
സിനിമ ഒരു കലയാകുന്നതും സംഗീതമാകുന്നതും ജീവിതമാകുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍, സിനിമ ഒരു അനുഭവമാകുന്നത് അപൂര്‍വമാണ്. വിശ്വോത്തരങ്ങളായ സൃഷ്ടികള്ക്കുമാത്രമേ അത്തരം അനുഭൂതി പകരാനാവൂ എന്നാണല്ലോ. ‘ഒരു വടക്കന്‍ വീരഗാഥ’ അത്തരത്തിലുള്ള അതിമനോഹരമായ അനുഭവമാണ്. ഇന്നലെ ആ ചലച്ചിത്രം വീണ്ടും കാണുമ്പോള്‍ അതിന്റെ ഏറ്റവും സൂക്ഷ്മായ മേഖലകള്‍പോലും വളരെ ആഴത്തില്‍ തൊട്ടറിഞ്ഞ് ആദ്യത്തേതിനേക്കാള്‍ നന്നായി ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞു.
അധികാരക്കെറുവുകളുടെയും പൊങ്ങച്ചങ്ങളുടെയും വീരപരാക്രമങ്ങളുടെയും മായികമായ സൗന്ദര്യക്കാഴ്ചകളുടെയുമപ്പുറം മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളുടെയും നിസ്സഹായാവസ്ഥകളുടെയും ആത്മനൊമ്പരമാണ് വടക്കന്‍ വീരഗാഥ. അത് ഡിജിറ്റലായി പുനര്‍ജനിച്ചപ്പോള്‍ ജീനിയസായ എം.ടി ഉയിര്‍ത്തെഴുന്നേറ്റ് മുന്നില്‍ നില്ക്കുമ്പോലെ തോന്നുന്നു. സാങ്കേതികത്തികവോടെ പുനഃസൃഷ്ടിച്ച ഡയലോഗുകള്‍ ചാട്ടുളിപോലെ ഹൃദയത്തില്‍ തറയ്ക്കുകയും ചങ്കുപൊട്ടുകയും ചെയ്യുന്നു. അവ ഓരോന്നിനും അധിക പഞ്ച് നല്കാന് സൗണ്ട് ആര്‍ട്ടിസ്റ്റുകള്‍ വളരെയധികം പ്രവര്‍ത്തിച്ചെന്നത് വ്യക്തം. അവര്‍ക്ക് അഭിനന്ദനങ്ങള്‍!
കുറ്റമറ്റരീതിയില്‍ തയ്യാറാക്കിയെടുത്ത പുതിയ സിനിമാപ്രിന്റ് കൂടിയായപ്പോള്‍ വടക്കന്‍ വീരഗാഥ ഇതിഹാസത്തിന്റെ ഇതിഹാസമായി.
പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഇതു വേറെ ലെവലാണ്. നൂറ്റാണ്ടുകളായി മലയാളികള്‍ പാടിനടന്ന വടക്കന്‍ കഥകളിലെ ഗുരുപരമ്പരകളും കളരിമഹിമയും ആയോധനകലകളും അങ്കച്ചേകവന്മാരുടെ ശൗര്യവും പോരാട്ടവും ചമയവും ഏറ്റുമുട്ടലുകളുടെ ഉദ്വേഗവുമെല്ലാം വടക്കന്‍ വീരഗാഥയില്‍ മറ്റൊരിടത്തുമില്ലാത്തതുപോലെ ഏറ്റവും ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു.
ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയുമാണ് ചന്തുവിനെ കൊന്നതെന്ന കഥയ്ക്ക് ഒരു വടക്കന്‍ വീരഗാഥയോടെ അവസാനമായി. വടക്കന്‍പാട്ടുകളിലെ ചന്തുവിനെ എല്ലാവരും മറന്നു. അല്ലെങ്കില്‍ എം.ടി. അതിനെ ഇല്ലാതാക്കി. ഇന്ന് എം.ടിയുടെ ചന്തുമാത്രമേയുള്ളു എല്ലാവരുടെയും മനസ്സില്‍. അതൊരുപക്ഷെ, ചതിക്കാതെ ചതിയനെന്നു വിളിപ്പേരുകിട്ടിയ മനസ്സുകള്‍ ഏറ്റെടുത്തതാവാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അത്തരമൊരനുഭവത്തിലൂടെ കടന്നുപോകാത്തവര്‍ ആരുമുണ്ടാവില്ല. സിനിമ കാണുന്ന ഓരോരുത്തരും ചന്തുവാകുന്നത് അങ്ങനെയാണ്. ചരിത്രത്തെ മാറ്റിയെഴുതാന്‍ എം.ടിയ്ക്കു കഴിഞ്ഞുവെന്നു സാരം.
ഒരിക്കലുമൊരു മാസ്റ്റര്‍പീസ് വെറുതെയുണ്ടാവില്ല. അടുത്തുകൂടുന്നവരെയൊക്കെ ഒരു നിയോഗംപോലെ അറിയാതെ അത് തന്നിലേയ്ക്ക് വലിച്ചടുപ്പിക്കും. അതില്പ്പെടുന്നവര് താന്താങ്ങളുടെ വേഷം ഏറ്റവും ഭംഗിയായി ആടിത്തിമര്‍ക്കുകയും ചെയ്യും! അതുകൊണ്ടാണ് വടക്കന്‍ വീരഗാഥ
മമ്മൂട്ടിയുടെയും ക്യാപ്റ്റന്‍ രാജുവിന്റെയും സുരേഷ്ഗോപിയുടെയും ബാലന് കെ. നായരുടെയും മാധവിയുടെയും ഗീതയുടെയും യേശുദാസിന്റെയും ചിത്രയുടെയും കൈതപ്രത്തിന്റെയും കെ. ജയകുമാറിന്റെയും ബോംബെ രവിയുടെയുമൊക്കെ ഗാഥയായി മാറിയത്. എം.ടി മനസ്സില്‍ക്കണ്ടത് സംവിധായകന് ഹരിഹരനും പ്രൊഡ്യൂസര്‍ പി.വി. ഗംഗാധരനും മാനത്തുകണ്ടു എന്നുപറയാം. അതോ തിരിച്ചോ, സംശയമാണ്.
നിങ്ങള്‍ ഇന്നലെക്കണ്ട ചലച്ചിത്രങ്ങളുടെ എത്ര സീനുകള്‍ ഓര്‍മ്മയുണ്ടാവും? പലതും മറന്നുപോയി എന്നാണുത്തരമെങ്കില്‍ വടക്കന്‍ വീരഗാഥ ഒരിക്കല്‍ക്കൂടിക്കണ്ടു നോക്കൂ. ചലച്ചിത്രാസ്വാദകരുടെയുള്ളില് പൊടിപിടിച്ചു കിടന്നവയെല്ലാം വെട്ടിത്തിളങ്ങുന്നതു നമുക്കുകാണാം. ഇന്നുതന്നെ സിനിമാഹാളില്‍ പോയികാണുക. സങ്കല്‍പ്പിക്കാനാവാത്ത ആ അനുഭവം ആസ്വദിക്കുക. ഇന്നലെ ഞാന്‍ സായാഹ്ന ഷോയില്‍ പോകുമ്പോള്‍ തിരുവനന്തപുരം ലുലുമാള്‍ ടി.വി.എമ്മില്‍ 90% സീറ്റും നിറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]