
സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സൊസൈറ്റി പ്രോഗ്രാമിലാണ് സനുഷ എം.എസ്.സി നേടിയിരിക്കുന്നത്. ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് സനുഷ തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സനുഷ തുറന്നു പറയുന്നു. എല്ലായ്പ്പോഴും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സര്‍വകലാശാലയിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സനുഷ നന്ദി പറയുന്നു.
”ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമായി വളരെ അകലെ നിന്ന് ഈ രാജ്യത്തെത്തിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു.
എല്ലായ്പ്പോഴും എന്റെ ശക്തിയായ എന്നെ വഴിനടത്തുന്ന ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്കി എനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങള്‍ നല്കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാം ഉള്ളതുകൊണ്ടുമാത്രമാണ് ഞാന്‍ ഇവിടെയത്തിയത്. ഇല്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്, അമ്മ, അനിയന്! ഞാന്‍ നേടിയ ഓരോ വിജയത്തിനും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി ഈ നേട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.
എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ്സി ബിരുദധാരിയാണ്. ഈ വിവരം നിങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തതില്‍ എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.”
മാതാപിതാക്കള്‍ക്കൊപ്പം തന്റെ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സനുഷ നന്ദി രേഖപ്പെടുത്തി. പ്രിയ സുഹൃത്തുക്കളുടെ പേരെടുത്ത് പരമാര്‍ശിച്ചാണ് സനുഷ കുറിപ്പെഴുതിയിരിക്കുന്നത്.
1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായാണ് സനുഷ സിനിമയിലെത്തിയത്. ദാദാസാഹേബ്, മേഘമല്‍ഹാര്‍, കരുമാടിക്കുട്ടന്, മീശമാധവന്, എന്റെ വീട് അപ്പുന്റേയും തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. 2004 ല്‍ റിലീസ് ചെയ്ത കാഴ്ച, അതേ വര്‍ഷം തന്നെ റിലീസ് ചെയ്ത സൗമ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. മിസ്റ്റര്‍ മരുമകനിലൂടെ നായികയായെത്തി. അലക്സ് പാണ്ഡ്യന്, മിലി, വേട്ട, ഒരു മുറൈ വന്ത് പാര്‍ത്തായാ, കൊടിവീരന്, ജേഴ്സി , ജലധാര പമ്പ് സെറ്റ് 1962 തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. പഠനത്തിരക്കിലായതിനാല്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുകയും ചെയ്തു. മരതകം, ലിക്വര്‍ ഐലന്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് സനുഷയുടേതായി ഇനി റിലീസിനെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]