വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്ററായിരുന്നു നാല് കൊല്ലം മുമ്പുവരെ ക്രിസ് ഗെയ്ൽ. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ൽ 2019-ലാണ് ഏകദിനക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ് വിട്ടെങ്കിലും വെറുതേയിരിക്കാൻ തയ്യാറല്ലാതിരുന്ന ഗെയ്ൽ കൈ വെച്ചത് സംഗീതരംഗത്താണ്. തന്റെ പുതിയ സംഗീത ആൽബം ഗ്രാമി പുരസ്കാരത്തിന് അയച്ചിരിക്കുകയാണ് അദ്ദേഹം.
2022-ൽ ചെയ്ത ട്രോപ്പിക്കൽ ഹൗസ് ക്രൂസസ് റ്റു ജമൈക്ക: ദ ഏഷ്യൻ എഡിഷൻ എന്ന സംഗീത ആൽബമാണ് ക്രിസ് ഗെയ്ൽ ഗ്രാമി അവാർഡിന് അയച്ചിരിക്കുന്നത്. തങ്ങൾക്കുവേണ്ടി ഒരു ആൽബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയിൽ നിന്നുള്ള ബിൽബോർഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീപിക്കുകയായിരുന്നെന്ന് ഗെയ്ൽ ന്യൂസ് 18യോട് പ്രതികരിച്ചു.
രണ്ടുഗാനങ്ങളാണ് ട്രോപ്പിക്കൽ ഹൗസ് ക്രൂസസ് റ്റു ജമൈക്കയിൽ ക്രിസ് ഗെയ്ൽ ആലപിച്ചത്. ഗ്രാമി പുരസ്കാര ജേതാവായ ലോറിൻ ഹിൽ, മോർഗൻ ഹെറിറ്റേജ്, കേപ്പിൾട്ടൺ, സിസ്സ്ല എന്നിവരാണ് ആൽബത്തിൽ ഗെയ്ലിനൊപ്പമുള്ള മറ്റു ഗായകർ. ഗിമ്മീ യുവർ ലവ്, ചോക്കോ ലോക്കോ റീമിക്സ് എന്നീ ഗാനങ്ങളാണ് ക്രിസ് ഗെയ്ൽ ആലപിച്ചത്. ആൽബത്തിന് ഗ്രാമി നാമനിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിസ് ഗെയ്ൽ പ്രതീക്ഷ പങ്കുവെച്ചു.
“ലോക്ക്ഡൗൺ കാലത്താണ് സംഗീതജ്ഞനായുള്ള യാത്ര തുടങ്ങിയത്. സ്റ്റൈലോ ജി എന്ന യുകെയിൽ നിന്നുള്ള കലാകാരനെ പരിചയപ്പെട്ടതുമുതലാണ് സംഗീതം എന്ന ആഗ്രഹം തീവ്രമായത്. ഒരുമിച്ച് ജോലി ചെയ്യാമെന്നായിരുന്നു സ്റ്റൈലോ പറഞ്ഞത്. അദ്ദേഹവുമൊത്ത് ചെയ്ത പാട്ടുകേട്ടപ്പോഴാണ് ഞാനാ കലാരൂപത്തെ പ്രണയിക്കാൻ തുടങ്ങിയത്. ഇന്നെനിക്ക് സ്വന്തമായി ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ്സ് എന്ന പേരിൽ മ്യൂസിക് ലേബലും വീട്ടിൽ സ്വന്തമായി സ്റ്റുഡിയോയുമുണ്ട്.” ക്രിസ് ഗെയ്ൽ പറഞ്ഞു.
ക്രിക്കറ്റ് തനിക്ക് ശരിക്കും നല്ലതായിരുന്നു. എന്നിരുന്നാലും ഇപ്പോൾ സംഗീതത്തിൽ കൂടുതൽ സമയവും ഊർജവും ചെലവിടാനാണ് ആഗ്രഹിക്കുന്നത്. എമിവേ ബന്തായ്, ആർക്കോ എന്നീ രണ്ട് ഇന്ത്യൻ കലാകാരന്മാർക്കൊപ്പം സഹകരിക്കുന്നുണ്ട്. ഷാഗി, ഷോൺ പോൾ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കണം. ഇന്ത്യയിൽ നിന്ന് ജമൈക്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി ജമൈക്കൻ സർക്കാരിന്റെ സാംസ്കാരിക അംബാസഡറായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.