പല ബോളിവുഡ് താരങ്ങളുടേയും മേല്‍വിലാസം തേടിപ്പോയാല്‍ നമ്മള് ചെന്നെത്തുക ബാന്ദ്രയിലായിരിക്കും. ദിലീപ് കുമാറും റിഷി കപൂറുമെല്ലാം താമസിച്ച ബോളിവുഡിന്റെ ഈ ‘സ്വര്‍ഗത്തില്‍’ തന്നെയാണ് ഖാന് ത്രിമൂര്‍ത്തികളും കുടുംബത്തോടൊപ്പം കഴിയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുക്കറുടെ മേല്‍വിലാസവും ഇതുതന്നെയാണ്. ഷാരൂഖ് ഖാന്റെ മന്നത്തും സല്മാന് ഖാന്റെ ഗാലക്സി അപ്പാര്‍ട്മെന്റും ആമിര്‍ ഖാന്റെ ഫ്രീദാ അപ്പാര്‍ട്ട്മെന്റും ബാന്ദ്രയെ സമ്പന്നമാക്കുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ല ഇന്‍ ദി സ്കൈ, രണ്‍ബീര്‍ കപൂറിന്റെ കൃഷ്ണരാജ് എന്നീ വീടുകളും ബാന്ദ്രയില്‍ തന്നെയാണ്.
പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളില്‍ പലതും ബാന്ദ്രയ്ക്ക് അടുത്താണ് എന്നതാണ് താരങ്ങള്‍ ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. അതുമാത്രമല്ല, കടലിന്റെ പശ്ചാത്തലത്തിലുള്ള വീടുകളും ആഡംബര ഷോപ്പിങ് മാളുകളും ടോപ്പ് റസ്റ്ററന്റുകളും കോര്‍പറേറ്റ് ഹബ്ബുകളും ബാന്ദ്രയെ പല താരങ്ങളുടേയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ആര്.ബി.ഐ, യു.എസ് കോണ്‍സുലേറ്റ്, നെറ്റ്ഫ്ളിക്സ്, ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, ജിയോ, ആപ്പിള്‍ തുടങ്ങിയവയുടേയെല്ലാം ഓഫീസുകള്‍ ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമായിട്ടാണുള്ളത്. എന്നാല്‍ ഈ ‘ബോളിവുഡ് ഹബ്’ ഇപ്പോള്‍ അത്ര സുരക്ഷിതമല്ല. തുടര്‍ച്ചയായ ആക്രമണങ്ങളും മോഷണശ്രമവുമെല്ലാം ബാന്ദ്രയുടെ സുരക്ഷയെ ചോദ്യചിഹ്നത്തിലാക്കുന്നു. കോടികള്‍ കൊടുത്ത് വാങ്ങിയ വീടുകളില്‍ സമാധാനത്തോടെ ഉറങ്ങാന്പറ്റിയില്ലെങ്കില് പിന്നെ അതുകൊണ്ട് എന്താണൊരു പ്രയോജനം?
ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ അപ്പാര്‍ട്മെന്റില്‍ ഇതിക്രമിച്ചുകയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച വാര്‍ത്തയോടെയാണ് വ്യാഴാഴ്ച്ച ബോളിവുഡ് ഉണര്‍ന്നത്. ഇതിനും മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ബാന്ദ്രയെ നടുക്കിയ ഒരു കൊലപാതകം സംഭവിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 12-ന് എന്‍.സി.പി നേതാവ് ബാബാ സിദ്ദിഖിക്കുനേരെ വെടിവെയ്പ്പുണ്ടായത് ബാന്ദ്രയിലെ അദ്ദേഹത്തിന്റെ മകന് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിന് മുന്നില്‍വെച്ചാണ്. ആശുപത്രിയിലെത്തും മുമ്പെ അദ്ദേഹം മരിച്ചു. അതിനും മുമ്പ് ഏപ്രിലില്‍ സല്മാന് ഖാന്റെ ഗാലക്സി അപ്പാര്‍ട്മെന്റിന് നേരെയും ആക്രമണമുണ്ടായി.
സല്മാന് ഖാന് താമസിക്കുന്ന ഗാലക്സി അപ്പാര്‍ട്മെന്റിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ചപ്പോള്‍| Photo: ANI
മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന അപ്പാര്‍ട്മെന്റിലേക്ക് ഏപ്രില്‍ 14-ന് അര്‍ധരാത്രിയോടെ ഒരു സംഘം വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ വെടിയുണ്ട തറച്ചുകയറിയ പാടുകള്‍ കണ്ടു. എന്നാല്‍ പോലീസിനെ അറിയിച്ചപ്പോഴേക്കും അക്രമകാരികള്‍ രക്ഷപ്പെട്ടിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പെട്ട ആളുകളാണ് ഇതിന് പിന്നിലെന്ന് പോലീസ് പീന്നീട് കണ്ടെത്തി. ഇതിനുശേഷം സല്മാന് ഖാന്റെ വീടിന്റെ സുരക്ഷ കൂട്ടിയിരുന്നു. ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിച്ചു. വൈദ്യുത വേലിയും കെട്ടി. ഇപ്പോഴിതാ സെയ്ഫ് അലി ഖാന്റെ വീടിന്റേയും സുരക്ഷാവേലികള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.
മോഷ്ടാവിന്റെ കുത്തേറ്റത് ആറ് വട്ടം
വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30-നാണ് സെയ്ഫിന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രികളിലൊന്ന് സംഭവിച്ചത്. സെയ്ഫിനൊപ്പം കരീനാ കപൂറും മക്കളായ തൈമൂറും ജെഹും വീട്ടിലുള്ളപ്പോഴാണ് മോഷ്ടാവ് അതിക്രമിച്ചെത്തിയത്. ആദ്യം ജെഹ് ഉറങ്ങുന്ന മുറിയിലെത്തിയ മോഷ്ടാവ് ജെഹിനെ പരിചരിക്കുന്ന ഏലിയാമ്മ ഫിലിപ്പിനെ ആക്രമിച്ചു. കൈത്തണ്ടയില്‍ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി. ഇവര്‍ ഉറക്കെ കരഞ്ഞതോടെ കിടപ്പുമുറിയില്‍നിന്ന് സെയ്ഫും കരീനയും ഓടിയെത്തുകയായിരുന്നു.
നിങ്ങള്‍ ആരാണ്? എന്തുവേണം എന്ന് സെയ്ഫ് അക്രമിയോട് ചോദിച്ചു. ഇതോടെ അയാള്‍ സെയ്ഫിനേയും ആക്രമിച്ചു. അവിടേക്ക് ഓടിവന്ന മൂത്ത മകന് തൈമൂറിന്റെ പരിചാരക ഗീതയേയും അക്രമി ഹാക്സോ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. ഇതിനിടയില്‍ വീട്ടിലെ മറ്റ് ജോലിക്കാര്‍ ഓടിയെത്തുകയും അക്രമിയെ തടയുകയും ചെയ്തു. ഇതിനിടയില്‍ ഒരു ജോലിക്കാരന് സെയ്ഫിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ആറ് തവണ കുത്തേറ്റ താരം നിലവില്‍ അപകാടവസ്ഥ തരണം ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയനായ സെയ്ഫിനെ കാണാന്‍ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അക്രമിയെ മുംബൈ പോലീസ് താനെയില്‍നിന്ന് പിടികൂടി. ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുല്‍ ഇസ്ലാം ഷെഹ്സാദാണ് പിടിയിലായത്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാള്‍ ആറ് മാസമായി വിവിധ പേരുകളിലായി വീട്ടുജോലിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ബംഗ്ലാദേശിലെ ജലോക്തി സ്വദേശിയായ ഇയാള്‍ മുംബൈയിലെ ഒരു ഹൗസ് കീപ്പിങ് ഏജന്‍സി വഴി വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വീട് കൊള്ളയടിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിയത്. സെയ്ഫ് അലി ഖാന്റെ വീടാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.
സെയ്ഫ് അലി ഖാന്റെ അപാര്‍ട്മെന്റിന് മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ | Photo:ANI
ഒരു സെന്റിന് ഒന്നരക്കോടി
ബാന്ദ്രയില്‍ ഒരു തുണ്ട് ഭൂമി വാങ്ങണമെങ്കില്‍ പൊന്നുംവില തന്നെ നല്‍കണം. 2024 ഡിസംബറിലെ ഭൂമിവിലപ്രകാരം ബാന്ദ്ര വെസ്റ്റില്‍ ഒരു ചതുരശ്ര അടി ഭൂമിക്ക് നല്‍കേണ്ട ചുരുങ്ങിയ വില 33600 രൂപയാണ്. അതായത് അത് ഒരു സെന്റിലെത്തുമ്പോള് ഏകദേശം ഒന്നരക്കോടി രൂപയാകും. എന്നാല്‍ ബാന്ദ്ര ഈസ്റ്റില്‍ വില ഒരിത്തിരി കുറയും. ഒരു ചതുരശ്ര അടിക്ക് 25160 രൂപ മുതല്‍ 35870 രൂപ വരേയാണ്.
ബാന്ദ്ര വെസ്റ്റിലെ ബാന്‍ഡ് സ്റ്റാന്‍ഡിലാണ് ഷാരൂഖ് ഖാന്റെ മന്നത്ത് എന്ന് പേരുള്ള വീടുള്ളത്. 27000 ചതുരശ്ര അടിയുള്ള ഈ ബംഗ്ലാവിന് 200 കോടി രൂപയാണ് വില. 2001-ല്‍ 13 കോടി രൂപയ്ക്കാണ് കിങ് ഖാന് ഈ ബംഗ്ലാവ് വാങ്ങിയത്. കടലിന് അഭിമുഖമായി നില്ക്കുന്ന ഈ വീടിന് ആറ് നിലകളാണുള്ളത്.
കഴിഞ്ഞ 40 വര്‍ഷത്തോളമായി സല്മാന് ഖാന്റേയും കുടുംബത്തിന്റേയും വീട് ബാന്ദ്ര വെസ്റ്റിലെ ബാന്‍ഡ് സ്റ്റാന്‍ഡിലെ ഗാലക്സി അപാര്‍ട്മെന്റാണ്. രണ്ട് നിലകളായുള്ള അപാര്‍ട്മെന്റിലെ താഴത്തെ നിലയിലാണ് സല്മാന് താമസിക്കുന്നത്. നിലവില്‍ 100 കോടി രൂപ വിലമതിക്കുന്നതാണ് ഈ അപ്പാര്‍ട്മെന്റ്. ബാന്ദ്രെ വെസ്റ്റിലെ പലി ഹില്ലിലാണ് ആമിര്‍ ഖാന്റെ ഫ്രീദാ അപാര്‍ട്മെന്റുള്ളത്. ഏകദേശം 60 കോടി രൂപയാണ് ഇതിന്റെ വില.
താരദമ്പതിമാരായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനും ബാന്ദ്ര വെസ്റ്റിലെ പ്രഭാദേവിയില്‍ ഒരു ആഡംബര അപ്പാര്‍ട്മെന്റുണ്ട്. 75 കോടി വിലയുള്ള ഈ അപ്പാര്‍ട്മെന്റില്‍ സ്വിമ്മിങ് പൂളും പ്രൈവറ്റ് ജിമ്മും പ്രത്യേകം നിര്മിച്ചുണ്ട്. അതു മാത്രമല്ല മകള്‍ ദുഅയുടെ ജനനത്തിനുശേഷം ഷാരൂഖ് ഖാന്റെ വീടിന് തൊട്ടടുത്ത് ഒരു പുതിയ വസതിയും ഇരുവരും നിര്‍മിക്കുന്നുണ്ട്. ബാന്‍ഡ് സ്റ്റാന്‍ഡിലെ ഈ വീടിന് 100 കോടി രൂപ വിലമതിക്കും. കടലിന് അഭിമുഖമായുള്ള വീട് ക്വാഡ്രപ്ലക്സ് മാതൃകയിലാണ് നിര്‍മിക്കുന്നത്.
കൃഷ്ണരാജ് ബംഗ്ലാവ് | Photo: X
ജോണ്‍ എബ്രഹാമിന്റെ ബാന്‍ഡ്സ്റ്റാന്‍ഡിലെ വില്ലയ്ക്ക് 60 കോടി രൂപയാണ് വില. താരദമ്പതിമാരായ അനുഷ്ക ശര്‍മയും വിരാട് കോലിയും ബാന്ദ്ര വെസ്റ്റിലെ വര്‍ളിയില്‍ 70 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓംകര്‍ 1973 ടവറിലാണ് ഇതുള്ളത്. ബാന്ദ്ര ഈസ്റ്റിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് സോനം കപൂറും ആനന്ദ് അഹൂജയും താമസിക്കുന്നത്. ഈ റെസിഡെന്‍ഷ്യല്‍ കോംപ്ലക്സിന് 55 കോടി രൂപയാണ് വില. ബാന്ദ്ര വെസ്റ്റിലെ പലി ഹില്ലിലാണ് ഇമ്രാന് ഹാഷ്മിയുടെ ആഡംബര അപാര്‍ട്മെന്റുള്ളത്. 40 കോടിയാണ് ഇതിന്റെ വില.
രാജ് കപൂറിന്റെ കാലത്തുവാങ്ങിയ കൃഷ്ണരാജ് ബംഗ്ലാവും ബാന്ദ്രയില്‍ തന്നെയാണുള്ളത്. രാജ് കപൂറും ഭാര്യ കൃഷ്ണ കപൂറും ചേര്‍ന്ന് വാങ്ങിയ വീടാണിത്. രണ്ടാളുടേയും പേരുകള്‍ ചേര്‍ത്ത് കൃഷ്ണരാജ് എന്ന് പേരുമിട്ടു, 1980-ല്‍ നീതു കപൂറിനും റിഷി കപൂറിനും ഈ വീട് കൈമാറി. പിന്നീട് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ചേര്‍ന്ന് വീട് മോടി പിടിപ്പിച്ചു. ആറ് നിലകളുള്ള ഈ വീടിന് 250 കോടി രൂപയാണ് വില. നിലവില്‍ രണ്‍ബീറിന്റേയും ആലിയയുടേയും നീതുവിന്റേയും പേരിലാണ് ഈ വീടുള്ളത്. മകള്‍ റാഹ കപൂറിന് ഈ വീട് രണ്‍ബീര്‍ സമ്മാനിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടം
വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ബാന്ദ്ര. ഇന്ത്യയിലെ പഴക്കംചെന്ന പള്ളികളില്‍ ഒന്നായ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് ബാന്ദ്ര വെസ്റ്റിലെ ഹില്‍ റോഡിലാണുള്ളത്. 1575-ലാണ് ഈ പള്ളി നിര്‍മിച്ചത്. പ്രശസ്തമായ ബസിലിക്ക ഓഫ് അവര്‍ ലേഡി ഓഫ് ദ മൗണ്ടും ബാന്ദ്രയിലാണുള്ളത്. ഇത് മൗണ്ട് ബാന്ദ്ര, മൗണ്ട് സെന്റ് മേരീസ് ചര്‍ച്ച് എന്നീ പേരുകളിലും അറിയപ്പെടുന്നു. സെമി-ഗോഥിക് ശൈലിയില്‍ നിര്‍മിച്ച പള്ളിയുടെ ഉള്ളില്‍ കന്യാമറിയത്തിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും മ്യൂറല്‍ രീതിയില്‍ ഭംഗിയായി ആലേഖനം ചെയ്തിട്ടുണ്ട്. ഈ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് ബാന്ദ്ര ഫെസ്റ്റും നടക്കാറുണ്ട്.
ബാന്ദ്ര കോട്ടയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഒരു വാച്ച് ടവര്‍ എന്ന രീതിയില്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച ഈ കോട്ടയില്‍ നിന്നാണ് മാഹിം നഗരം കാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണിപ്പോള്‍ ഈ കോട്ട. 2003-ല്‍ ഇതിന്റെ തകര്‍ന്നുപോയ കവാടം പുതുക്കി നിര്‍മിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളായ ദില്‍ ചാഹ്താ ഹെ, ജാനേ തൂ..യാ ജാനേ നാ തുടങ്ങിയ സിനിമകളിലെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു.
ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡില്‍ മകളോടൊപ്പം താരദമ്പതിമാരായ നേഹാ ധൂപിയയും അംഗദ് ബേദിയും| Photo: ANI
ബാന്ദ്രയിലെ കടല്‍തീരത്തോട് ചേര്‍ന്ന ബാന്‍ഡ് സ്റ്റാന്‍ഡും സഞ്ചാരികളുടെ പ്രിയ ഇടമാണ്. 1.2 കിലോമീറ്റര്‍ നീളമുള്ള ഈ നടപ്പാതയുടെ ഒരറ്റത്ത് ആംഫി തിയേറ്ററുണ്ട്. ബാന്ദ്രയിലെ പ്രധാന ആഘോഷങ്ങളെല്ലാം ഇവിടെയാണ് നടക്കുക. ബാന്ദരയിലെ ജോഗ്ഗേഴ്സ് പാര്‍ക്കിലും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്ന ഇത് പിന്നീട് നന്നാക്കിയെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]