
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ ചാനലുകളും ഒടിടി വെബ്സൈറ്റുകളും 2021 ലെ ഐടി നിയമത്തിലെ ധാര്‍മിക ചട്ടങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വയം നിയന്ത്രണം ഉറപ്പാക്കണമെന്നും കുട്ടികളിലേക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയാന്‍ ‘എ’ റേറ്റിങുള്ള ഉള്ളടക്കങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരണമെന്നും സര്ക്കാര്നിര്ദേശിച്ചു.
‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയില്‍ പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് വിവര-വിനിമയ മന്ത്രാലയത്തിന്റെ ഇടപെടല്‍.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയമം അനുസരിച്ച് നിരോധിച്ചിരിക്കുന്ന ഉള്ളടക്കം കൈമാറരുത്, പ്രായം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളുടെ വര്‍ഗീകരണം തുടങ്ങിയ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു. സ്വയം നിയന്ത്രിത സമിതികളുടെ മേല്‍നോട്ടത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള് ധാര്‍മിക ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇന്ത്യ ഗോട്ട് ലേറ്റന്റ് എന്ന പരിപാടിയിലെ പാനലിസ്റ്റായ രണ്‍വീര്‍ അല്ലാബാദിയ ഒരു മത്സരാര്‍ഥിയോട് ചോദിച്ച ചോദ്യമാണ് വിവാദമായത്. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. പിന്നാലെ നിരവധി പേര് രണ്‍വീറിനെതിരെ പരാതിയുമായി എത്തി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]