
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം പ്രദർശനത്തിനെത്തി. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാടിന്റേതാണ് തിരക്കഥ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിലൊരുക്കിയ പൊറാട്ട് നാടകം പ്രദർശനത്തിനെത്തി. കുടുംബചിത്രങ്ങളിലെ സ്ഥിരംസാന്നിധ്യമായ സൈജു കുറുപ്പാണ് പൊറാട്ട് നാടകത്തിലെ പ്രധാനവേഷം കൈകാര്യംചെയ്തിരിക്കുന്നത്. കുറഞ്ഞകാലത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ് സൈജു കുറുപ്പ്. സ്വകാര്യ ടെലികോം കമ്പനിയുടെ സെയിൽസ് മാനേജരായി ജോലിയിൽ പ്രവേശിച്ച സൈജു അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കെത്തിയത്. മയൂഖത്തിലെ നായകനായി അരങ്ങേറിയ സൈജുവിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. പുതിയ ചിത്രം ‘പൊറാട്ട് നാടകം’, ഒ.ടി.ടി.യിൽ റിലീസായ വെബ്സീരീസ് ‘ജയ് മഹേന്ദ്രൻ’, നിർമാതാവിന്റെകൂടി വേഷത്തിലെത്തിയ ‘ഭരതനാട്യം’ സിനിമായാത്രയിലെ പുതുവിശേഷങ്ങൾ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്.
നായകനായെത്തുന്ന ‘പൊറാട്ട് നാടക’ത്തിന്റെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങാം
അന്തരിച്ച സംവിധായകൻ സിദ്ദിഖ് സാർ(സിദ്ദിഖ്) അവതരിപ്പിക്കുന്ന ചിത്രം എന്നനിലയിലാണ് പൊറാട്ട് നാടകം വരുന്നത്. സിദ്ദിഖ് സാറിന്റെ അസിസ്റ്റന്റായിരുന്ന നൗഷാദ് സാഫ്റോണാണ് ചിത്രത്തിന്റെ സംവിധാനം. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന ഒരു കുടുംബചിത്രമാണിത്. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ജോലിചെയ്യുന്ന അബു എന്ന കഥാപാത്രത്തെ ഞാനവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ എന്നെ ട്രോളാൻ ഉപയോഗിക്കുന്ന ‘പ്രാരബ്ധം സ്റ്റാർ’ എന്നപേരിനോട് നീതിപുലർത്തുന്നതാണ് ഈ കഥാപാത്രവും.
പ്രാരബ്ധം സ്റ്റാർ എന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടോ
ചെയ്ത കഥാപാത്രങ്ങളെയും സിനിമയെക്കുറിച്ചും ആളുകൾ സംസാരിക്കുന്നു എന്നതുതന്നെ വലിയസന്തോഷമുള്ള കാര്യമാണ്. അത് തമാശരൂപത്തിലാണെങ്കിലും അല്ലെങ്കിലും. ഞാൻചെയ്ത കഥാപാത്രങ്ങൾ ഇത്രയും പ്രാരബ്ധം നിറഞ്ഞതായിരുന്നുവെന്ന് ഈ ട്രോളുകളൊക്കെ കണ്ടപ്പോഴാണ് മനസ്സിലാകുന്നത്.
കൈനിറയെ സിനിമകളുണ്ട്. എങ്ങനെയാണ് സൈജു സിനിമ തിരഞ്ഞെടുക്കുന്നത്
സാധാരണ പ്രേക്ഷകനായിട്ടാണ് ഓരോ കഥയും കേൾക്കുക. ആ സമയം അത് എന്നെ എന്റർടെയ്ൻ ചെയ്യിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും നോക്കുക. ഇഷ്ടമായാൽ ഓക്കെ പറയും. ചിലപ്പോൾ ചില തിരഞ്ഞെടുപ്പുകൾ വിജയിച്ചെന്നുവരില്ല. പരാജയപ്പെട്ടത് അത്ര മോശം സെലക്ഷനാണെന്നും തോന്നിയിട്ടില്ല. ഉദാഹരണത്തിന് ഭരതനാട്യം എന്ന ചിത്രം. തിയേറ്ററിൽ വിചാരിച്ചരീതിയിൽ വിജയംവന്നില്ല. എന്നാൽ, ഒ.ടി.ടി.യിൽ റിലീസായപ്പോൾ മികച്ചപ്രതികരണം കിട്ടി.
അവസരം ചോദിച്ചുവാങ്ങാറുണ്ടെന്ന് സൈജു മുൻപുപറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണോ
തീർച്ചയായും. ഇപ്പോഴും അവസരംചോദിക്കാറുണ്ട്. നമ്മുടെ ജോലി ഇതല്ലേ, അതുകൊണ്ട് മടികാണിക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ തോന്നൽ. സമീപകാലത്തുവരെ അങ്ങനെ വേഷങ്ങൾ ചോദിച്ചുവാങ്ങിയിട്ടുണ്ട്. ഓസ്ലറിലെ കഥാപാത്രവും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദാവീദ് എന്ന ചിത്രത്തിലെ വേഷവും അങ്ങനെ വാങ്ങിയതാണ്. ദാവീദിൽ ആദ്യം ചെറിയവേഷമായിരുന്നു എനിക്ക്. വലിയവേഷംചെയ്യുന്ന നടൻ തിരക്കുകാരണം പിന്മാറിയപ്പോൾ സംവിധായകൻ ഗോവിന്ദ് വിഷ്ണു ഏറെ സമ്മർദത്തിലായി. അദ്ദേഹത്തിന്റെ വിഷമംകണ്ടപ്പോൾ ആ റോൾ ഞാൻ ചെയ്തോട്ടെയെന്ന് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ ഓക്കെ പറഞ്ഞു.
’ഭരതനാട്യ’ത്തിൽ നിർമാതാവിന്റെ റോളിലും കണ്ടു
സിനിമയിൽവന്ന കാലംതൊട്ടേ നിർമാതാവാകുക എന്ന ആഗ്രഹമുണ്ട്. കൃഷ്ണദാസിന്റെ കഥകേട്ടപ്പോൾത്തന്നെ ഇഷ്ടമായി. മുൻപേ കേട്ടിരുന്നുവെങ്കിലും അന്ന് തിരക്കിലായിരുന്നു. അങ്ങനെയിരിക്കേ ദുബായിൽവെച്ച് നിർമാതാവ് തോമസ് തിരുവല്ല ചേട്ടനെ കണ്ടു. കഥ വല്ലതുമുണ്ടോ എന്നദ്ദേഹം ചോദിച്ചു. ഞാൻ ഈ കഥയുടെ കാര്യം പറഞ്ഞു. അങ്ങനെയാണ് ഭരതനാട്യത്തിന്റെ തുടക്കം. സിനിമ തുടങ്ങാൻസമയം നിർമാണത്തിൽ ഞാനും പങ്കാളിയായിക്കോട്ടെ എന്നുചോദിച്ചു. അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ലായിരുന്നു. അങ്ങനെ ഞാനും നിർമാണത്തിൽ പങ്കാളിയായി.
വെബ് സീരീസിലും നായകനാണിപ്പോൾ
ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസ് സോണി ലിവിലാണ് റിലീസ് ചെയ്തത്. കണ്ടിട്ട് പലരും വിളിച്ച് നന്നായെന്ന് പറഞ്ഞു. ഒ.ടി.ടി.യിൽ ഭരതനാട്യത്തിനൊപ്പം ജയ് മഹേന്ദ്രനും മികച്ചപ്രതികരണം കിട്ടിയപ്പോൾ ഏറെ സന്തോഷംതോന്നി. പല്ലൊട്ടി നയന്റീസ് കിഡ്സ്, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു. കുട്ടികളുടെ സൗഹൃദത്തിന്റെ കഥയാണ് പല്ലൊട്ടി പറയുന്നത്. ഇൻവെസ്റ്റിക്കേഷൻ ത്രില്ലറാണ് ആനന്ദ് ശ്രീബാല. ഈ സിനിമകളും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]