മലയാള സിനിമയില്‍ മാതൃത്വത്തിനും വാത്സല്യത്തിനും മറുപേരുണ്ടെങ്കില്‍ അത് കവിയൂര്‍ പൊന്നമ്മയെന്നാണ്. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയസപര്യയില്‍ പകര്‍ന്നാടിയതില്‍ ഭൂരിപക്ഷവും അമ്മ വേഷങ്ങള്‍. ഉണ്ണി എന്ന വിളിയിലൂടെയും വാത്സല്യം തുളുമ്പുന്ന ആ നിറഞ്ഞ ചിരിയിലൂടെയും ഒരു തലമുറയുടെ അമ്മമുഖമായി അവര്‍ മാറി. നടന് മോഹന്‍ലാലിന്റെ അമ്മവേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മകന്റെ മുടികോതിയൊതുക്കുന്ന അവന് സ്നേഹം വിളമ്പുന്ന, മകന്റെ ദുര്‍ഗതിയില്‍ നിസ്സഹായയായി പോകുന്ന കിരീടത്തിലെ സേതുമാധവന്റെ അമ്മയെ പോലെ, അന്ധവിശ്വാസം ചുഴറ്റിയെറിഞ്ഞ മകൻ്റെ ജീവിതത്തിനു മുന്നിൽ നിലതെറ്റിയ തനിയാവർത്തനത്തിലെ ബാലൻ്റെ അമ്മയെ പോലെ, മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന എണ്ണമറ്റ അമ്മവേഷങ്ങള്‍. മലയാളത്തില്‍ ഇത്രയേറെ അമ്മവേഷങ്ങള്‍ ചെയ്ത മറ്റൊരു അഭിനേത്രി വേറെയുണ്ടോ എന്ന് തന്നെ സംശയം. സിനിമയില്‍ അമ്മയായി നിറഞ്ഞാടുമ്പോള്‍ സ്ക്രീനിലെ കഥാപാത്രങ്ങള്‍ ജീവിതത്തിലും അമ്മയും മക്കളുമാണോ എന്ന് തോന്നിക്കുന്നത്ര തന്മയത്വം. പരിഭവത്തിലും പിണക്കത്തിലും മക്കളെ ചേര്‍ത്തുപിടിക്കുന്ന സ്നേഹനിധിയായ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയെ പോലെ അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ എന്ന് തന്നെ തോന്നി പോകും.
1962 ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തില്‍ വേഷമിട്ടുകൊണ്ടാണ് സിനിമാരംഗത്തേക്ക് കവിയൂര്‍ പൊന്നമ്മയുടെ ചുവടുവെപ്പ്. രാവണനായി കൊട്ടാരക്കര ശ്രീധരന് നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. പിന്നീട് പൊന്നമ്മയെതേടി അമ്മവേഷങ്ങളെത്തി. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. തന്നെക്കാള്‍ പ്രായത്തിന് മുതിര്‍ന്ന സത്യന്റെയും മധുവിന്റെയും ഒക്കെ അമ്മയായി അഭിനയിക്കുമ്പോള്‍ വെറും 22 വയസ്സായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ പ്രായം.
മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ മറക്കാനാകില്ല. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന് സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിന് കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ടുപിടിയിട്ടുണ്ട്. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ദൂരദര്ശന്, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹനടിക്കുള്ള പുരസ്കാരങ്ങള്‍ 1971,1972,1973,1994 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്കാരം, പി.കെ റോസി പുരസ്കാരം, കാലരത്നം പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.
സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിര്‍മാതാവായ മണിസ്വാമി സിനിമാ സെറ്റില്‍ വച്ചാണ് വിവാഹഭ്യര്‍ഥന നടത്തിയത്. 1969 ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വേര്‍പിരിഞ്ഞു. എന്നിരുന്നാലും വാര്‍ധക്യത്തില്‍ മണിസ്വാമി രോഗബാധിതനായപ്പോള്‍ 2011 ല്‍ അദ്ദേഹത്തിന്റെ മരണം വരെ കവിയൂര്‍ പൊന്നമ്മയാണ് പരിചരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]