നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ഷമ സികന്ദർ. ഒരു പരസ്യ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ചിത്രീകരണത്തിനിടെ ഒപ്പം അഭിനയിച്ച പ്രമുഖ നടൻ പൊടുന്നനെ അത്ര സുഖകരമല്ലാത്ത രീതിയിൽ ആലിംഗനം ചെയ്തെന്ന് ഷമ പറഞ്ഞു. നടനിൽ നിന്നുണ്ടായ മോശം അനുഭവത്തേത്തുടർന്ന് ഇനി അയാളുമൊത്ത് അഭിനയിക്കാനില്ലെന്ന് തീരുമാനിച്ചതായും അവർ പറഞ്ഞു.
ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരസ്യചിത്രീകരണത്തിനിടെയുണ്ടായ ദുരനുഭവം ഷമ സികന്ദർ പങ്കുവെച്ചത്. ആ സീനിൽ കെട്ടിപ്പിടിക്കുന്നത് തിരക്കഥയിലുണ്ടായിരുന്നില്ലെന്ന് ഷമ പറഞ്ഞു. ചില ആളുകൾ എത്തരക്കാരായിരിക്കുമെന്ന് നിങ്ങൾക്ക് മനസിലാക്കാനാവും. ഭാര്യക്ക് സ്വർണാഭരണം അണിഞ്ഞുകൊടുക്കുന്ന ഭർത്താവാണ് രംഗത്ത്. ആഭരണം അണിയിച്ചശേഷം താൻ ഭാര്യയുടെ കഥാപാത്രത്തെ കെട്ടിപ്പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അത് അത്ര നല്ല ഉദ്ദേശത്തിലാണെന്ന് തോന്നിയില്ല. അങ്ങനെയൊന്ന് മുൻപൊരിക്കലും തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
“ഒരുപാട് പേർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്ക് ധാരാളം പുരുഷ സുഹൃത്തുക്കളുമുണ്ട്. അവരൊന്നും എന്നോട് മറ്റൊരുദ്ദേശത്തോടെ പെരുമാറിയിട്ടില്ല. അന്നത്തെ അനുഭവം ഞെട്ടലുണ്ടാക്കുകയും വിചിത്രവുമായിത്തോന്നുകയും ചെയ്തു. ആ മനുഷ്യൻ ഒരു സൂപ്പർ സ്റ്റാറായിരുന്നു. എന്തിനായിരുന്നു അയാൾ അങ്ങനെയൊരു കൃത്യത്തിന് മുതിർന്നത്? എൻ്റെ ജീവിതത്തിലെ വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. അന്നാദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. പക്ഷേ അത്ര സാധാരണമല്ലാത്ത മനോഭാവമായിരുന്നു അദ്ദേഹത്തിന്. ഇനിയൊരിക്കലും അയാൾക്കൊപ്പം ജോലി ചെയ്യില്ല.” ഷമ പറഞ്ഞു.
പ്രോജക്റ്റുകളിൽനിന്ന് താരങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കാറുണ്ടെന്ന കാര്യവും ഷമ ഇതേ അഭിമുഖത്തിൽ പറഞ്ഞു. ഒരു പ്രധാന താരം നായകനമായി അഭിനയിക്കുന്ന സിനിമയിൽ അവസരം ലഭിച്ചിരുന്നു. മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നായകൻ വന്നില്ലെന്നും ഷൂട്ട് റദ്ദുചെയ്തെന്നും വിവരം ലഭിച്ചത്. സെറ്റിൽനിന്ന് പോകാൻ തുടങ്ങുമ്പോഴാണ് തനിക്ക് ലഭിക്കേണ്ട വേഷം മറ്റൊരാൾക്ക് നൽകിയതായി സംവിധായകൻ അറിയിച്ചത്. അന്ന് രാത്രി മുഴുവൻ കരഞ്ഞുവെന്നും ഷമ ഓർത്തെടുത്തു.
യേ മേരാ ലൈഫ് ഹേ, സി.ഐ.ഡി, ബട്ലിവാലാ ഹൗസ് നമ്പർ 43, കാജൽ, സെവൻ, ബാൽ വീർ തുടങ്ങിയ പരമ്പരകളാണ് ഷമയെ ശ്രദ്ധേയയാക്കിയത്. വെബ് ഷോ ആയ സെക്സാഹോളിക്ക്, മിനി സീരീസായ മായ: സ്ലേവ് ഓഫ് ഹേർ ഡിസയേഴ്സിലും അവർ വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]