ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ, ട്രെയിലർ പ്രകാശനം കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് മുൻ സാംസ്ക്കാരിക,ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, റബ്ബർ ബോർഡ് അംഗം എൻ ഹരി എന്നിവർ ചേർന്നു നിർവ്വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ അനിൽകുമാർ, മുൻ കൗൺസിലർ, പി.എൻ. കെ. പിള്ള, സി.എം.എസ്. കോളജ് മുൻരസതന്ത്ര വിഭാഗം പ്രൊഫസർ പി.സി. വർഗീസ്, സംവിധായകൻ സോണി ജോസഫ്, നിർമ്മാതാവ് ശൈലജ ശ്രീനിവാസൻ, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അവിരാച്ചനെ അവതരിപ്പിക്കുന്ന ശ്രീനിവാസൻ നായർ, ചിത്രത്തിലെ മറ്റഭിനേതാക്കളും അണിയറ പ്രവർത്തകരും, കലാ സാംസ്ക്കാരിക പ്രവർത്തകരും സംബന്ധിച്ചു.
സമൂഹത്തിനു നന്മയുടെ സന്ദേശം നൽകുവാൻ സിനിമ ഒരു നല്ല മാധ്യമം ആണെന്നും ഈ സിനിമയുടെ ട്രെയ്ലറിൽ നിന്നും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു നല്ല സന്ദേശം ആയിരിക്കും നൽകാൻ ഉദ്ദേശിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജോലിയുടെ ഒരു വലിയ കാലയളവു മിച്ചമുണ്ടായിരുന്നിട്ടും കലയെ സ്നേഹിച്ച ശ്രീനിവാസൻ നായരുടെ ഏതാണ്ട് രണ്ടു പതിറ്റാണ്ടിന്റെ സിനിമ മോഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകുന്നതെന്നും അതുകൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ചടങ്ങിൽ സംസാരിച്ച ശ്രീ എൻ ഹരി അഭിപ്രായപ്പെട്ടു.
അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തിയുടെ അണിയറ പ്രവർത്തകർക്കു ചടങ്ങിൽ സംസാരിച്ച മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീ പി. എൻ. കെ പിള്ള, സി. എം. എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പി.സി വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ചിത്രം ജനുവരി അവസാന വാരത്തിൽ എഫ്.എൻ. എന്റർടൈൻമെന്റ്സ് തീയറ്ററുകളിൽ എത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]