
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാമേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണമെന്നും വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാൻ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നടൻ പറഞ്ഞു. പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണ് എല്ലാമെന്നും ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നടനും എം.എൽ.എയുമായ എം. മുകേഷും നേരത്തെ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്നും സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
അതേസമയം, മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയായിരുന്നു സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോർട്ടാകും പുറത്തുവിടുകയെന്നും നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് വെളിച്ചംകാണുകയെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ഇതിന് തൊട്ടുമുൻപേ വെള്ളിയാഴ്ച നടി രഞ്ജിനി ഹെെക്കോടതിയെ സമീപിച്ചത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
“ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം അറിയാതെ എങ്ങനെ അത് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് എനിക്ക് അറിയില്ല. അവർ എനിക്ക് അതിൻ്റെ കോപ്പി നൽകിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ റിപ്പോർട്ട് വെളിപ്പെടുത്തും. ആരെങ്കിലും ഈ ചോദ്യം ചോദിക്കുമെന്ന് ഞാൻ കരുതി. വനിത കമ്മീഷൻ പോലും ഇക്കാര്യം ചോദിച്ചില്ല. സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് വിശദമായി പഠിക്കണം.” ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയേക്കുറിച്ച് കഴിഞ്ഞദിവസം രഞ്ജിനി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചതിങ്ങനെ.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.