
നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം. സഹനടനായി തുടങ്ങി നായകനായും തിരക്കഥാകൃത്തായും ഗായകനായും ഹാസ്യതാരമായും അവതാരകനായും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ നാല്പത് വര്‍ഷങ്ങള്‍. കരിയറിന്റെ രണ്ടാം ഘട്ടം എന്ന പോലെ വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജഗദീഷ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട കഥാപാത്രമായിരുന്നു മാര്‍ക്കോയിലെ കൊടുംവില്ലന്‍ ടോണി ഐസക്. താനാഗ്രഹിച്ചതിന്റെ നാലിലൊന്ന് പോലും ഇതേവരെ ചെയ്തിട്ടില്ലെന്ന് പറയുകയാണ് ജഗദീഷ്. സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ജഗദീഷ് മനസ് തുറക്കുന്നു.
ഞങ്ങള്‍ 90 കിഡ്സൊക്കെ വളര്‍ന്നു. പക്ഷേ, ജഗദീഷേട്ടനൊക്കെ ഇപ്പോഴും പഴയത് പോലെ തന്നെ. ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നതിന്റെ ഒരു സംഭവം എന്താണ്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമുണ്ട് സത്യത്തില്‍. രൂപത്തില്‍ പ്രായത്തിന്റേതായ മാറ്റങ്ങളൊക്കെ ഉണ്ടെന്നേ.. പിന്നെ പ്രധാന കാര്യം എന്താണെന്ന് വച്ചാല്‍ അത്യാവശ്യം ഒരു ഡിസിപ്ലിന്‍ഡ് ലൈഫ് ആണ് എന്റേത്. ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട് സിനിമയല്ലാതെ മറ്റൊന്നും എനിക്കറിയില്ല എന്ന്. പക്ഷേ എനിക്കങ്ങനെ പറയാന്‍ കഴിയില്ല. സിനിമ അല്ലാതെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിയും. അധ്യാപകനാണ്, പഠിപ്പിക്കാന്‍ അറിയാം, സിനിമയുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് ആകാന്‍ പറഞ്ഞാല്‍ എനിക്ക് ആകാന്‍ പറ്റും സംവിധാനം എനിക്ക് ഇഷ്ടമല്ല വേണമെങ്കില്‍ ആകാം, ഒരു തിരക്കഥ എഴുതാം അങ്ങനെ പലതും ആകാന്‍ പറ്റും. പക്ഷേ ഇതൊക്കെ നില്‍ക്കുമ്പോഴും നമ്മുടെ സ്വപ്നം എന്ന് പറയുന്നത് സിനിമ അഭിനയം തന്നെയാണ്. അതില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ കുറച്ചു കാര്യങ്ങളില്‍ നമ്മള് അച്ചടക്കം പാലിക്കുക തന്നെ വേണം. ഭക്ഷണത്തിന്റെ കാര്യത്തിലായാലും ഉറക്കത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. ചെയ്യുന്ന കഥാപാത്രങ്ങളോട് നീതി പുലര്‍ത്തണമെങ്കില്‍ നമുക്കൊരു ബേസിക് ഡിസിപ്ലിന്‍ വേണം. ആ ബേസിക് ഡിസിപ്ലിന്‍ ഗുണം ചെയ്യുന്നതാണ് ഈ രൂപം. നമുക്ക് ലഭിക്കുന്ന ആ കഥാപാത്രങ്ങളോടും അഭിനയത്തോടും നമുക്കുള്ള കമ്മിറ്റ്മെന്റ് കാരണമാണ് നമ്മള് ഇങ്ങനെ നില്‍ക്കുന്നത്.
ജഗദീഷേട്ടന്റെ ഡാന്‍സ് നമ്പറുകള്‍ ശ്രദ്ധ നേടാറുണ്ട്. സത്യം ശിവം സുന്ദരം എന്ന സിനിമയിലെ ഹവ്വാ ഹവ്വാ പാട്ട് ഷൂട്ട് ചെയ്യുന്ന സമയം ചേട്ടന്റെ പ്രായം മാനിച്ച് റെസ്റ്റ് എടുത്തോളൂ എന്ന് പറഞ്ഞ ചാക്കോച്ചനോട് ആര്‍ക്ക് പ്രായം നീയിങ് വാ എന്ന് പറഞ്ഞ് ഉത്സാഹത്തോടെ ഡാന്‍സ് കളിച്ച ആളാണ് ജഗദീഷേട്ടന്.
അതെന്താണെന്നോ എനിക്ക് ചാക്കോച്ചന്റെ കൂടെ പിടിച്ചു നില്‍ക്കണം. ചാക്കോച്ചന് ഗംഭീര ഡാന്‍സര്‍ ആണെന്ന് അറിയാലോ. അപ്പോള്‍ ചാക്കോച്ചന് പഠിക്കാന്‍ എടുക്കുന്ന സമയത്തിന്റെ ഇരട്ടി സമയമാണ് ഞാന്‍ പഠിക്കാന്‍ എടുക്കുന്നത്. ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞുകൊടുത്താല്‍ ചാക്കോച്ചന് റെഡിയാണ്. എനിക്കത് പറ്റില്ലല്ലോ, ഞാന്‍ മാറി നിന്ന് പഠിക്കും. ഒന്നുകൂടെ അസിസ്റ്റന്റിനെ വിട്ട് പഠിപ്പിച്ച് ടേക്ക് വരുമ്പോള്‍ പിടിച്ചുനിന്നു എന്നുള്ള സംഭവം ഉണ്ട്. തെറ്റിച്ചാല്‍ മോശം അല്ലേ. അതുകൊണ്ട് ആ ഡാന്‍സ് നമ്പറൊക്കെ ഇന്നും കാണുമ്പോള്‍ ഭയങ്കര രസമുള്ള സംഭവമാണ്.
ജഗദീഷേട്ടന്റെ മാത്രം യൂണിക്ക് ആയിട്ടുള്ള കുറേ സ്റ്റെപ്പുകൾ ഉണ്ടല്ലോ.
യൂണിക്ക് എന്ന് പറഞ്ഞാല്‍ അങ്ങനെ ആയിപ്പോകുന്നതാണ്. ഉദാഹരണത്തിന് ഷമ്മി കപൂറിന്റെ പാട്ട് എടുത്ത് നോക്കൂ. അദ്ദേഹത്തിന്റെ ഡാന്‍സ് നമ്പറുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, മറ്റ് ഡാന്‍സേഴ്സ് എല്ലാവരും ഒരേപോലെ കളിക്കുന്നുണ്ടാവും ഷമ്മി കപൂര്‍. പക്ഷേ തന്റെ തനത് സ്റ്റൈലില്‍ ആകും ഡാന്‍സ് കളിക്കുന്നത്. എന്ന് പറഞ്ഞപോലെ എന്റേതായിട്ടുള്ള സ്റ്റെപ്പ് എന്ന് പറഞ്ഞാല്‍ ഈ ഗ്രൂപ്പിന്റെ കൂടെ സിങ്ക് ചെയ്യാന്‍ പറയുമ്പോള്‍ അതത്ര എളുപ്പമല്ലല്ലോ. സിങ്ക് ചെയ്യേണ്ടതാണ് എങ്കില്‍ ഞാന്‍ പഠിച്ച് തന്നെ ചെയ്തിട്ടുമുണ്ട്. ഹിറ്റ്ലര്‍ എന്ന സിനിമയിലെ ‘സുന്ദരിമാരെ കെട്ടിപ്പൂട്ടിയ’ എന്ന പാട്ട് ഞാന്‍ നല്ല പോലെ സ്ട്രെയ്ന്‍ എടുത്ത് കഷ്ടപ്പെട്ട് പഠിച്ച് ചെയ്തതാണ്. സിദ്ധിഖ് ലാല്‍ ലാല്‍ തന്നെ പാട്ടിന്റെ ലിറിക്സ് കേട്ട് പഠിക്കൂ എന്നൊക്കെ പറഞ്ഞ് ടിപ്സ് ഒക്കെ തന്നിരുന്നു. ലാല്‍ മികച്ചൊരു ഡാന്‍സര്‍ കൂടിയാണ്. മോഹന്‍ലാലും മികച്ചൊരു ഡാന്‍സറാണ്.
പാട്ടാണ് ജഗദീഷേട്ടന്റെ മറ്റൊരു ഇഷ്ടം. പാട്ടു പാടി ധാരാളം ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇഷ്ടം പോലെ ട്രോളുകള്‍ കണ്ടിട്ടുണ്ട്. എനിക്ക് ഏറ്റും ഇഷ്ടപ്പെട്ട ഒരു ട്രോള്‍ ഉണ്ട്. അത് ആരാണ് ഉണ്ടാക്കിയതെന്ന് അറിയില്ല, ആരായാലും ശരി അയാളെ കണ്ടെത്തിയാല്‍ ഞാനൊരു ഹാരമിട്ട് സ്വീകരിച്ചേനെ. ട്രോള്‍ ഇങ്ങനെയാണ്. എന്റെ പാട്ട് കേട്ട് സാക്ഷാല്‍ രജനികാന്ത് കരഞ്ഞുകൊണ്ട് നാടുവിട്ട് പോവുകയാണ്. അങ്ങ് അനന്തതയിലേക്ക് നടന്നു പോവുകയാണ്. അതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ആ ക്രിയേറ്റിവിറ്റി സമ്മതിച്ചുകൊടുത്തേ പറ്റൂ. നമ്മളെ ട്രോളുമ്പോള്‍ തീര്‍ച്ചയായിട്ടും നമ്മള് മെച്ചപ്പെടും. നമ്മുടെ പാട്ട് മെച്ചപ്പെടുത്തണമെന്നൊരു തിരിച്ചറിവ് നമുക്ക് ഉണ്ടാകും. ഇപ്പോള്‍ അഭിനയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ഒരാള്‍ മോശം പറഞ്ഞാല്‍ ഉടനെ തന്നെ അവനെന്തറിയാം അഭിനയത്തെക്കുറിച്ച് എന്നല്ല ഞാന്‍ ചോദിക്കുന്നത് അത് മനസ്സിലാക്കി അടുത്ത പടത്തില്‍ ആ പറഞ്ഞ പോയിന്റ് തിരുത്തും. നമ്മുടെ നോട്ടത്തിലോ ചലനത്തിലോ ഭാവത്തിലോ ആ നിരൂപകനോ ആ പ്രേക്ഷകനോ കുറ്റം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭാവിയില്‍ റിപ്പീറ്റ് ചെയ്യാതിരിക്കാന്‍ നമ്മള് ശ്രമിക്കുക അത്രേയുള്ളൂ.
ട്രോള്‍ മാത്രമല്ല കുറേ സ്റ്റിക്കറുകളും മീമുകളും സ്വന്തമായുണ്ടല്ലോ.
അതേ. ഇങ്ങനെ കുറേ സിനിമകളില്‍ നല്ല എക്സ്പ്രഷന്‍സ് കിട്ടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഗോഡ്ഫാദറില് മാലു ഹോസ്റ്റലിലേക്ക് കയറി വരുമ്പോഴുള്ള എണ്ണ തേച്ചു നില്ക്കുന്ന എക്സ്പ്രഷന്‍, അതുപോലെ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്റെ സിമ്പിള്‍ ഡ്രസ് ധരിക്കുന്ന പുരുഷന്, അതുപോലെ ആ ഇടിച്ചിടുന്ന രംഗം, ഹിറ്റലറിലെ ഹൃദയഭാനു, അങ്ങനെ കുറേയെണ്ണം. അക്കാലത്തെ ബെസ്റ്റ് പൂവാലന് ഞാനായിരുന്നു.
ഈ പൂവാലന് ഇമേജ് പാരയായിട്ടുണ്ടോ.
ഏയ് ഒരിക്കലുമില്ല. പൂവാലന് ആയിട്ട് അഭിനയിച്ചു എന്നല്ലേ പറയുന്നത്. അത് പൂവാലന് അല്ലാത്തത് കൊണ്ടല്ലേ.. പൂവാലന് ആണെങ്കില്‍ അയാള്‍ക്ക് അഭിനയിക്കാന്‍ എന്തിരിക്കുന്നു എന്നല്ലേ പറയുക.
അപ്പുക്കുട്ടനാണെങ്കിലും മായിന്കുട്ടിയാണെങ്കിലും മണ്ടത്തരങ്ങള്‍ പറയുമെങ്കിലും കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരൈയും പോകുന്ന വ്യക്തിയാണ്. അങ്ങനെയൊരാള്‍ ആണോ.
സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ അങ്ങനെ കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല ഞാന്‍. എനിക്ക് കൂട്ടുകാര്‍ തന്നിട്ടുള്ള സ്നേഹത്തിന്റെ അത്ര ഞാനവര്‍ക്ക് തിരിച്ചുകൊടുത്തിട്ടില്ലെന്ന് കുറ്റബോധത്തോടെ തന്നെ പറയും. എപ്പോഴും അഭിനേതാവ് എന്ന സംഭവം എന്നെ എപ്പോഴും ഭരിച്ചിട്ടുണ്ട്. ഒരു നാടക സമിതിയില്‍ പോകുമ്പോള്‍ ആ കഥാപാത്രം ആ നാടകം വിജയിക്കണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ചിന്ത. ആ സമയത്ത് ഞാന്‍ പരിചയപ്പെടുന്ന നടന്മാര് എന്നെ സംബന്ധിച്ചിടത്തോളം എന്റെ നാടകത്തില്‍ അഭിനയിക്കുന്ന, മറ്റു കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന നടന്മാര് എന്ന നിലയിലുള്ള സൗഹൃദം ആണ്. ഒരു പരിധിവിട്ട് അവരോട് കൂടുതല്‍ സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നേരെ മറിച്ച് അവര്‍ എനിക്ക് കൂടുതല്‍ സ്നേഹം തന്നിട്ടുണ്ട്. എന്റെ പരിമിതി ഞാന്‍ തുറന്നു പറയുകയാണ്. എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഇങ്ങോട്ട് നല്‍കിയിട്ടുള്ള സ്നേഹത്തിന്റെ അത്ര ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടില്ല.
ഏറ്റവും പുതിയ ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ ചാക്കോച്ചനുമായി ആ സിനിമയുടെ സമയത്തുള്ള സൗഹൃദം ആണ്. അതുകഴിഞ്ഞ് ചാക്കോച്ചന് വയനാട്ടില്‍ പോയി. വേറെ പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ വേറെ പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. എന്നും വിളിക്കലൊന്നുമില്ല. അത് പ്രാക്ടിക്കലും അല്ല യഥാര്‍ത്ഥത്തില്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മോഹന്‍ലാലുള്ള സെറ്റില്‍ ലാലുമായി നല്ല ബന്ധമാണ്. മമ്മൂക്കയുള്ള സെറ്റില്‍ അദ്ദേഹം എന്നെ പ്രത്യേകം കാരവാനില്‍ വിളിച്ച് സംസാരിക്കാറുണ്ട്. അതാണ് സിനിമയുടെ ഫ്രണ്ട്ഷിപ്പ് എന്ന് പറയുന്നത്. അതില്‍ കവിഞ്ഞുള്ള സൗഹൃദത്തിനുള്ള സമയമോ സൗകര്യമോ ഒന്നും പലപ്പോഴും സിനിമയില്‍ ഉണ്ടാകാറില്ല. പിന്നെ അതിനെ വെല്ലുന്ന രീതിയില്‍ എന്തെങ്കിലും ആത്മബന്ധം ആരെങ്കിലും തമ്മില്‍ ഉണ്ടെങ്കില്‍ അതിനെ അസൂയയോടെ ഞാന്‍ നോക്കി കാണുന്നു. എനിക്കത് കഴിഞ്ഞിട്ടില്ല.
നാല് പതിറ്റാണ്ടായി സിനിമയില്‍ സഹനടനായി എത്തി, നായകനായി, ഹാസ്യതാരമായി, ഗായകനായി, തിരക്കഥാകൃത്തായി… ഇപ്പോള്‍ കരിയറിലെ ബെസ്റ്റ് ഫെയ്സിലൂടെയാണ് കടന്നു പോവുന്നതും. എത്രത്തോളം സംതൃപ്തനാണ്.
ഞാന്‍ സംതൃപ്തനല്ലെന്ന് പറയാനാവില്ല, ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. പക്ഷേ ഇനിയും ഒരുപാട് സംതൃപ്തി കിട്ടേണ്ടതായിട്ടുണ്ട്. ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഞാന്‍ പറഞ്ഞില്ലേ അഭിനയത്തിനോടുള്ള എന്റെ ഭ്രമം, അല്ലെങ്കില്‍ കൊതി ഇതൊന്നും അവസാനിച്ചിട്ടില്ല. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ കഴിവുള്ള സംവിധായകരുടെ കീഴില്‍ അഭിനയിക്കണം. പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ കൂടെ ജോലി ചെയ്യണം. അവരുടെ പൊട്ടന്‍ഷ്യല്‍ വ്യത്യസ്തമാണ്. അവര്‍ ചെയ്യുന്ന കലാസൃഷ്ടിയും വ്യത്യസ്തമായിരിക്കും. അതിന്റെ ഭാഗമാകണം. അത്തരം സ്വപ്നങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വേറെ ഒരു ചിന്തയും ഇപ്പോള്‍ ഇല്ല. അടുത്ത നല്ല വേഷം ഏതാണ്, അത് വലുതായാലും ചെറുതായാലും എന്ത് സ്വഭാവത്തില്‍ ഉള്ളതായിരുന്നാലും അത് അഭിനയിച്ചു ഫലിപ്പിക്കുക. അതൊരു വെല്ലുവിളി പോലെ ഏറ്റെടുക്കുക. സാധാരണഗതിയില്‍ ജഗദീഷിനെ അല്ല ഇത് ഏല്‍പ്പിക്കാന്‍ സാധ്യത എന്ന് പറയുന്ന ഒരു റോള്‍ നമ്മളെ ഏല്‍പ്പിക്കുമ്പോള്‍ അത് ചെയ്ത് ഫലിപ്പിക്കുക എന്ന് പറയുമ്പോള്‍ പ്രത്യേക ഒരു സന്തോഷവും തൃപ്തിയും കിട്ടും. ഞാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരു നാലിലൊന്ന് പോലും ഞാന്‍ അവതരിപ്പിച്ചിട്ടില്ല.
ജഗദീഷ് ആ കഥാപാത്രം ചെയ്യില്ലെന്ന് പറഞ്ഞവരെ ഞെട്ടിച്ച റോളായിരുന്നു മാര്‍ക്കോയിലേത്. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഉണ്ടായില്ലേ.
തൊണ്ണൂറ് ശതമാനം റിവ്യൂസും ജഗദീഷ് ഞെട്ടിച്ചു എന്നുള്ളതായിരുന്നു. ചിലര്‍ പറഞ്ഞു, ജഗദീഷ് തരക്കേടില്ലാതെ കൈകാര്യം ചെയ്തുവെന്ന്. പത്ത് ശതമാനം പേര് പറഞ്ഞു, ജഗദീഷിനെ ആ കഥാപാത്രം ഏല്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ജഗദീഷിന്റെ കയ്യില്‍ ആ വേഷം ഭദ്രമായില്ലെന്നും. അവരുടെ അഭിപ്രായത്തെ ഞാന്‍ പുച്ഛിക്കുന്നില്ല. അവരോട് ഞാന്‍ തര്‍ക്കിക്കുന്നില്ല. അത് അവരുടെ അവകാശമാണ്. എങ്കിലും അത്തരം റിവ്യൂകള്‍ കാണുമ്പോള്‍ ഒരു ചെറിയ വിഷമം തോന്നും. പോസറ്റീവ് റിവ്യൂകള്‍ വരുമ്പോള്‍ എന്റെ കുട്ടികളാണ് എന്നെ ആദ്യം വിളിച്ച് ഇന്ന ആളുടെ റിവ്യൂ വന്നിട്ടുണ്ട് നല്ലതാണ് അച്ഛാ എന്ന് പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒരു റിവ്യൂ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ജഗദീഷ് വളരെ മോശമായിപ്പോയെന്ന് പറഞ്ഞുള്ള റിവ്യൂ. എനിക്കാകെ വിഷമം തോന്നി. ഞാന്‍ മകള്‍ രമ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവളെന്നോട് പറഞ്ഞത് ഞാനും ആ റിവ്യൂ കണ്ടു അച്ഛാ പക്ഷേ അതിന് ആകെ 957 വ്യൂസേ ഉള്ളൂ എന്നാണ്. അതൊരു ആശ്വസിപ്പിക്കലാണ്. ആ സമയം രമ്യയില്‍ ഞാന്‍ രമയെ കണ്ടു. രമ ഇതേപോലുള്ള കാര്യങ്ങളിലൊക്കെ എന്നെ ആശ്വസിപ്പിക്കുന്ന തരത്തില്‍ അന്നെന്നെ മക്കള്‍ ആശ്വസിപ്പിച്ചു. ആ സ്ഥാനം ഇന്ന് കുട്ടികളാണ് ഏറ്റെടുത്തിരിക്കുന്നത് രമ്യയും സൗമ്യയും. രമ പറയാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് അവര്‍ എന്നെ വിളിച്ചു പറയുന്നത്.
ഒരു സെലിബ്രിറ്റി ലൈഫിന്റെ ഒരു ആഢംബരവും ജഗദീഷേട്ടനില് കണ്ടിട്ടില്ല.
അതൊരു വലിയ കാര്യമായിട്ട് ഞാന്‍ കണക്കാക്കുന്നില്ല. അതാണ് കാരണം. പണ്ട് നെടുമുടി വേണുച്ചേട്ടന് എന്നോട് പറഞ്ഞിട്ടുണ്ട് ജഗദീഷ് മദ്യം കഴിക്കാത്തത് ഒരു വലിയ കാര്യമായിട്ട് പറയരുത്, കാരണം ജഗദീഷിന് മദ്യം ഇഷ്ടമല്ല, അതുകൊണ്ട് ജഗദീഷ് കഴിക്കുന്നില്ല അതൊരു ത്യാഗമല്ല. ജഗദീഷിന് മദ്യം ഇഷ്ടമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചാല്‍ അതാണ് ത്യാഗം എന്ന്. അതുപോലെ ആഡംബര ജീവിതം നയിക്കുന്നത് ഒരു വലിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. എനിക്ക് ആഡംബര ജീവിതം ഇഷ്ടമല്ല, അതുകൊണ്ട് അതിന്റെ ഭാഗമാകുന്നില്ല എന്നുള്ളതേ ഉള്ളൂ. അതൊരു വലിയ ത്യാഗം ആയിട്ടോ എന്നെ കണ്ടു പഠിക്കൂ എന്നൊന്നും ഞാന്‍ പറയുന്നില്ല. എനിക്കിതാണ് വളരെ കംഫര്‍ട്ടബിള്‍. അവനവന് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കാര്യങ്ങളില്‍ അവനവന് ഏര്‍പ്പെടുക. എന്റെ കുട്ടിക്കാലം മുതല്‍ ഈ ദിവസം വരെയുള്ള കാര്യത്തില്‍ എനിക്കൊരു ഒരു പോഷ് ലൈഫും വലിയ ഒരു സ്റ്റാര്‍ ഹോട്ടല്‍ ജീവിതവും അങ്ങനെയുള്ള കാര്യങ്ങളൊന്നും മോഹിപ്പിച്ചിട്ടില്ല. ഞാനൊരു ഫൂഡി അല്ല. കുട്ടികളും ഭാര്യയുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ മെനുവൊക്കെ നോക്കി ചര്‍ച്ച ചെയ്ത് ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഞങ്ങള്‍. പണ്ടത്തെ ട്രഡീഷനില്‍ നിന്നും മോചിതനല്ല ഞാന്‍. അത്യാവശ്യം ഒരു മിഡില്‍ ക്ലാസ് ലൈഫില്‍ സുഖം കണ്ടുപിടിക്കുന്ന ആളാണ്.
അതുപോലെ ഏത് സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന ആളല്ലേ.
മണിയന്‍പിള്ള രാജു പറയാറുണ്ട് എങ്ങനെയാണ് അളിയാ ഫസ്റ്റ് ഡേ ഇങ്ങനെ സിനിമ കാണാന്‍ പോകുന്നത് എന്ന്. ഞാന്‍ പറയും എനിക്ക് കംഫര്‍ട്ടബിള്‍ ആണ്. എനിക്കൊരു പ്രശ്നവുമില്ല. തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ ഒരു സിനിമ റിലീസ് ആകുമ്പോള്‍ ഏറ്റവും ആദ്യം ഷോ തുടങ്ങുന്നത് ഏത് തീയേറ്ററില്‍ ആണെന്ന് നോക്കിയിട്ടാണ് ഞാന്‍ കാണാന്‍ പോകുന്നത്. രാവിലെ ഒമ്പത് മണിക്ക് ഷോ തുടങ്ങുന്ന തീയേറ്റര്‍ ഉണ്ടെങ്കില്‍ അവിടെ പോകും. ഇതെങ്ങനെ സാധിക്കുന്നു എന്ന് മോഹന്‍ലാലും മറ്റും അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട്. എനിക്കൊരു പ്രശ്നം തോന്നിയിട്ടില്ല. കൂടിപ്പോയാല്‍ പത്തു പേര് വന്ന് ഒരു സെല്‍ഫി എടുക്കണം എന്ന് പറയും. അതൊന്നും സാരമില്ല ഞാന്‍ ഹാപ്പിയാണ്. അതുകൊണ്ട് എല്ലാവരും ഇങ്ങനെ എന്നെപ്പോലെ ഫസ്റ്റ് ഡേ കണ്ടുകൂടെ എന്ന് ചോദിക്കാന്‍ പറ്റില്ല. അത് അവരവരുടെ സൗകര്യമാണ്. നമ്മുടേത് മാത്രമാണ് ശരിയെന്ന അഭിപ്രായം എനിക്കില്ല.
ജഗദീഷേട്ടനിലെ നടനെ നന്നായിട്ട് എക്സ്പ്ലോയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് മലയാള സിനിമ. മാക്സിമം എല്ലാം പിഴിഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വരുമ്പോള്‍ ജഗദീഷേട്ടന് എങ്ങനെയായിരുന്നു ആ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന് ജിത്തു അഷ്റഫ്, ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ആത്മബന്ധമുണ്ട്. ഈ പടം തുടങ്ങുന്ന സമയത്ത് ജിത്തു എന്നെ ഫോണില്‍ വിളിച്ചാണ് പറയുന്നത് ജഗദീഷേട്ടാ ഇതേപോലെ ഒരു കഥാപാത്രം ഉണ്ട് എന്ന്. ഫോണില്‍ കൂടി തന്നെ വിശദമായി കഥാപാത്രത്തെ പറഞ്ഞു തന്നിരുന്നു. നേരിട്ട് തിരുവനന്തപുരത്ത് വന്ന് കാണാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് പറഞ്ഞത് വേണ്ട ഫോണില്‍ക്കൂടി പറഞ്ഞാല്‍ മതിയെന്ന് കാരണം ജിത്തുവിന്റെ കമ്മിറ്റ്മെന്റ് ഭ്രമത്തിന്റെ സമയത്ത് തന്നെ കണ്ടതാണല്ലോ. നമ്മള് ആഗ്രഹിച്ച പോലെ തന്നെ ഈ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് ജിത്തു അഷ്റഫിന്റെ കമ്മിറ്റ്മെന്റും പെര്‍ഫെക്ഷനുമാണ് പ്രധാന കാരണം. നല്ല പോലെ കഷ്ടപ്പെട്ട് ഒരു നല്ല കലാസൃഷ്ടി, നല്ല സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കണം എന്ന കാര്യത്തില്‍ ജിത്തുവിന് ഒരു കണ്‍ഫ്യൂഷനും ഇല്ലായിരുന്നു.
ചോദിച്ച പോലെ പരമാവധി എല്ലാവരില്‍ നിന്നും പിഴിഞ്ഞെടുത്തിട്ടുണ്ട്. ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ്ങായ ആളാണ് ജിത്തു. തിരക്കഥയില്‍ പല വട്ടം ചര്‍ച്ചകള്‍ നടന്നു, പലതവണ മാറ്റിയെഴുതി. അങ്ങനെ ഫൈനല്‍ ഔട്ട്പുട്ട് ലരുമ്പോള്‍ നമുക്ക് തന്നെ തൃപ്തി തോന്നും. ഒരു പ്രമോഷന് വന്നിരുന്ന് സിനിമയെപറ്റി സംസാരിക്കുമ്പോള്‍ നമുക്ക് ഒരു ആത്മവിശ്വാസം വേണം. ഇല്ലെങ്കില്‍ നാളെ പ്രേക്ഷകര്‍ നമ്മുടെയടുത്ത് ചോദിക്കും എന്താണ് എന്താണ് അവിടെ ഇരുന്ന് എഴുന്നള്ളിയത്,ഭയങ്കര തള്ളായിരുന്നല്ലോ എന്ന്. അത് പറയാന്‍ പാടില്ല. അതുകൊണ്ട് സൂക്ഷിച്ചേ ഞാന്‍ സംസാരിക്കാറുള്ളൂ. ഞാന്‍ തള്ളുന്നില്ല, ഇത്രയേ പറയുന്നുള്ളൂ. ജിത്തു നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. നല്ല പോലെ സംവിധാനം ചെയ്തിട്ടുണ്ട്. ഷാഹി കബീര്‍ നന്നായിട്ട് എഴുതിയിട്ടുണ്ട്. ചാക്കോച്ചന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സസ് ആയിരിക്കും ഈ ചിത്രത്തിലേത്. അതിനുവേണ്ടിയുള്ള പരിശ്രമം ചാക്കോച്ചന് എടുത്തിട്ടുമുണ്ട്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എ ഗുഡ് ഫിലിം എന്ന് പറയാന്‍ പറ്റുന്ന ഒരു സംഭവം ഇതിനകത്തുണ്ട്. ഇത്രയും ഗ്യാരന്റിയോടെ എനിക്ക് പറയാന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]