
മമ്മൂട്ടി ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തിൻ്റെ മുൻപിൽ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്നും നടൻ റിഷഭ് ഷെട്ടി. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കാന്താര’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടി സ്വന്തമാക്കിയത്.
‘മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വാർത്തകൾ കണ്ടിരുന്നു. ഏതൊക്കെ ചിത്രങ്ങളാണ് ജൂറിയുടെ മുൻപിൽ എത്തിയതെന്ന് അറിയില്ല. മമ്മൂട്ടി ഒരു ഇതിഹാസതാരമാണ്. അദ്ദേഹത്തെപ്പോലൊരു വലിയ നടൻ്റെ മുൻപിൽ നിൽക്കാനുളള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലെയുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിന് ഉണ്ടായിരുന്നെങ്കിൽ ഞാൻ സ്വയം ഒരു ഭാഗ്യവാനായി കരുതുന്നു.
പുരസ്കാരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പുരസ്കാരം എനിക്കാണെന്ന് പലരും പറഞ്ഞുവെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി വിധി പ്രഖ്യാപിക്കുന്നത് വരെ കേട്ടതൊന്നും ഞാൻ വിശ്വസിച്ചില്ല. ഭാര്യയാണ് പുരസ്കാരവിവരം അറിഞ്ഞിട്ട് എന്നെ ആദ്യം അഭിനന്ദിക്കുന്നത്. കാന്താര ജൂറിക്ക് ഇഷ്ടപ്പെട്ടു. അതിന് അവർക്ക് പല കാരണങ്ങളുമുണ്ടാകാം. ജൂറിക്ക് നന്ദി’, റിഷഭ് ഷെട്ടി പറഞ്ഞു.
ദേശീയ അവാർഡിനായി റിഷഭും മമ്മൂട്ടിയും അവസാനനിമിഷംവരെ മത്സരിക്കുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദക്ഷിണേന്ത്യൻ സിനിമകൾ പരിശോധിക്കാൻ രണ്ടു സമിതികളാണുണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയർമാനായുള്ള സമിതിയിൽ മലയാളികളായ എം.ബി. പത്മകുമാറും സന്തോഷ് ദാമോദരനും അംഗങ്ങളായിരുന്നു. രവീന്ദർ, മുർത്താസ അലിഖാൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാലു സലൂജ ചെയർമാനായുള്ള രണ്ടാം സമിതിയിൽ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങൾ. ഈ മേഖലാസമിതികൾ സംസ്ഥാനപുരസ്കാരം നേടിയ മമ്മൂട്ടി സിനിമയടക്കം ദേശീയതലത്തിലേക്കയക്കാതെ തഴഞ്ഞെന്ന് ആരോപണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]