ലണ്ടൻ: ഹോളിവുഡ് നടനും അവതാരകനുമായ റസൽ ബ്രാൻഡിന്റെ പേരിൽ ലൈംഗികാതിക്രമ ആരോപണം. ദ സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ നാലുസ്ത്രീകളാണ് ബ്രാൻഡിനുനേരെ ആരോപണമുയർത്തിയത്. ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകൾ പറഞ്ഞു. അന്വേഷണറിപ്പോർട്ട് ‘സൺഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു.
കരിയർഗ്രാഫ് ഏറ്റവും ഉന്നതിയിൽ നിന്നിരുന്ന 2006 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലാണ് റസ്സൽ നാലു സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയത്. ഇതിലൊരാൾക്ക് ആ സമയത്ത് 16 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ലോസ് ആഞ്ലിസിൽ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതികളിലൊരാൾ തുറന്നുപറഞ്ഞിട്ടുണ്ട്. 2012-ലായിരുന്നു ഇത്. സംഭവശേഷം നടൻ മാപ്പുചോദിച്ച് മെസേജ് അയച്ചതായും അവർ വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമം നടത്തിയ ശേഷം പുറത്തുപറഞ്ഞാൽ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കമെന്ന് റസ്സൽ ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊരു അതിജീവിതയുടെ തുറന്നുപറച്ചിൽ. സ്ത്രീകൾക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങൾ റസ്സൽ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ഹെലൻ ബെർഗർ സൺഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ ബ്രാൻഡ് നിഷേധിച്ചു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഉഭയസമ്മതത്തോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എം.ടി.വി യുകെ എന്ന പരിപാടിയുടെ അവതാരകനായെത്തിയതോടെയാണ് റസ്സൽ പ്രശസ്തിയിലേക്കുയർന്നത്. ഫോർഗെറ്റിങ് സാറാ മാർഷൽ, ഗെറ്റ് ഹിം റ്റു ദ ഗ്രീക്ക് എന്നീ ചിത്രങ്ങളിലും റസ്സൽ ബ്രാൻഡ് വേഷമിട്ടിട്ടുണ്ട്. 2010-ൽ ഗായിക കാറ്റി പെറിയെ വിവാഹംകഴിക്കുകയും ചെയ്തു അദ്ദേഹം. പിന്നീടിരുവരും വേർപിരിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]