
ചെന്നൈ: വാടകനൽകാതെ കബളിപ്പിച്ചുവെന്ന് പോലീസിൽ പരാതിപ്പെട്ട വീട്ടുടമക്കെതിരേ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയുടെ നോട്ടീസ്. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ മാനനഷ്ടമുണ്ടാക്കിയെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ 20 ലക്ഷം രൂപയോളം യുവൻ ശങ്കർ രാജ നൽകാനുണ്ടെന്ന ആരോപണത്തിൽ വീട്ടുടമ ഉറച്ചുനിൽക്കുകയാണ്.
വിദേശത്ത് താമസിക്കുന്ന ജമീലയുടെ ഉടമസ്ഥതയിൽ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട് രണ്ടുവർഷംമുമ്പാണ് യുവൻ ശങ്കർ രാജ വാടകയ്ക്കെടുത്തത്.
ഇവിടെ സ്റ്റുഡിയോ സജ്ജീകരിക്കുകയുംചെയ്തു. 1.25 ലക്ഷം രൂപയായിരുന്നു മാസവാടക. ഒരുവർഷം കഴിഞ്ഞപ്പോൾ വാടക പുതുക്കി 1.50 ലക്ഷം രൂപയാക്കി. 2023 സെപ്റ്റംബർവരെ 18 ലക്ഷം രൂപ കുടിശ്ശികവരുത്തിയെന്നും നോട്ടീസ് അയച്ചതിനെത്തുടർന്ന് 12 ലക്ഷംരൂപ ചെക്കായി ജമീലയ്ക്ക് നൽകിയെന്നും ഇവർക്ക് വേണ്ടി നുങ്കമ്പാക്കം പോലീസിൽ പരാതി നൽകിയ സഹോദരൻ പറഞ്ഞു.
പിന്നീട് ഇതുവരെയുള്ള വാടകയടക്കം 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഒരറിയിപ്പുമില്ലാതെ യുവൻ ശങ്കർ രാജ ഇവിടെനിന്ന് തന്റെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നാണ് ആരോപണം.
സഹോദരൻ മുഖേന നൽകിയതുകൂടാതെ ഓൺലൈൻമാർഗവും ജമീല പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് യുവൻ ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]