
സ്നേഹവാത്സല്യങ്ങളുടെ നിറകുടങ്ങളായ ഒരുപാട് അമ്മമാരെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് കവിയൂർ പൊന്നമ്മ. മിക്കവാറും ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ട അമ്മമാർ. ഏറെ ആഘോഷിക്കപ്പെട്ടവയാണ് അവയെല്ലാം.
എന്നാൽ എനിക്കിഷ്ടം അൽപ്പം വശപ്പിശകുള്ള ഒരമ്മയെയാണ്: “ത്രിവേണി”യിലെ പാറോതിയമ്മ.
പത്തു വർഷം മുൻപ് “ചക്കരപ്പന്തൽ” എന്ന ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണവേളയിൽ ഈ ഇഷ്ടം നേരിട്ട് പറഞ്ഞപ്പോൾ പൊന്നമ്മച്ചേച്ചിയുടെ മുഖത്തുണ്ടായ ഭാവപ്പകർച്ച ഓർമ്മയുണ്ട്. “സത്യം പറയാമല്ലോ മോനെ, എനിക്കൊട്ടും ഇഷ്ടം തോന്നാത്ത വേഷമാണത്. വിൻസന്റ് മാഷ് നിർബന്ധിച്ചതുകൊണ്ട് അഭിനയിച്ചു എന്നേയുള്ളൂ. നല്ല അമ്മയായി മാത്രം എന്നെ സ്ക്രീനിൽ കാണാൻ ആഗ്രഹിച്ചവർക്ക് വലിയ വിഷമമുണ്ടാക്കി ആ റോൾ.”
അത്ഭുതം തോന്നിയില്ല. ഒരേ രൂപഭാവങ്ങളുള്ള അമ്മക്കഥാപാത്രങ്ങളുമായി അതിനകം വേർപിരിക്കാനാവാത്ത ഹൃദയബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു ആ അനുഗൃഹീത നടി. സുദീർഘമായ അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങൾ അത്യപൂർവ്വമായേ അവരെ തേടിയെത്തിയുള്ളൂ. അത്തരമൊരു വ്യത്യസ്തത അവർ ആഗ്രഹിച്ചിരുന്നുവോ എന്നും സംശയം. മക്കളുടെ തലമുറകൾ മാറി വന്നാലും അമ്മയുടെ സ്നേഹം കുറയില്ലല്ലോ എന്ന മറുചോദ്യത്തിൽ അടങ്ങിയിരുന്നു എല്ലാം. “നല്ല അമ്മയായി എന്നെ കാണാനാണ് മലയാളികൾ എന്നും ആഗ്രഹിച്ചത്. മരിച്ചുപോയ സ്വന്തം അമ്മയായിപ്പോലും എന്നെ കാണുന്നവർ നിരവധിയുണ്ട്. എന്തിനവരെ നിരാശരാക്കണം?”
കവിയൂർ പൊന്നമ്മ അന്തരിച്ചു
എന്നാൽ തോപ്പിൽ ഭാസിയുടെ കഥയിലെ പാറോതി “തെറിച്ചി”യാണ്. ദാമോദരൻ മുതലാളിയുടെ കയർ കമ്പനിയിലെ ജോലിക്കാരി. സത്യൻ അവതരിപ്പിക്കുന്ന വൃദ്ധനും വിഭാര്യനും അത്യാവശ്യം സ്ത്രീലമ്പടനുമായ ദാമോദരൻ മുതലാളി ഒരു ദിവസം പാറോതിയെ വിളിച്ചുവരുത്തി ഉള്ളിലെ രഹസ്യമോഹം പങ്കുവെക്കുന്നു:
“എന്റെ ഭാര്യ മരിച്ച ശേഷം ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്. എന്നാൽ ഇപ്പോൾ ഒരാഗ്രഹം. അത് നിന്നോട് തുറന്നു പറയുകയാണ്. ഇഷ്ടമുണ്ടെങ്കിൽ സമ്മതിച്ചാൽ മതി.”
ലജ്ജാവിവശയായി കാൽനഖം കൊണ്ട് കളം വരച്ചുകൊണ്ട് മധ്യവയസ്കയായ പാറോതിയുടെ മറുപടി: “മൊതലാളിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞാൻ സമ്മതിക്കണ്ടേ?”
സ്വന്തം സ്വത്തുക്കൾക്ക് ഒരു അവകാശി വേണമെന്ന നിർബന്ധമുള്ളതിനാലാണ് ഈ പ്രായത്തിൽ വിവാഹിതനാകാൻ തീരുമാനിച്ചതെന്ന് മുതലാളി. “വയസ്സുകാലത്ത് മറ്റെങ്ങും പോകാൻ വയ്യ. അതുകൊണ്ടാണ് നിന്നോട് പറയുന്നത്.”
പാറോതിക്കെന്ത് വിരോധം? മുതലാളിയുടെ പട്ടമഹിഷിയായി മാറി അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കുന്നത് സ്വപ്നം കണ്ടു വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ ഒപ്പം ജോലിയെടുക്കുന്ന തൊഴിലാളികളെയും മേസ്തിരിയെയും വിരട്ടാൻ മടിക്കുന്നില്ല അവർ. മുതലാളി മണവാട്ടിയായി ഉദ്ദേശിച്ചത് തന്നെയല്ല തന്റെ മകൾ തങ്കമ്മയെ ആണെന്ന് പാവം പാറോതിയുണ്ടോ അറിഞ്ഞു ?
ദാമോദരൻ മുതലാളിയിൽ നിന്ന് ആ സത്യമറിഞ്ഞപ്പോൾ പാറോതിയുടെ മുഖത്ത് വിരിഞ്ഞ നിരാശയും ഞെട്ടലും ഇന്നുമുണ്ട് ഓർമ്മയിൽ. മലയാളികൾ കണ്ടു ശീലിച്ച ശരീരഭാഷയായിരുന്നില്ല ത്രിവേണിയിലെ പൊന്നമ്മക്കഥാപാത്രത്തിന്റേത്. രൂപം കൊണ്ടും ഭാവം കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ശരിക്കും “തെറിച്ചി” ആയി മാറുകയായിരുന്നു അവർ. “പൊന്നമ്മക്ക് മാത്രമേ ആ വേഷം അത്രയും ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയൂ എന്നുറപ്പുണ്ടായിരുന്നു എനിക്ക്. അത്രയും വ്യത്യസ്തമായ ഒരു റോൾ അതിന് മുൻപോ പിൻപോ ചെയ്തിരിക്കില്ല അവർ” – സംവിധായകൻ വിൻസൻ്റ് മാസ്റ്ററുടെ വാക്കുകൾ ഓർമ്മ വരുന്നു.
“തൊമ്മന്റെ മക്കളി”ൽ സത്യന്റേയും മധുവിന്റെയും അമ്മയായി അഭിനയിക്കുമ്പോൾ പൊന്നമ്മക്ക് പ്രായം 22. അമ്മവേഷങ്ങളുടെ നീണ്ട നിരയാണ് പിന്നീടവരെ തേടിയെത്തിയത്. “ഓടയിൽ നിന്നി”ലെ കല്യാണിയും “നെല്ലി”ലെ സാവിത്രിയും ഇക്കൂട്ടത്തിൽ വേറിട്ടു നിന്നു. “അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി” എന്ന പാട്ട് കേട്ട് ലജ്ജാവിവശയായി നിൽക്കുന്ന കേശവദേവിന്റെ കല്യാണിയെ എങ്ങനെ മറക്കാൻ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]