
ആശുപത്രിവാസത്തിനിടെ പിന്തുണ നല്‍കിയതിനും സഹായം നല്‍കിയതിനും എ.ആര്.റഹ്മാന് നന്ദി അറിയിച്ച് മുന്‍ഭാര്യ സൈറ ബാനു. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ തന്റെ അഭിഭാഷകരായ ‘വന്ദനാ ഷാ അസോസിയേറ്റ്സ്’ മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് എ.ആര്. റഹ്മാനോട് സൈറ കടപ്പാട് അറിയിച്ചത്. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ സൈറ ബാനു പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നുമാണ് അവര്‍ക്കുവേണ്ടി ‘വന്ദനാ ഷാ ആന്‍ഡ് അസോസിയേറ്റ്സ്’ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഏറെ വെല്ലുവിളിനിറഞ്ഞ ഈ സമയത്ത് സൈറയുടെ ശ്രദ്ധ എത്രയുംവേഗം സുഖംപ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരുടെ കരുതലും പിന്തുണയും അവര്‍ ഏറെ വിലമതിക്കുന്നു. ക്ഷേമത്തിനായി പ്രാര്‍ഥിക്കണമെന്നും സൈറ അഭ്യുദയകാംക്ഷികളോട് അഭ്യര്‍ഥിക്കുന്നു. ഈ വിഷമകരമായ സമയത്ത് ഉറച്ച പിന്തുണനല്കിയ ലോസ് ആഞ്ജലീസിലെ സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, റഹ്മാന് എന്നിവരോട് സൈറ ഹൃദയത്തില്‍നിന്ന് നന്ദി അറിയിക്കുന്നു. അവരുടെ കരുണയ്ക്കും അവര്‍ നല്കിയ പ്രോത്സാഹനത്തിനും അവള് ഏറെ നന്ദിയുള്ളവളാണ്. ദൈവം അനുഗ്രഹിക്കട്ടെ. ഈ സമയത്ത് സൈറ റഹ്മാന് സ്വകാര്യത ആവശ്യമുണ്ടെന്നും വന്ദനാ ഷാ അസോസിയേറ്റ്സ് സൈറയ്ക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്റെ മറ്റുവിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹമോചിതരാവുകയാണെന്ന് സൈറയും എ.ആര്.റഹ്മാനും അറിയിച്ചത്. അടുക്കാനാവാത്തവിധം അകന്നുപോയെന്ന് പറഞ്ഞുള്ള കുറിപ്പോടെയാണ് വിവാഹമോചനത്തിന്റെ കാര്യം സൈറാ ബാനു പങ്കുവെച്ചത്. പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി എ.ആര്.റഹ്മാനും വിവാഹമോചനം സ്ഥിരീകരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]