
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ പശ്ചാത്തലമാക്കി ഞാൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരാനായ ജയമോഹൻ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങൾ അനുചിതവും തരം താഴ്ന്നതുമായിപ്പോയി. എന്താണ് അദ്ദേഹത്തിന്റെ പ്രശ്നം? എന്തിനോടാണ് അദ്ദേഹത്തിന്റെ വിമർശനം ? വിനോദയാത്രക്ക് പോവുന്ന കുട്ടികൾ മോരിന് പകരം കള്ളുകുടിക്കുന്നതോ? അതോ കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ കാടുകളിൽ വരുന്ന യുവതയുടെ കാട്ടിക്കൂട്ടലുകളോ? അതോ മലയാള സിനിമയിലെ കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗമോ? എം.ടി. വാസുദേവൻ നായർ ‘വടക്കൻ വീരഗാഥ’യിൽ എഴുതിയ ഒരു സംഭാഷണത്തിന്റെ ചുവടു പിടിച്ച് പറഞ്ഞാൽ, പ്രിയപ്പെട്ട ജയമോഹൻ നിങ്ങൾ പറഞ്ഞത് ശരിയാണ്; തെറ്റുമാണ്. ഭാഗികമായ ശരികൾ എല്ലായിടത്തുമുണ്ട്. എന്നാൽ അവയെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന് പറയുന്ന സിനിമ നൽകുന്ന സന്ദേശം താങ്കൾ എവിടെയും കണ്ടില്ല. അത് അഗാധമായ സൗഹൃദത്തിന്റെതും സമർപ്പണത്തിന്റേതുമാണ്. യുവതലമുറയ്ക്ക് ഇല്ല എന്ന് പലരും ആരോപിക്കുന്ന നന്മകളുടെ വിളംബരമാണ്. ഈ നന്മയുടെ സൂര്യനെ താങ്കൾ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാൻ ശ്രമിച്ചത് ശരിയായില്ല. ഒരു കലാരൂപത്തെ സമീപിക്കേണ്ടത് അത് ആത്യന്തികമായി എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്ന് നോക്കിയാണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ ഏതായാലും മദ്യപാനത്തിന്റെ ഉണർത്തുപാട്ടല്ല. ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്. ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കൾ പെറുക്കികൾ എന്ന് വിളിച്ചത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!
മദ്യപിക്കുന്ന മനുഷ്യരെല്ലാം അധമരാണെന്നും മദ്യപിക്കാത്തവർ വിശുദ്ധരാണെന്നും എനിക്ക് അഭിപ്രായമില്ല. വേദകാലം മുതൽക്കേ ഉള്ള യാഥാർത്ഥ്യമാണ് മദ്യം. മഹാത്മാഗാന്ധിക്ക് അത് കുടിക്കാതിരിക്കാനും അതിനെതിരെ പ്രചാരണം നടത്താനും അവകാശമുള്ളതു പോലെ അദ്ദേഹത്തിന്റെ മൂത്തമകൻ ഹരിലാലിന് അത് കുടിക്കാനുമുള്ള അവകാശമുണ്ട്. എൻ.എൻ പിള്ള എഴുതിയ സ്വൽപ്പം ‘മദ്യവിചാരം’ എന്ന ലേഖനം വായിക്കാനും വായിക്കാതിരിക്കാനുമുള്ള അവകാശവും എല്ലാവർക്കുണ്ട്. അതിലദ്ദേഹം എഴുതിയ ഒരു കാര്യം പറഞ്ഞ് നിർത്തട്ടെ:
‘അതി സർവ്വത്ര വർജ്യയേത്’
അധികമായാൽ അമൃതും വിഷം എന്നത് മാത്രമേ സനാതനമായുള്ളൂ. ഇത്രയും പറഞ്ഞതിൽ നിന്നും ഞാൻ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ധരിച്ചു പോവരുത്. കഴിയുന്നതും മദ്യം ഒഴിവാക്കുക. ഒരു കാര്യം ദൃഢമായി മനസ്സിലുറപ്പിക്കുക, അധികമായാൽ അമൃത് മാത്രമല്ല വാക്കുകൾ പോലും വിഷമായി മാറും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]