തമിഴ് സൂപ്പർതാരം വിജയ്യുടെ പാട്ടുകൾക്കും ഡാൻസ് നമ്പറുകൾക്കും ഒരു പ്രത്യേക വിഭാഗം ആരാധകർ തന്നെയുണ്ട്. അക്കൂട്ടത്തിലൊരാളാണ് തെലുങ്കിലെ യുവസൂപ്പർതാരം ജൂനിയർ എൻ.ടി.ആറും. തന്റെ ഉടൻ റിലീസാവുന്ന ദേവര എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി ചെന്നൈയിലെത്തിയപ്പോൾ വിജയ്യെക്കുറിച്ച് ജൂനിയർ എൻ.ടി.ആർ പറഞ്ഞ കാര്യം ഇപ്പോൾ രണ്ട് താരങ്ങളുടേയും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
ദേവര പ്രചാരണപരിപാടിക്കിടെ വിജയ്യുടെ നൃത്തരംഗങ്ങളെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ജൂനിയർ എൻ.ടി.ആർ. നൃത്തമെന്നാൽ അത് നൃത്തംതന്നെയായിരിക്കണമെന്നും അതൊരിക്കലും സംഘട്ടനമോ ജിംനാസ്റ്റിക്കോ പോലെ തോന്നരുതെന്നും ജൂനിയർ എൻ.ടി.ആർ പറഞ്ഞു.
“വിജയ് സാർ ചെയ്യുന്നതുപോലെ അനായാസമാവണം നൃത്തം. ആസ്വദിച്ചു വേണം ഡാൻസ് ചെയ്യാൻ. അദ്ദേഹം ഡാൻസ് ചെയ്യുമ്പോൾ ഒരിക്കലും അത് കഷ്ടപ്പെട്ട് പഠിച്ചു ചെയ്യുന്നതുപോലെ തോന്നാറില്ല. വളരെ കൂളായി ഭംഗിയിലാണ് അദ്ദേഹം കളിക്കുക. അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ.” ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകൾ. വിജയ്യുമായി മുൻപ് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സെപ്റ്റംബര്‍ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]