈതൃക വേരുകളുമായുള്ള ബന്ധമാണ്. ഓരോ സംഗീത പരിപാടിയും സാമൂഹികമായ ഒത്തുചേരലുകളും നമുക്ക് നൽകുന്നത് സന്തോഷത്തിന്റെയും ഗൃഹാതുരതയുടെയും നിമിഷങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ്. ചിലർ പറയാറുണ്ട് , ‘പഴയ ഈ മലയാള പാട്ടുകൾ വീണ്ടും കേൾക്കുന്നത് എന്റെ വീടിനെ, എന്റെ നാടിനെ, എനിക്ക് ചുറ്റുമുള്ളവരെ ഓർമ്മിപ്പിക്കുന്നു, ഞാൻ ഉപേക്ഷിച്ചുപോന്ന ആളുകളുമായി ഇത് എന്നെ അടുപ്പിക്കുന്നു, എന്റെ ഓർമകളെ വീണ്ടും വീണ്ടും ആ മണ്ണിലേക്ക് കൊണ്ടുപോകുന്നു .
അത്തരമൊരു അനുഭവഭേദ്യമാവുന്ന നിമിഷങ്ങളാണ് ഗ്രാമഫോൺ ഖത്തറിന്റെ ബാനറിൽ ഡോക്ടർ റഷീദ് പട്ടത്ത് ആശയം നൽകി സംവിധാനം നിർവ്വഹിക്കുന്ന സ്മരണാഞ്ജലി സീസണുകൾ ഖത്തറിലെ പ്രവാസലോകത്ത് സമർപ്പിക്കുന്നത്. മൺമറഞ്ഞുപോയ മലയാള സംഗീത ലോകത്തെ മഹാരഥന്മാരെ പരിചയപെടുത്തിയും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും മരണമില്ലാത്ത ആ വരികളെ മാസ്മരികമായ ഒരു ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നതായിരിന്നു ഗ്രാമഫോൺ ഖത്തർ അവതരിപ്പിച്ച കഴിഞ്ഞകാല സ്മരണാഞ്ജലികൾ. മലയാള സംഗീത ആസ്വാദനരംഗത്ത് ഖത്തറിലെ സ്മരണാജ്ഞലി സീസണുകളെ വ്യതിരിക്തമാകുന്നത് പരിശുദ്ധമായ,സുതാര്യമായ അവതരണമികവ് കൊണ്ട് സത്യസന്ധവും ആത്മാർത്ഥവുമായി സംഗീതത്തിൻറെ കാതലുകളെ സ്പർശിക്കുന്നു എന്നതാണ്.
ഗാനങ്ങളെ അതിൻറെ കേവല ആസ്വാദനതലത്തിൽ നിന്നും അടർത്തിമാറ്റി ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും ഗാനം ആലപിച്ചവരെയും ജീവസുറ്റ കഥാപാത്രങ്ങൾ കണക്കെ ശ്രോതാക്കളിലേക്ക് പകർന്നുനൽകി ആസ്വാദകരുടെ ആത്മാവിലേക്ക് ശുദ്ധമായ സംഗീതത്തെ സൂക്ഷമമായി പറിച്ചുനടുകയായിരുന്നു അവതരണമികവിലൂടെ സ്മരണാഞ്ജലികൾ അടയാളപ്പെടുത്തിയത്. സംഗീതലോകത്തെ ഓരോ സ്പന്ദനങ്ങളെയും കൃത്യമായി മനസ്സിലാക്കി ശ്രോതാക്കളുടെ മനസ്സിലൂടെ കടന്നുപോയ സംഗീതലോകത്തെ അതുപോലെ പകർത്തികൊണ്ട് കൂടെ യാഥാർഥ്യങ്ങളെ കൃത്യമായി അപഗ്രഥിച്ചുകൊണ്ട് സംഗീതലോകത്ത് തഴയപ്പെട്ടവരെയും തലോടലുകളേറ്റവരെയും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിച്ചുകൊണ്ട് സുതാര്യമായ കാഴ്ചപ്പാടുള്ള വേറിട്ടൊരു സംഗീതവിരുന്നാണ് സ്മരണാഞ്ജലി കാഴ്ച്ചവെക്കുന്നത്.
കേരളീയ സാംസ്കാരിക നവോത്ഥാന മണ്ഡലത്തിൽ ആശയവും അർത്ഥവും നൽകി പ്രചോദിപ്പിച്ചതായിരുന്നു മലയാളസംഗീതലോകത്തെ മറക്കാനാവാത്ത ഈരടികൾ. ആഴത്തിലുള്ള ഗാനരചനായാലും ശ്രുതിമധുരവും സമ്പുഷ്ടവുമായ മികച്ച കാവ്യാത്മകതയാലും സ്നേഹത്തെയും പ്രകൃതിയെയും ആത്മീയതയെയും സാമൂഹികവിഷയങ്ങളെയും പ്രതിപാദിച്ചുകൊണ്ട് അഗാധവും എന്നുമെന്നും നിലനിൽക്കുന്നതുമായ ആശയതലങ്ങളാൽഎല്ലാ പ്രായത്തിലുമുള്ള ശ്രോതാക്കൾക്കും അനുഭവഭേദ്യമായിരുന്നു മലയാളസംഗീതം .സാംസ്കാരിക പൈതൃകങ്ങളെയും സാമൂഹികമായ ധാർമികതകളെയും ഒരു പരിധിവരെ ചേർത്തുപിടിച്ച് പ്രചരിപ്പിക്കുവാനും പ്രസരിപ്പിക്കുവാനും മലയാളസംഗീതത്തിന് കഴിഞ്ഞിരുന്നു ,
ഹമദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയാക് ഇന്റൻസിവിസ്റ്റ് ആയ ഡോക്ടർ റഷീദ് പട്ടത്തിന്റെ വ്യതിരിക്തമായ അവതരണമികവാണ് സ്മരണാഞ്ജലിയെ മറ്റുള്ള സംഗീതവിരുന്നുകളിൽനിന്നും വ്യത്യസ്തമാക്കുന്നത് , ഒരു ഗാനം അത് എഴുതിയവരെക്കുറിച്ചും സംഗീതം നൽകിയവരെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അത് പ്രസരിപ്പിച്ച ആശയത്തെക്കുറിച്ചും ആസ്വാദന തലത്തെക്കുറിച്ചും ഹൃദ്യമായി ആവിഷ്കരിച്ച് ആ ഗാനത്തെ ഒരു തിരശീലയിൽ എന്നപോലെ വാക്കുകൾകൊണ്ട് ജീവസുറ്റതാക്കി വരച്ചുകാട്ടുന്ന ഡോക്ടർ റഷീദ് പട്ടത്തിന്റെ മനോഹരമായ അവതരണ ശൈലിയാണ് ഗ്രാമഫോൺ സ്മരണാഞ്ജലികൾ ദോഹയിലെ സംഗീത ആസ്വാദകർക്ക് മറക്കുവാൻ കഴിയാത്ത നിമിഷങ്ങൾ സമ്മാനിച്ചത് . ആസ്വാദനത്തിന്റെ അളവുകോലുകൾ അപര്യാപ്തമായ നിമിഷങ്ങൾ സമ്മാനിച്ചാണ് കഴിഞ്ഞുപോയ സ്മരണാഞ്ജലികൾക്ക് തിരശീല വീണിരുന്നത് . “മലയാള ഗാനചരിത്രവും സിനിമാ ചരിത്രവും ഹൃദയത്തിന്റെ അറകളിലാക്കിയ ഹൃദ്രോഗവിദഗ്ധനും മാസ്റ്റേർസിനുള്ള സ്മരണാഞ്ജലിയും” എന്ന തലക്കെട്ടിലായിരുന്നു മലയാള സിനിമക്കും ഗാനങ്ങൾക്കുമുള്ള നിലവിലെ ഏറ്റവും വലിയ ഡാറ്റാ ബേസും പോർട്ടലുമായ M3DB മീഡിയയിൽ വന്ന ലേഖനം ഈ സംഗീതപരിപാടിയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ഹൃദ്രോഗവിദഗ്ദ്ധന്റെ ഹൃദയരാഗങ്ങൾ പ്രവാസ മനസ്സുകളിൽ ഒരുകുളിർ മഴയായി പെയ്തൊഴിയുന്നത് .
ഗ്രാമഫോൺ എന്ന പേരിനെ അന്വർത്ഥമാക്കും വിധം മലയാളസംഗീതത്തെ അതിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് സഹൃദയ മനസ്സുകളിലേക്ക് പകർന്നുനൽകാൻ ഒരു കൂട്ടം കലാസ്നേഹികൾ രൂപം കൊടുത്തതാണ് ഗ്രാമഫോൺ ഖത്തർ എന്ന കൂട്ടായ്മ. ഖത്തറിന്റെ മണ്ണും വിണ്ണും ലോകത്ത് അടയാളപ്പെടുത്തിയ 2022 എന്ന ചരിത്രവർഷത്തിൽ തന്നെയാണ് ഗ്രാമഫോൺ ഖത്തർ എന്ന കൂട്ടായ്മ ഖത്തറിന്റെ മലയാള സംഗീതലോകത്ത് ഉദയം ചെയ്തത് . തലമുറകളിലൂടെ കടന്നു പോകുന്ന സംഗീത ആസ്വാദക ഹൃദയങ്ങളിലേക്ക് മലയാള സംഗീതത്തെ കൂടുതൽ പരിചയപെടുത്തുവാനും അറിയുവാനും ഗ്രാമഫോൺ ഖത്തർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ് .പഴയകാല മെലഡികളുടെ ഇഴകൾ നെയ്തെടുത്തുകൊണ്ട് ഗൃഹാതുര സംഗീതത്തിന്റെ മറ്റൊരു മാസ്മരിക സായാഹ്നം സ്മരണാഞ്ജലി സീസൺ 3: രാഗ സംഗമം എന്ന തലക്കെട്ടിൽ ഈ വരുന്ന ഒക്ടോബർ 25 ,6 PM ന് വക്ര DPS ഓഡിറ്റോറിയത്തിൽ നടക്കുവാൻ പോകുകയാണ് . മറ്റു ഭാഷകളിൽ മരണമില്ലാത്ത ഈണങ്ങൾ കൊണ്ട് കയ്യൊപ്പ് പതിപ്പിച്ച അദ്വിതീയരായ സംഗീതസംവിധായകർ ഇടക്കെല്ലാം വന്ന് മലയാളത്തിൽ നമുക്ക് സമ്മാനിച്ച അനശ്വരഗാനങ്ങളിലേക്കൊരു മടക്കയാത്ര.നൗഷാദ് അലി ,എം എസ് വിശ്വനാഥൻ, സലിൽ ചൗധരി ,രവി ശങ്കർ ശർമ (രവി ബോംബെ ), കെ വി മഹാദേവൻ ,എം ബി ശ്രീനിവാസൻ ,രവീന്ദ്ര ജെയിൻ (രബീന്ദ്ര ജെയിൻ ), ശങ്കർ, ആർ കെ ശേഖർ ,പണ്ഡിറ്റ് രഘുനാഥ് സേഥ് ,ഗുണ സിങ് , വേദ്പാൽ വർമ്മ എന്നീ മഹാപ്രതിഭകൾക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചും ഉഷ ഖന്ന ,ഗണേഷ് എന്നീ പ്രതിഭകൾക്ക് സ്നേഹാദരം അർപ്പിച്ചും പ്രതിഭാധനരായ പ്രാദേശിക യുവഗായകരിലൂടെ, സംഗീതജ്ഞരിലൂടെ കാലാതീതമായ ഗാനങ്ങൾ പുനർജനിക്കുന്ന സ്മരണാഞ്ജലി സീസൺ 3 രാഗ സംഗമം മറ്റൊരു അവിസ്മരണീയമായ സംഗീതവിരുന്ന് തന്നെയായിരിക്കുമെന്നാണ് സംഗീതപ്രേമികളുടെ പ്രതീക്ഷ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]