ഒരുപിടി തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മെഹ്റീൻ പിർസാദ. ഈയിടെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തുവന്ന സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലൂടെ ഓ.ടി.ടി ലോകത്തേക്കും അവർ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തേക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന പ്രയോഗത്തേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് മെഹ്റീൻ.
അടുത്തിടെയാണ് സുൽത്താൻ ഓഫ് ഡൽഹിയിലൂടെ ഓ.ടി.ടി രംഗത്തേക്ക് പ്രവേശിച്ചതെന്ന ആമുഖത്തോടെ ഔദ്യോഗിക എക്സ് പേജിൽ എഴുതിയ കുറിപ്പിലാണ് ഈ വെബ്സീരീസിലെ ഒരു ബലാത്സംഗ രംഗത്തിൽ അഭിനയിച്ചതിനേക്കുറിച്ച് മെഹ്റീൻ പിർസാദ വ്യക്തമാക്കുന്നത്. തന്റെ ആരാധകർ സീരീസ് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും അവരെഴുതി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് കലയും തൊഴിലുമാണ്. അതുകൊണ്ടുതന്നെ കഥയുടെ ഭാഗമായിട്ടുള്ള ഇഷ്ടമില്ലാത്ത സീനുകളും അവർക്ക് ചെയ്യേണ്ടിവരുന്നുവെന്ന് മെഹ്റീൻ ചൂണ്ടിക്കാട്ടുന്നു.
സുൽത്താൻ ഓഫ് ഡൽഹിയിൽ അതിക്രൂരമായ ഒരു ഭർതൃബലാത്സംഗ രംഗമുണ്ട്. എന്നാൽ ഇതുപോലൊരു ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും കിടപ്പറരംഗമെന്ന് വിശേഷിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ ഇത് നിസ്സാരമാക്കുകയാണ്.
ഇത്തരം ചർച്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. തങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന് ഇവർ മനസ്സിലാക്കണം. അവരുടെ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു ആഘാതത്തിലൂടെ ഒരിക്കലും കടന്നുപോകരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകൾ തന്നെ അരോചകമാണ്.
ഒരു നടി എന്ന നിലയിൽ ഈ കഥാപാത്രത്തോട് നീതി പുലർത്തേണ്ടത് എന്റെ ജോലിയാണ്. കൂടാതെ മിലൻ ലുത്രിയ സാർ സംവിധാനം ചെയ്ത സുൽത്താൻ ഓഫ് ഡൽഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗിനിടെ അഭിനേതാക്കളായ ഞങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവർ. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ശ്രമിക്കുമെന്നും മെഹ്റീൻ കൂട്ടിച്ചേർത്തു.
2016-ൽ കൃഷ്ണഗാഡി വീര പ്രേമഗാഥ എന്നചിത്രത്തിലൂടെയാണ് മെഹ്റീൻ പിർസാദ ചലച്ചിത്രലോകത്തെത്തിയത്. തുടർന്ന് മഹാനുഭാവുഡു, രാജ ദ ഗ്രേറ്റ്, ജവാൻ, പന്തം, ചാണക്യ, അശ്വത്ഥാമാ, തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നെഞ്ചിൽ തുണിവിരുന്താൽ, പട്ടാസ് എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഫിലൗരി എന്ന ബോളിവുഡ് ചിത്രത്തിലും ഡി.എസ്.പി ദേവ്, അർദബ് മുഠിയാരാൻ എന്നീ പഞ്ചാബി ചിത്രങ്ങളിലും അവർ വേഷമിട്ടു.
Content Highlights: actor mehreen pirzada tweet, mehreen pirzada about marital rape In web series
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]