മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി പദ്ധതിയിട്ടത് താരത്തിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാനായിരുന്നോ എന്നകാര്യം പോലീസ് അന്വേഷിക്കുന്നു. കഴിഞ്ഞദിവസം കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നാണ് പോലീസ് സംഘം വിശദമായി അന്വേഷിക്കുന്നത്. നടന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണോ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറിയത് എന്നകാര്യമാണ് ഇതില്‍ പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ട്, അത് കൈക്കലാക്കിയശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നോ പ്രതിയുടെ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്. നടന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഹോംനഴ്സായ ഏലിയാമ്മ ഫിലിപ്പിനെയാണ് ആദ്യം കണ്ടത്. അക്രമി ഒരുകോടി രൂപ ചോദിച്ചതായും ഇയാളെ ചെറുത്തപ്പോള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായുമാണ് ഏലിയാമ്മ പോലീസിന് നേരത്തെ നല്കിയ മൊഴി. ഇത് ഉള്‍പ്പെടെയുള്ള മൊഴികള്‍ വിശകലനംചെയ്ത ശേഷമാണ് കവര്‍ച്ച എന്നതിലുപരി പ്രതിക്ക് മറ്റെന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നത്.
അതിനിടെ, കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഹ്സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന് അടക്കമുള്ളവരെ ശാരീരികമായി കീഴ്പ്പെടുത്താന്‍ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
സെയ്ഫ് അലി ഖാന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം ബാന്ദ്രയില്‍നിന്ന് ദാദര്‍, വര്‍ളി, അന്ധേരി എന്നിവിടങ്ങളിലെത്തിയശേഷമാണ് പ്രതി താനെയില്‍ എത്തിയത്. പോലീസ് പിടിയില്‍നിന്ന് രക്ഷപ്പെടാനായി താനെയിലെ ഒരു ലേബര്‍ക്യാമ്പിലാണ് പ്രതി ഒളിച്ചിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് വര്‍ളിയില്‍ ജോലിചെയ്തിരുന്ന സമയത്തും മുഹമ്മദ് ഷെഹ്സാദ് കവര്‍ച്ച നടത്തിയിരുന്നതായാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. വജ്രമോതിരം മോഷ്ടിച്ചതിന് പിന്നാലെ ഇയാളെ ജോലിസ്ഥലത്തുനിന്ന് പറഞ്ഞുവിട്ടു. ഇതിനുശേഷം കഴിഞ്ഞ ഡിസംബര്‍ വരെ താനെയിലെ ഒരു റസ്റ്ററന്റിലായിരുന്നു പ്രതി ജോലിചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]