
അന്തരിച്ച ഗായകരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്താൽ പുനസൃഷ്ടിച്ചതിന്റെ പേരിൽ ഈയിടെ അഭിനന്ദനവും വിമർശനവും നേരിട്ട സംഗീതസംവിധായകനാണ് എ.ആർ. റഹ്മാൻ. ലാൽ സലാം എന്ന ചിത്രത്തിനായി ബംബ ബാക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദമാണ് അദ്ദേഹം പുനഃസൃഷ്ടിച്ചത്. ഇതിലൂടെ ഇരുവരേയും ഉപയോഗിച്ച് തിമിരി യെഴുടാ എന്ന ഗാനവും അദ്ദേഹം സൃഷ്ടിച്ചു. ഇതേക്കുറിച്ച് കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ ഒരു ഉപകരണമായി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ രത്നച്ചുരുക്കം.
സാങ്കേതികവിദ്യയുടെ കാര്യമെടുത്താൽ അത് എല്ലാ ദിവസവും ഒരു ആശ്ചര്യം സംഭവിക്കുന്നത് പോലെയാണെന്ന് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അത് തീർച്ചയായും പൊടുന്നനെ ഉണ്ടായിട്ടുള്ള ഒന്നല്ലെന്നും റഹ്മാൻ ചൂണ്ടിക്കാട്ടി. താൻ 1984-ൽ ഒരു കമ്പ്യൂട്ടർ വാങ്ങിയപ്പോൾ, നമുക്കെല്ലാവർക്കും ജോലി നഷ്ടപ്പെടുമെന്ന് എല്ലാവരും കരുതി. നിങ്ങൾ ഇത് എത്രത്തോളം കേൾക്കുന്നുവോ, എല്ലാം ഒരുമിച്ച് നിലനിൽക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നമനത്തിനും ഉപയോഗിക്കാമെന്നാണ് തനിക്ക് തോന്നുന്നത്. നമുക്കുണ്ടായിട്ടുള്ള എല്ലാ തലമുറ ശാപങ്ങളും ഇല്ലാതാക്കാം, പാവപ്പെട്ടവരെ ഔന്നത്യത്തിലെത്തിക്കാനും കലാ-ശാസ്ത്രരംഗത്തെ നേതാക്കളെ പഠിപ്പിക്കാനും വളർത്താനും നമുക്ക് കഴിയും. ഇപ്പോൾ അവർക്ക് ഉപകരണങ്ങൾ ഉള്ളതിനാൽ, അവർക്ക് വർഷങ്ങളോളം പഠിക്കേണ്ട ആവശ്യം വരുന്നില്ല. നാലോ അഞ്ചോ വർഷം മുമ്പ് എന്താണോ ആവശ്യമായിരുന്നത് അതിപ്പോൾ ഒരു നിർദേശം മാത്രം അകലെയാണ്.
“ആളുകളെ പിരിച്ചുവിടുന്നതിനുപകരം അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും അവരെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ നേട്ടത്തിനായി ഇതുപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കരുതുന്നു. നേതാക്കൾ എന്ന നിലയിൽ, തൊഴിലുടമകൾ എന്ന നിലയിൽ, ചിലപ്പോൾ ഒരു ജോലിയും പോകാതിരിക്കാൻ നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സമയം ആവശ്യമുള്ള കാര്യങ്ങളുടെ ശൂന്യത നികത്തുന്ന വിധത്തിൽ നാം അത് ഉപയോഗിക്കണം. കല ഉപയോഗിച്ചാണെങ്കിൽപ്പോലും, നിങ്ങൾ എന്തെങ്കിലും നിർമ്മിക്കുകയാണെങ്കിൽ,അതിപ്പോൾ വളരെ എളുപ്പമാണെന്നുമാത്രമല്ല, ഒരാൾക്ക് അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനും കഴിയും. ആളുകളെ പറഞ്ഞുവിടാതെ കാര്യങ്ങൾ വേഗത്തിലാക്കാനുള്ള ഒരു ഉപകരണമായി ഞങ്ങൾ ഇത് ഉപയോഗിക്കേണ്ടതുണ്ട്.” എ.ആർ. റഹ്മാൻ കൂട്ടിച്ചേർത്തു.
തിമിരി യെഴുഡാ എന്ന ഗാനം പുറത്തുവന്നപ്പോൾ അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന സന്തോഷമാണ് ചിലർ പങ്കുവെച്ചത്. ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടർക്കറിയേണ്ടത്. തുടർന്ന് ഇതിനെല്ലാം മറുപടിയുമായി റഹ്മാൻ തന്നെ രംഗത്തെത്തുകയായിരുന്നു. രണ്ട് ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാൻ താൻ അനുവാദം ചോദിച്ചിരുന്നെന്ന് എ.ആർ. റഹ്മാൻ എക്സിലൂടെ വ്യക്തമാക്കി. ഗായകരുടെ ശബ്ദത്തിന്റെ അൽഗോരിതം ഉപയോഗിക്കുന്നതിന് രണ്ട് കുടുംബങ്ങൾക്കും അവർ അർഹിക്കുന്ന പ്രതിഫലം നൽകിയിട്ടുണ്ട്. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും എ.ആർ. റഹ്മാൻ അന്നും വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]