
എന്തിരന് കോപ്പിയടി കേസില്‍ സംവിധായകന് എസ്. ശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്റ് നടപടി മാധ്യമപ്രവര്ത്തകന് കൂടിയായ നോവലിസ്റ്റിന്റെ പരാതിയില്‍. ‘നക്കീരന്‍’ വാരികയുടെ ഡെപ്യൂട്ടി എഡിറ്റര്‍ ആരൂര്‍ തമിഴ്നാടനാണ് ശങ്കറിനെതിരായ പരാതിക്കാരന്. താന്‍ എഴുതി 1996-ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ മൂലകഥ മോഷ്ടിച്ചുവെന്നാണ് പരാതി.
2010-ലാണ് എന്തിരന് തിയ്യേറ്ററുകളില്‍ എത്തുന്നത്. 2011 മേയിലാണ് ആരൂര്‍ തമിഴ്നാടന്‍ ശങ്കറിനെതിരെ പരാതി നല്‍കിയത്. ഇനിയഉദയം എന്ന മാസികയിലാണ് ‘ജുഗിബ’ എന്ന ചെറുനോവല്‍ ആദ്യം പ്രസിദ്ധീകരിച്ചത്. 2007-ല്‍ ഇത് ‘ദിക് ദിക് ദീപിക’ എന്ന മാഗസിനില്‍ പുനഃപ്രസിദ്ധീകരിച്ചു.
എന്തിരന്റെ സംവിധായകനായ ശങ്കറും നിര്‍മാതാവ് കലാനിധി മാരനും ചേര്‍ന്ന് തന്റെ നോവല്‍ മോഷ്ടിച്ചുവെന്നാണ് പരാതി. മൂലകഥ മോഷ്ടിച്ച് ഇതിലേക്ക് പാട്ടുകളും സംഘട്ടനവും ഗ്രാഫിക്സും ചേര്‍ത്ത് സിനിമയാക്കിയെന്ന് തമിഴ്നാടന്‍ ആരോപിക്കുന്നു. വക്കീല്‍നോട്ടീസിന് മറുപടി ലഭിക്കാതായതോടെ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.
കവി കൂടിയായ എഴുത്തുകാരന് എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ച സംവിധായകന് കോടതി 1000 രൂപ പിഴ വിധിച്ചിരുന്നു. തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
ഒരുകോടി രൂപ ആവശ്യപ്പെട്ട് തമിഴ്നാടന്‍ നല്കിയ ഹര്‍ജിയില്‍ ശങ്കറിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. തമിഴ്നാടന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന സാക്ഷികള്‍ ഇല്ലെന്ന് കാണിച്ചായിരുന്നു നടപടി.
ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. ശങ്കറിന്റെ ഉടമസ്ഥതയിലുള്ള 10.11 കോടി രൂപയുടെ മൂന്ന് വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇ.ഡി. നടപടി. വ്യാഴാഴ്ച ഇ.ഡി. തന്നെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
എന്തിരന്റെ കഥയ്ക്ക് പരാതിക്കാരന്റെ ‘ജിഗുബ’യുമായി സാമ്യമുണ്ടെന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കര്‍ ചെയ്തതെന്നാണ് ഇ.ഡി. വിലയിരുത്തല്‍. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒഫന്സില്പ്പെടുന്നതായതിനാലാണ് ഇ.ഡിയുടെ കണ്ടുകെട്ടല്‍ നടപടി. പകര്‍പ്പവകാശനിയമപ്രകാരമുള്ള കേസില്‍ സ്വമേധയാ കേസെടുത്താണ് കണ്ടുകെട്ടല്‍. എന്തിരന് ആകെ 290 കോടി ആഗോള കളക്ഷന്‍ നേടിയെന്നും ഇ.ഡി. കണ്ടെത്തലിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]