
നടിറിയാ ചക്രബർത്തി അവതരിപ്പിക്കുന്ന ടോക് ഷോ ആയ ചാപ്റ്റർ 2 വിനോദരംഗത്ത് ശ്രദ്ധനേടുകയാണ്. പരിപാടിയുടെ പുതിയ എപ്പിസോഡിൽ അതിഥിയായെത്തുന്നത് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനാണ്. ഈ ഷോയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രൊമോ വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്. റിയയ്ക്ക് മുന്നിൽ കണ്ണീരടക്കാൻ പാടുപെടുന്ന ആമിറിനെയാണ് വീഡിയോയിൽ കാണാനാവുക.
താരപദവി, സിനിമകൾ, ചികിത്സ, പ്രശ്നങ്ങളെ എങ്ങനെ തരണംചെയ്യാം എന്നെല്ലാമാണ് ചാപ്റ്റർ 2-ന്റെ പുതിയ എപ്പിസോഡിൽ റിയയും ആമിർ ഖാനും ചർച്ച ചെയ്യുന്നത്. ആമിറിനെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് റിയ ആദ്യം പറയുന്നത്. ഹൃത്വിക്കിന്റെയും സൽമാന്റെയും ഷാരൂഖിന്റേയുമൊന്നും സൗന്ദര്യത്തിനുമുന്നിൽ താൻ ഒന്നുമല്ല എന്നാണ് ഇതിന് ആമിർ മറുപടി പറഞ്ഞത്. തന്റെ ഫാഷന്റെ പേരിൽ ആളുകൾ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരിടത്തുനിന്ന് തന്റെ കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങുന്നതിനേക്കുറിച്ച് ആമിർ പറയുന്നുണ്ട്. ഇതുപറയുന്നതിന് മുന്നോടിയായി താരം അല്പസമയം വിഷണ്ണനായിരിക്കുന്നതും കണ്ണീർപൊഴിക്കുന്നതും പ്രൊമോയിൽ കാണാം. റിയയുടെ ഊർജസ്വലതയേക്കുറിച്ചും ഇതോടൊപ്പം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രതിസന്ധിഘട്ടം അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ റിയ അസാമാന്യ ധൈര്യമാണ് കാണിച്ചതെന്നും ആമിർ പറഞ്ഞു. സിനിമയിൽനിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുൽ കുൽക്കർണിയുടെ രചനയിൽ അദ്വൈത് ചന്ദൻ സംവിധാനംചെയ്ത് 2022-ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയിലാണ് ആമിർ ഖാൻ അവസാനമായി വേഷമിട്ടത്. തുടർന്ന് സിനിമയിൽനിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണ് അദ്ദേഹം.
2020-ൽ നടൻ സുശാന്ത് സിംഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ മുൻ കാമുകികൂടിയായ റിയാ ചക്രബർത്തിയുടെ പേര് വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ റിയ അറസ്റ്റിലാവുകയും മുംബൈ ബൈക്കുള ജയിലിൽ കഴിയുകയുംചെയ്തിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകി എന്നതായിരുന്നു റിയക്കെതിരായ കേസ്. 28 ദിവസത്തിന് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. തുടർന്നാണ് റിയ ടോക്ക് ഷോയിലേക്ക് തിരിഞ്ഞത്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ചെഹരേയിലാണ് റിയ ഒടുവിൽ അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]