1970-കളിൽ ഇറാനിൽ ആരംഭിച്ച നവതരംഗ സിനിമയുടെ അമരക്കാരിലൊരാൾ. ഇത്രയും മതി, വിശേഷണങ്ങൾ അധികം വേണ്ട ദാരിയുഷ് മെഹർജുയി എന്ന ചലച്ചിത്രകാരന്. സാഹിത്യകൃതികൾ അടിസ്ഥാനമാക്കിയായിരുന്നു ദാരിയുഷിന്റെ ചിത്രങ്ങൾ. അതിലേറെയും ഇറാനിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുമുള്ള നോവലുകളും നാടകങ്ങളും. പ്രമേയംകൊണ്ടും അവതരണശൈലികൊണ്ടും വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ, നിരവധി പുരസ്കാരങ്ങൾ. ഒടുക്കം ഭാര്യ വഹീദയ്ക്കൊപ്പം അജ്ഞാതന്റെ കത്തിമുനയിൽ അന്ത്യം. സ്വന്തം സിനിമകളെ വെല്ലുന്ന ദുരൂഹതയാണ് നിനച്ചിരിക്കാത്ത നേരത്ത് ദാരിയുഷ് മെഹർജുയിക്ക് കാലം കാത്തുവെച്ചത്.
1939 ഡിസംബർ എട്ടിന് ടെഹ്റാനിലെ മധ്യവർത്തി കുടുംബത്തിലായിരുന്നു ദാരിയുഷിന്റെ ജനനം. മിനിയേച്ചർ പെയിന്റിംഗുകൾ വരയ്ക്കുന്നതിലും സംഗീതത്തിലും സന്തൂർ, പിയാനോ എന്നിവ വായിക്കുന്നതിലും അതീവ താത്പര്യം കാണിച്ചിരുന്നു. എങ്കിലും സിനിമ കാണുന്നതിൽ പ്രത്യേകിച്ച് മൊഴിമാറ്റം ചെയ്യാത്ത അമേരിക്കൻ ചിത്രങ്ങൾ കാണാൻ സ്ഥിരമായി പോകും. ഈ സിനിമകൾ ആസ്വദിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയതും. വിട്ടോറിയോ ഡി സികയുടെ ബൈസിക്കിൾ തീവ്സ് ആണ് ആ ബാലന്റെ മനസിൽ ആഴ്ന്നിറങ്ങിയ ചിത്രം.
12-ാം വയസിൽ സ്വന്തമായി 35 എംഎം പ്രൊജക്റ്റർ നിർമിച്ച് ദാരിയുഷ് ഏവരേയും അമ്പരപ്പിച്ചു. രണ്ട് ഫിലിം റീലുകൾ വാടകയ്ക്കെടുത്ത് അടുത്ത വീട്ടുകാർക്കും കൂട്ടുകാർക്കുമായി സിനിമാ പ്രദർശനം നടത്തിയ ചരിത്രമുണ്ട് ഈ ചലച്ചിത്രകാരന്. 1959-ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ സിനിമാ പഠനം. 1964-ൽ പർസ് റിവ്യൂ എന്ന പേരിൽ ഒരു മാഗസിനും നടത്തി. 1965-ൽ മാധ്യമപ്രവർത്തകനായും തിരക്കഥാകൃത്തായും ജോലി നോക്കി. 1966 മുതൽ 1968-വരെ ടെഹ്റാൻ സെന്റർ ഫോർ ഫോറിൻ ലാംഗ്വേജിൽ അധ്യാപകനുമായി. ഇക്കാലയളവിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രമായ ഡയമണ്ട് 33 പുറത്തിറങ്ങുന്നത്. 1966-ൽ പുറത്തിറങ്ങിയ ചിത്രം ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായിരുന്നു. വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടു.
പക്ഷേ രണ്ടാമത്തെചിത്രത്തിലൂടെ ഇറാൻ നവതരംഗസിനിമകൾക്ക് തുടക്കമിട്ടു ദാരിയുഷ്. ഗാവ് (ദ കൗ) ആയിരുന്നു ആ ചിത്രം. 1969-ൽ പൂർത്തിയാക്കിയ ചിത്രത്തിന് പക്ഷേ ഒരു വർഷത്തിലേറെ ഇറാനിലെ കലാ സാംസ്കാരിക മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിസന്ധികൾ തരണം ചെയ്ത് 1970-ൽ ദ കൗ പ്രദർശനത്തിനെത്തിയപ്പോൾ ലഭിച്ച സ്വീകരണം അഭൂതപൂർവമായിരുന്നു. ഇറാനിയൻ സാഹിത്യകാരൻ ഗുലാം പൊസ്സേൻ സയേദിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം ഇന്നും ലോക ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട്.
മസൂദ് കിമിയായിയുടെ ക്വയ്സർ, നാസർ തഖ്വായിയുടെ ട്രാങ്കുലിറ്റി ഇൻ ദ പ്രസൻസ് ഓഫ് അദേഴ്സ് എന്നിവയ്ക്കൊപ്പം, ഇറാനിയൻ ന്യൂ വേവ് പ്രസ്ഥാനത്തിന് തുടക്കമിട്ട ചിത്രമാണ് ഗാവ്. ഇറാനിയൻ സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായും ഈ ചിത്രം കണക്കാക്കപ്പെടുന്നു. ആധുനിക ഇറാനിയൻ സിനിമ ആരംഭിക്കുന്നത് ദാരിയുഷ് മെഹർജുയിയിൽ നിന്നാണെന്ന് പറയാം. റിയലിസം, പ്രതീകാത്മകത, ആർട്ട് സിനിമയുടെ സംവേദനശക്തി എന്നിവ മെഹർജുയി ചിത്രങ്ങളുടെ സവിശേഷതകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾക്ക് റോസ്സെലിനി, ഡി സിക്ക, സത്യജിത് റേ എന്നിവരുടെ ശൈലിയുമായി സാമ്യമുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇറാൻ നഗരത്തിന്റെ അസംതൃപ്തികളിലേക്ക് ക്യാമറ തിരിച്ചുവെച്ച ചലച്ചിത്രകാരനായിരുന്നു ദാരിയുഷ് മെഹർജുയി.
ദ പോസ്റ്റ്മാൻ, സൈക്കിൾ, പാരി, ലൈല, ദ പിയർ ട്രീ, ദ ഓറഞ്ച് സ്യൂട്ട്, ഗോസ്റ്റ്സ് തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ അദ്ദേഹം സിനിമാപ്രേമികൾക്ക് സമ്മാനിച്ചു. 2020-ൽ സംവിധാനം ചെയ്ത ലാ മൈനർ ആണ് അവസാനചിത്രം. ഏതോ അജ്ഞാതന്റെ കത്തിമുനയ്ക്കിരയായി ജീവൻ വെടിയുമ്പോൾ തിരശ്ശീല വീഴുന്നത് ഇറാനിയൻ സിനിമയ്ക്ക് പുതിയ ഭാഷ്യവും മാനവും നൽകിയ നവ സിനിമാ തരംഗത്തിനും കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]