
തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്കി നടൻ ധനുഷ്. നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണത്തിനാണ് താരം സംഭാവന നല്‍കിയത്. നടികര്‍ സംഘം പ്രസിഡന്റ് നാസറും ഖജാൻജി കാര്‍ത്തിയും ചേർന്നാണ് ധനുഷിൻ്റെ പക്കൽനിന്നും സംഭാവന ഏറ്റുവാങ്ങിയത്.
സംഭാവന നൽകിയതിൽ നടന് സംഘടന നന്ദിയറിച്ചു. നാസറും കാര്‍ത്തിയും ധനുഷിനൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
ഏഴുവർഷംമുമ്പാണ് ടി നഗറിൽ നടികർ സംഘം കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, കോവിഡ് അടക്കമുള്ള കാരണങ്ങളാലും സാമ്പത്തിക പ്രശ്നംമൂലവും നിർമാണം മുടങ്ങുകയായിരുന്നു. താരങ്ങളായ വിജയ്, കമൽഹാസൻ, തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ഒരോ കോടി രൂപവീതം സംഭാവനചെയ്തതോടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.
തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കൾക്കായി രൂപീകരിച്ച യൂണിയൻ ഫിലിം ബോഡിയാണ് നടികർ സംഘം അഥവാ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇവർ ഒരു ഓഫീസ് കെട്ടിടം നിർമിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]