
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ ചിദംബരം പൊതുവാൾ ബോളിവുഡിലേയ്ക്ക്. പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഫാൻ്റം സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ചിദംബരം ബോളിവുഡിലേയ്ക്ക് അരങ്ങേറാൻ ഒരുങ്ങുന്നത്. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് നിർമാതാക്കൾ കുറിച്ചു. അതുല്യമായ കാഴ്ചപ്പാടും കഥപറച്ചിലിൻ്റെ വൈദഗ്ധ്യവും കൊണ്ട് ദക്ഷിണേന്ത്യയിൽ അദ്ദേഹം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ചിദംബരമെന്നും ഇവർ പറഞ്ഞു.മഞ്ഞുമ്മേൽ ബോയ്സിനൊപ്പം ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത ചിദംബരവുമായി ഒരുമിച്ച് ചെയ്യുന്ന മാജിക് കാണാൻ തങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്വീൻ, അഗ്ലി, മാസാൻ, ഉഡ്താ പഞ്ചാബ് തുടങ്ങിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാനർ ആണ് ഫാൻ്റം സ്റ്റുഡിയോസ്.
2024 ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും പുറത്തുമായി അനവധി റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറായിരുന്നു ചിത്രം. ചിദംബരത്തിൻ്റെ ‘ജാൻ എ മൻ’ എന്ന ആദ്യ ചിത്രവും മികച്ച വിജയം നേടിയിരുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരായിരുന്നു നിർമാതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]