
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ബോളിവുഡ് ചിത്രം ’അനിമലി’നെ വിമർശിച്ച് തമിഴ് നടൻ ആർ.ജെ ബാലാജി. പ്രേക്ഷകർ ഇത്തരം സിനിമകൾ ആസ്വദിക്കുന്നത് തനിക്ക് തെറ്റായിട്ടാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ച് സംസാരിക്കവേയാണ് ബാലാജി അനിമലിനെ ഉദാഹരണമായി എടുത്തുകൊണ്ട് വിമർശിച്ചത്. താൻ ’അനിമൽ’ കണ്ടിട്ടില്ലെന്നും ചിത്രത്തെക്കുറിച്ച് ധാരാളം കേട്ടുവെന്നും നടൻ പറഞ്ഞു.
‘സിനിമയെ ഒരു സിനിമയായി മാത്രം കാണൂ, അതിനെ ഒരു കലയായി നോക്കിക്കാണൂ എന്ന് പറയാൻ എല്ലാവർക്കും ഇഷ്ടമാണെന്ന് എനിക്കറിയാം. ഒരു പുരുഷൻ സ്ത്രീകളോട് മോശമായി പെരുമാറുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് തിയേറ്ററിൽ ഒരു കൂട്ടം ആളുകൾ കണ്ട് ആസ്വദിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ ആളുകൾ ആസ്വദിക്കുന്നത് എനിക്ക് തെറ്റാണെന്ന് തോന്നുന്നു. അത്തരം രംഗങ്ങളോട് ആസ്വാദനത്തോടെ പ്രതികരിക്കുന്നത് സാധാരണമാണെന്ന് ഞാൻ കരുതുന്നില്ല. ആളുകൾക്ക് ഇഷ്ടമാണെന്ന് കരുതി അത്തരം രംഗങ്ങൾ എന്റെ സിനിമയിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമാനമായ രംഗങ്ങൾ കാണാനും അതിൽ സ്വാധീനിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തിൽ രൺബീർ തൃപ്തി ദിമ്രിയോട് തന്റെ ഷൂ നക്കാൻ ആവശ്യപ്പെടുന്ന ഒരു രംഗമുണ്ടെന്ന് ഞാൻ കേട്ടു. സ്ത്രീകളോട് ഈ രീതിയിൽ പെരുമാറുന്നത് ശരിയാണെന്ന് സിനിമ കാണുന്ന ചെറുപ്പക്കാർ കരുതുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സിനിമകളിൽ അത്തരം രംഗങ്ങൾ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആർ.ജെ ബാലാജി പറഞ്ഞു.
രൺബീർ കപൂർ പ്രധാന വേഷത്തിലെത്തിയ ‘അനിമൽ’ ബോക്സ് ഓഫീസിൽ ഗംഭീരവിജയം നേടിയിരുന്നു. വിമർശനങ്ങൾക്കിടയിലും ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ 1 -ന് റിലീസ് ചെയ്ത ചിത്രം 900 കോടിയോളം രൂപ ആഗോളതലത്തിൽ നേടി.
‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമർശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രൺബീർ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുൻചിത്രങ്ങളായ അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്കെതിരെയും സമാനരീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് ‘അനിമലി’ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]