
ഇരട്ടകൾ ചേർന്ന് ഒരു സിനിമയുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക, ആ സിനിമ വൻ വിജയമായി നിറഞ്ഞ തിയേറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. പറഞ്ഞുവരുന്നത് ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ കുറിച്ചാണ്. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ഡാർവിനും ഡോൾവിനും ഇരട്ടകളാണ്. ഒരു സിനിമയുടെ സംവിധായകനും നിർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ഇതാദ്യമാണ്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറവെയാണ് ഇവര്ർ തങ്ങളുടെ പിറന്നാളും ആഘോഷിക്കുന്നത്. സിനിമയുടെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടി മധുരമാണ്.
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ഈ സിനിമയുടെ സംവിധായകൻ നവാഗതനായ ഡാർവിൻ കുര്യാക്കോസാണ്. ജിനു വി എബ്രഹാം, ജോണി ആൻറണി തുടങ്ങിയവരോടൊപ്പം ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഡാർവിൻറെ ഇരട്ട സഹോദരനായ ഡോൾവിൻ കുര്യാക്കോസാണ് ഈ ഇൻവെസ്റ്റിഗേഷൻ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. തൻറെ ആദ്യ സ്വതന്ത്രസംവിധാന സംരംഭമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സ്വന്തം സഹോദരൻ തന്നെ നിർമ്മിക്കാൻ ഇടയായതിനെ കുറിച്ച് ഡാർവിൻ പറഞ്ഞത് ഇങ്ങനെയാണ്.
”ഇരട്ടകളായതിനാൽ എന്നെയും ഡോൾവിനേയും സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഉള്ള ടേസ്റ്റ് ഒരുപോലെയാണെന്ന് പറയാൻ പറ്റില്ല. പൊതുവായി ചില കാര്യങ്ങളൽ ടേസ്റ്റ് ഒരേ പോലെയായിരിക്കാം. ചെറുപ്പം മുതൽ ഞാനും അവനും ഒന്നിച്ചാണല്ലോ എല്ലാ കാര്യങ്ങളും എക്സ്പീരിയൻസ് ചെയ്തത്. പാരൻറ്സ് ഞങ്ങളെ വീട്ടിൽ നിന്ന് കൊണ്ടുപോയി കാണിക്കുന്ന സിനിമകൾ വരെ ഒന്നായിരുന്നു. അതിനാൽ തന്നെ ടേസ്റ്റ് ചില കാര്യങ്ങളിൽ ഒന്നിച്ചുവരും, ചില കാര്യങ്ങളിൽ രണ്ടായിരിക്കും. പക്ഷേ സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ ടേസ്റ്റാണ്. ചിലപ്പോൾ അത് ചെറുപ്പം മുതൽ കണ്ടുവന്ന സിനിമകൾ ഒന്നായത് കൊണ്ടാകാം. എനിക്ക് ഡയറക്ടറാകണമെന്ന ആഗ്രഹം ഉള്ളിൽ വരുന്നതിന് മുമ്പേ തന്നെ ഡോൾവിന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഡോൾവിൻ പ്രൊഡക്ഷനിലേക്ക് വന്നത് എനിക്ക് ഡയറക്ടറാകാൻ വേണ്ടിയല്ല. ഇരുവർക്കും സിനിമ ഇഷ്ടമാണ്. സഹകരിച്ച് പോകണമെന്ന ആഗ്രഹത്തിൽ ഞങ്ങൾ ഒരുമിച്ചൊരു സിനിമയൊരുക്കുകയായിരുന്നു. ഞങ്ങൾക്ക് സിനിമ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റൻറ് ഡയറക്ടറാകാൻ ജോണി സാറിനടുത്ത് വന്നതായിരുന്നു ആ സമയത്തെ ഏക സിനിമാ ബന്ധം. സിനിമയിൽ വന്ന ശേഷം നിരവധി സൗഹൃദങ്ങൾ ഉണ്ട്. തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഫെഫ്ക റൈറ്റേഴ്സ് യൂണിയനോടൊപ്പം ചേർന്ന് ഡോൾവിൻ ‘കാപ്പ’ നിർമ്മിച്ച ശേഷം ഒട്ടേറെ ബന്ധങ്ങൾ സിനിമാലോകത്ത് ഞങ്ങൾക്കുണ്ടായി. ഒടുവിൽ ഇപ്പോൾ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ ഞങ്ങളുടെ യാത്ര എത്തി നിൽക്കുന്നു”, ഡാർവിൻ കുര്യാക്കോസിൻറെ വാക്കുകൾ.
”ഡാർവിൻ കൊണ്ട വെയിലും മഴയുമാണ് സിനിമയിൽ എൻറെ തണൽ എന്ന് പറയാനാണ് തനിക്ക് ഇഷ്ടമെന്ന് ഡോൾവിൻ മനസ്സ് തുറക്കുന്നു. ആദ്യം സിനിമയുമായി ബന്ധമുണ്ടായത് ഡാർവിന് ആയിരുന്നു. അതിന് ശേഷമാണ് ഞാൻ സിനിമയുടെ ഭാഗമായി എത്തിയത്. അന്വേഷിപ്പിൻ കണ്ടെത്തും മികച്ച വിജയം നേടി മുന്നേറുമ്പോൾ പറഞ്ഞ ബജറ്റിലും കുറവ് മാത്രം ചിലവഴിച്ച് സിനിമയൊരുക്കിയ ഡാർവിൻ എന്ന സംവിധായകൻറെ കൂടി വിജയമെന്ന് പറയാം. ഇതുവരെ ചിത്രം കേരള ബോക്സോഫീസിൽ നിന്ന് 12 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് കഴിഞ്ഞു. ഗ്ലോബൽ കളക്ഷൻ കൂടി ചേരുമ്പോൾ അത് 18 കോടി കടക്കും. ഒടിടി റൈറ്റ്സും മറ്റുമൊക്കെ ഇതിന് പുറമെ വരും, ഞങ്ങളൊരുമിച്ച ആദ്യ സിനിമ ഇത്ര വലിയൊരു വിജയം നേടിയതിനാൽ തന്നെ ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്”, ഡോൾവിൻ പറഞ്ഞിരിക്കുകയാണ്.
തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ വേറിട്ടൊരു അധ്യായം തന്നെയായിരിക്കുകയാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം വൻ ജനപ്രവാഹമാണ് സിനിമ കാണാനായെത്തിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]