മുംബൈ: ജാഗരണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടി ജയരാജ് കോഴിക്കോട്. ‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ അഭിനത്തിനാണ് പുരസ്കാരം. ബോളിവുഡ് നടി റാണി മുഖര്‍ജിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘മിസിസ് ചാറ്റര്‍ഡി വേഴ്സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖര്‍ജിയ്ക്ക് അംഗീകാരം ലഭിച്ചത്.
മുംബൈയിലാണ് ജാഗരണ്‍ ഫെസ്റ്റിവല്‍ 2023 നടന്നത്. സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്ക് സംവിധായകന് സുഭാഷ് ഗായിക്ക് ഇന്ത്യന്‍ സിനിമാ പുരസ്കാരം നല്കി. മനീഷ് മുദ്രയാണ് മികച്ച സംവിധായകന്. ‘സിയ’ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
നാടക-സിനിമാ ജീവിതം അന്പതാണ്ടുകള് പിന്നടുമ്പോഴാണ് ജയരാജ് കോഴിക്കോടിനെ നായക വേഷം തേടിയെത്തിയത്. മമ്മൂട്ടി നായകനായ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തിലാണ് ജയരാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇരുനൂറോളം നാടകങ്ങളിലും നൂറിലേറെ സിനിമകളിലും വേഷമിട്ടു കഴിഞ്ഞു. കോഴിക്കോട്ടെ കാബറെ നൃത്തവേദികളില്‍ ഡ്രമ്മറായും പല ഓര്‍ക്കസ്ട്രകളില്‍ ജാസ്-ഡ്രം വാദകനായും മാജിക് ട്രൂപ്പുകളില്‍ പലപല റോളുകളിലും അദ്ദേഹത്തെ ഈ നഗരം കണ്ടു. മൈം, ടെലിഫിലിമുകള്‍, സൗണ്ട് ഇഫക്ട് എന്നിവയിലും മുദ്രപതിപ്പിച്ച ജയരാജന് എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് ‘എസ്.കെ.യുടെ മണ്ണും മനസ്സും’ എന്ന ഡോക്യുമെന്ററിയൊരുക്കിയിട്ടുണ്ട്. ദൂരദര്‍ശനിലാണ് അത് സംപ്രേഷണം ചെയ്തത്.
എന്നും നന്മകള്, എന്റെ വീട് അപ്പൂന്റേം, കഥാപുരുഷന്, പാഠം ഒന്ന് ഒരു വിലാപം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട്, പെരുമഴക്കാലം, നരന്, വിനോദയാത്ര, മീശമാധവന്, മുല്ലവള്ളിയും തേന്മാവും, പാലേരിമാണിക്യം, നീലത്താമര, പാപ്പി അപ്പച്ചാ, വൈറസ് എന്നിങ്ങനെ പല സിനിമകളിലും മിന്നിമായുന്ന വേഷങ്ങള്‍ചെയ്ത ജയരാജന് കൂട്ടുകാര്‍ക്കിടയില്‍ സി.പി. എന്നൊരു വിളിപ്പേരുണ്ട്. ചായപ്പീടിക എന്നതിന്റെ ചുരുക്കമാണത്. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചായയടിച്ചയാള് ജയരാജനാണെന്നാണ് സുഹൃത്തുക്കളുടെ നിരീക്ഷണം. വേഷങ്ങളെന്തായാലും ജോഷി, സിബിമലയില്‍, സത്യന് അന്തിക്കാട്, അടൂര്ഗോപാലകൃഷ്ണന്, പ്രിയദര്ശന്, കമല്‍, രഞ്ജിത്, ടി.വി. ചന്ദ്രന്, വി.കെ. പ്രകാശ്, ലാല്‍ജോസ്, ആഷിഖ് അബു തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ പ്രവര്‍ത്തിച്ചുവെന്നത് വിലയേറിയ അനുഭവമായി കാണുന്നു ഈ നടന്. പ്രിയദര്‍ശന്റെ ‘ഓളവും തീരവും’, ബി. ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ എന്നിവയുള്‍പ്പെടെ ആറു ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.
‘ഹെലന്’ എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് ജനനം: 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ നായകവേഷത്തിലേക്ക് ജയരാജിനെ സംവിധായകന് അഭിജിത് അശോകന് വിളിച്ചത്. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചതും അഭിജിത് അശോകനാണ്. അനു സിത്താര, നോബി, ഇര്‍ഷാദ് തുടങ്ങിയവരും സിനിമയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]