ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ചു നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള “കിം ജിസോക്ക്” പുരസ്കാരം, ന്യൂട്ടൺ സിനിമ നിർമ്മിച്ച ‘പാരഡൈസ്’ നേടി. വിഖ്യാത ശ്രീലങ്കൻ ചലച്ചിത്രകാരനായ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത് ബുസാൻ ചലച്ചിത്ര മേളയിലാണ്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം പ്രമുഖ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണു ‘പാരഡൈസ്’ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നത്.
2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ വിലക്കയറ്റവും ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് പാരഡൈസിനു പശ്ചാത്തലമാകുന്നത്. ഈ കാലയളവിൽ ശ്രീലങ്കയിൽ തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ എത്തുന്ന മലയാളികളായ ടി.വി പ്രൊഡ്യൂസർക്കും വ്ലോഗറായ അയാളുടെ ഭാര്യയ്ക്കും നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെയും വിചിത്രമായ അനുഭവങ്ങളുടെയും കഥ പറയുന്ന ‘പാരഡൈസ്’ പ്രേക്ഷകർക്ക് ഒരേ സമയം ഉദ്വേഗഭരിതവും വത്യസ്തവുമായ ഒരു ചലച്ചിത്രാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ നിലനിൽക്കുന്ന വംശീയ ഉച്ചനീചത്വങ്ങൾ പ്രതിപാദിക്കുന്ന ചിത്രത്തിൽ രാമായണത്തിലെ ശ്രദ്ധേയമായ സംഭവങ്ങളും സ്ഥലങ്ങളും കഥാഗതിയുടെ ഭാഗമാകുന്നുണ്ട്.
അന്തരിച്ച പ്രിയപ്പെട്ട സുഹൃത്ത് കിം ജിസോക്കിന്റെ പേരിൽ ഒരു പുരസ്കാരം ലഭിക്കുന്നത് വൈകാരികമായ ഒരനുഭവമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രസന്ന വിത്താനഗെ അഭിപ്രായപ്പെട്ടു. 28 വർഷം മുൻപ് ആദ്യമായി തന്റെ ചിത്രം ബുസാൻ ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുത്തത് കിം ആയിരുന്നു എന്നും , ഏഷ്യയിൽ നിന്നുള്ള എല്ലാ ചലച്ചിത്രകാരന്മാരുടെയും അടുത്ത സുഹൃത്തായിരുന്നു കിം ജിസോക്ക് എന്നും അദ്ദേഹം അനുസ്മരിച്ചു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റോ ചിറ്റിലപ്പള്ളിയോടും നിർമ്മാണ കമ്പനിയായ ന്യൂട്ടൺ സിനിമയോടും ചിത്രം അവതരിപ്പിക്കുന്ന മണിരത്നത്തോടും മദ്രാസ് ടാക്കീസിനോടും പാരഡൈസിന്റെ അണിയറപ്രവർത്തകരോടും നന്ദി അറിയിച്ചു കൊണ്ടാണ് പ്രസന്ന വിത്താനഗെ പുരസ്കാര വാർത്തയോട് പ്രതികരിച്ചത്. ഏഷ്യൻ സിനിമയിലെ മികച്ച ചിത്രങ്ങൾക്ക് നൽകി വരുന്ന ‘NETPAC’ പുരസ്കാരം അഞ്ചു തവണ നേടിയ ഏക സംവിധായകനാണ് ശ്രീലങ്കൻ സ്വദേശിയായ പ്രസന്ന വിത്താനഗെ.
സാമൂഹിക സാമ്പത്തിക അസ്ഥിരതകൾ തുടർക്കഥയാകുന്ന സ്വർഗതുല്യമായ ഒരു നാട്ടിൽ ആൺ-പെൺ ബന്ധങ്ങളുടെ പുനർവിചിന്തനങ്ങളും ഇതിഹാസങ്ങളുടെ പുനർവായനകളും സംഭവിക്കുമ്പോഴാണ് ‘പാരഡൈസ്’ പോലുള്ള സൃഷ്ടികളുണ്ടാകുന്നതെന്ന് പ്രശസ്ത സംവിധായകനും മദ്രാസ് ടാക്കീസിന്റെ അമരക്കാരനുമായ മണിരത്നം ചിത്രത്തെക്കുറിച്ച് സംസാരിക്കവേ അഭിപ്രായപ്പെട്ടു.
പാരഡൈസിന്റെ ആദ്യ പ്രദർശനം തന്നെ പുരസ്കാരം സമ്മാനിച്ചതിന്റെ സന്തോഷത്തിലാണു ന്യൂട്ടൺ സിനിമയുടെ പ്രവർത്തകർ. കൂടുതൽ പ്രേക്ഷകരിലേയ്ക്ക് സിനിമയെ എത്തിക്കാനുള്ള തങ്ങളുടെ പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം വലിയ ഊർജ്ജമായിരിക്കുമെന്നും ബുസാനിലെ പ്രദർശനവേദികളിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകർ സിനിമയെ സ്വീകരിച്ചതുപോലെ ലോകമെമ്പാടുമുള്ള പ്രേക്ഷകരും പാരഡൈസ് സ്വീകരിക്കുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും ന്യൂട്ടൺ സിനിമയുടെ സി. ഇ. ഒ. ആന്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന പാരഡൈസിന്റെ, ചിത്രസംയോജനം ശ്രീകർ പ്രസാദാണ്. “കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിനു ശബ്ദസന്നിവേശം ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്. അന്തരിച്ച ഫെസ്റ്റിവൽ ഡയറക്ടർ കിം ജിസോക്കിന്റെ സ്മരാണാർത്ഥം 2017ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം എഷ്യൻ സിനിമയിലെ സമകാലീന മികവുകളെയും വത്യസ്തമായ ശ്രമങ്ങളെയും അംഗീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൽകി വരുന്നത്.
ന്യൂട്ടൺ സിനിമയെക്കുറിച്ച്
സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന കഥകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റോ ചിറ്റിലപ്പിള്ളി, സനിതാ ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് 2020ൽ ആഗോള സിനിമ നിർമ്മാണ കമ്പനിയായ ന്യൂട്ടൺ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്, ബോസ്റ്റൺ, സാൻഫ്രാൻസിസ്കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണു ന്യൂട്ടൺ സിനിമ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]