
കൊച്ചി: “സിനിമ കേട്ടറിവ് മാത്രമായിരുന്ന കാലം. ചെല്ലുന്നിടത്തെല്ലാം ആളുകൾ ഓടിയെത്തി. കേരളത്തിലുടനീളം പ്രൊജക്ടറുമായി ഞങ്ങൾ യാത്ര ചെയ്തു. ഉത്സവ-പെരുന്നാൾ പറന്പുകൾ, ക്ലബ്ബുകൾ, ഫിലിം സൊസൈറ്റികൾ അങ്ങനെ എണ്ണമറ്റ ഇടങ്ങൾ” – 72-കാരി ജയ കമ്മത്ത് പറയുന്പോൾ ഒരു കാലംതന്നെ മുന്നിൽ കാണാം. ഐമാക്സ് സ്ക്രീനുകളുടെ കാലത്തെ ഒരു 16 എം.എം. കഥയാണത്. 16 എം.എം. പ്രൊജക്ടറിൽ കേരളത്തെ സിനിമ കാണിച്ച ബാലകൃഷ്ണൻ-ജയ കമ്മത്ത് ദമ്പതിമാരാണ് കഥാപാത്രങ്ങൾ. തിരശ്ശീലയുടെ പിന്നിലെ ഇവരുടെ കഥയാണ് 16 എം.എം. സ്റ്റോറീസ് എന്ന ഡോക്യുമെന്ററി. വെള്ളിയാഴ്ച രാവിലെ 10-ന് ചാവറ കൾച്ചറൽ സെന്ററിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചടങ്ങിൽ ഡോക്യുമെന്ററി തെളിയുമ്പോൾ അത് ഷോർട്ട് ഫിലിമിനെ ജീവിതത്തിന്റെ വൈബായി കാണുന്ന ഇളം തലമുറയുടെ സ്നേഹാദരമാകും.
കമ്മത്ത് ദമ്പതിമാരുടെ 50 വർഷത്തെ ജീവിത കഥയാണ് 29 മിനിറ്റുള്ള ഡോക്യുമെന്ററിയെന്ന് സംവിധായകൻ കലൂർ സ്വദേശി വി.കെ. സുഭാഷ് പറഞ്ഞു.
എച്ച്.ബി.കെ. ഹൗസ്
കഴിഞ്ഞ വർഷം കൊച്ചി നെട്ടേപ്പാടം റോഡിലെ എച്ച്. ബാലകൃഷ്ണ കമ്മത്ത് (എച്ച്.ബി.കെ.) ഹൗസ് മ്യൂസിയമായി. 2015-ൽ മരിച്ച ബാലകൃഷ്ണ കമ്മത്തിന്റെ ഓർമ്മയ്ക്ക് ഭാര്യയുടെ ആദരം. വീട്ടിലെ ഓരോ മൂലയിലും സിനിമ – സുഭാഷ് പറഞ്ഞു. ലെൻസുകൾ, അമേരിക്കൻ പ്രൊജക്ടറുകൾ, 8, 16, 35 എം.എം. പ്രിൻറുകൾ, ഫിലിം കട്ടിങ് മെഷീനുകൾ, ചുമരുകൾ നിറയെ പോസ്റ്ററുകൾ. ഭാർഗവീനിലയത്തിന്റെ ഒറിജിനൽ പോസ്റ്ററും 1967-ലെ ദി ജംഗിൾ ബുക്കിന്റെ 8 എം.എം. പ്രിൻറും ബെൽ ആൻഡ് ഹോവെൽ പ്രൊജക്ടറുമെല്ലാമുണ്ട് കൂട്ടത്തിൽ. എല്ലാം ഒറിജിനൽ – അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ എച്ച്.ബി.കെ.യിലെ സിനിമ നിധിശേഖരത്തിന് പരിപാലനം അത്യാവശ്യമാണെന്ന് ജയ കമ്മത്ത് പറഞ്ഞു. പോസ്റ്ററുകൾ തൊട്ടാൽ പൊടിയുമെന്ന നിലയിലായി. എല്ലാം കാത്തുസൂക്ഷിക്കണം. സമ്പൂർണ മ്യൂസിയമായി പുതുതലമുറയ്ക്ക് സമർപ്പിക്കണം, അവർ പറഞ്ഞു. ഡോക്യുമെന്ററി സിനിമ കണ്ട് സഹായകരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജയ കമ്മത്തും സുഭാഷും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]