അനവധി സിനിമകളിൽ തന്റെ അമ്മയായെത്തിയ കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹൻലാൽ. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെന്ന് അദ്ദേഹം കുറിച്ചു.
മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]