
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമാതാരങ്ങളുടെ മുഖമുപയോഗിച്ച് നിർമിക്കുന്ന ഡീപ് ഫെയ്ക്ക് വീഡിയോ സൃഷ്ടിച്ച വാർത്തകളുടെ ചൂട് ഇനിയും അടങ്ങിയിട്ടില്ല. ഇടക്കാലത്ത് ഒന്ന് തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞ ഡീപ് ഫെയ്ക്ക് ഇപ്പോഴിതാ വീണ്ടും തല പൊക്കിയിരിക്കുകയാണ്. ബോളിവുഡ് താരം രൺവീർ സിംഗാണ് പുതിയ വീഡിയോയിലുള്ളത്.
ഒരു ബോട്ടിൽ സഞ്ചരിക്കുന്ന താരത്തെയാണ് പുറത്തുവന്ന വീഡിയോയിൽ കാണാനാവുക. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്നാണ് രൺവീർ അഭ്യർത്ഥിക്കുന്നത്. എന്നാൽ എഐ നിർമിതമാണ് ഈ വീഡിയോ എന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനായി നടി കൃതി സനോണിനൊപ്പം രൺവീർ വാരണാസിയിലെ നമോ ഘാട്ടിൽ എത്തിയിരുന്നു. ഇരുതാരങ്ങളും അന്ന് വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും തങ്ങളുടെ ആത്മീയ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് രൺവീർ കോൺഗ്രസിന് വോട്ടുചോദിക്കുന്നു എന്ന തരത്തിൽ എഐയുടെ സഹായത്തോടെ നിർമിച്ച് പ്രചരിപ്പിച്ചത്.
ആമിർ ഖാൻ ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി സംസാരിക്കുന്നതരത്തിൽ നേരത്തേ വീഡിയോ പ്രചരിച്ചിരുന്നു. ആമിർ അവതാരകനായ സത്യമേവ ജയതേ എന്ന ഷോയുടെ ദൃശ്യമാണ് ഡീപ് ഫെയ്ക്ക് ചെയ്യാൻ ഉപയോഗിച്ചത്. തുടർന്ന് മുംബൈ പോലീസിന്റെ സൈബർ ക്രൈം സെല്ലിൽ ആമിർ പരാതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]