‘കണ്ണപ്പനുണ്ണി എന്ന സിനിമ കണ്ടിട്ടുണ്ടോ മിസ്റ്റര്‍ മേനോന്…?’ – പ്രേംനസീറിന്റെ ചോദ്യം.
ഏതോ സ്വപ്നലോകത്തായിരുന്നു അപ്പോള്‍. ഓര്‍മ്മവെച്ച നാള് മുതല്‍ കാണാനാഗ്രഹിച്ച മനുഷ്യനിതാ തുടക്കക്കാരനായ പത്രപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ, ഭവ്യതയോടെ ഉത്തരം പറഞ്ഞുകൊണ്ട് തൊട്ടു മുന്നില്‍ കയ്യെത്തും ദൂരെ. ഉള്ളിലെ നസീര്‍ ആരാധകന് എങ്ങനെ അടങ്ങിയിരിക്കും? അറുപത്തിരണ്ടു വസന്തങ്ങള്‍ പിന്നിട്ടിട്ടും യൗവ്വനത്തുടുപ്പ് മായാത്ത ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍.
‘ധ്വനി’യുടെ (1988) ചിത്രീകരണത്തിനിടെ കോഴിക്കോട്ടെ സിവില്‍ സ്റ്റേഷന്റെ ഒരു ഒഴിഞ്ഞ കോണില്‍ വെച്ചുള്ള ആ കൂടിക്കാഴ്ചയുടെ ഓരോ നിമിഷവും ഇന്നുമുണ്ട് ഓര്‍മയില്‍. വിധി നിശ്ചയമെന്നോണം നിത്യഹരിതനായകന്റെ ജീവിതത്തിലെ അവസാന അഭിമുഖമായി മാറി അത്. തൊട്ടടുത്ത ദിവസം ഷൂട്ടിംഗ് തീര്‍ത്ത് ചെന്നൈയിലേക്ക് മടങ്ങിയ നസീര്‍ സാര്‍ ഏതാനും ദിവസങ്ങള്‍ക്കകം അസുഖബാധിതനാകുകയായിരുന്നു. രോഗശയ്യയില്‍ നിന്ന് ജീവിതത്തിലേക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല അദ്ദേഹത്തിന്.
‘കണ്ണപ്പനുണ്ണി.. ഓര്‍മയില്ലേ ആ വടക്കന്‍പാട്ട് ചിത്രം ?’ – നസീര്‍ സാര്‍ ചോദ്യം ആവര്‍ത്തിക്കുന്നു.
എങ്ങനെ മറക്കാനാകും ആ സിനിമ? കോട്ടക്കല്‍ ലീന തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടറിലെ ഹൗസ് ഫുള്‍ ബോര്‍ഡിന് മുന്നില്‍ ദുഃഖത്തോടെ, നിരാശയോടെ പകച്ചു നിന്ന സ്കൂള്‍ കുട്ടി ഇപ്പോഴും ഉള്ളിലുണ്ടല്ലോ. അമ്മമ്മയുടെ അനുമതി ബുദ്ധിമുട്ടി സമ്പാദിച്ച് ‘കണ്ണപ്പനുണ്ണി’ കാണാനെത്തിയതായിരുന്നു അവന്. രണ്ടു ചലച്ചിത്രശാലകളേയുള്ളൂ അന്ന് കോട്ടക്കല്‍. രാധാകൃഷ്ണയും ലീനയും. എടരിക്കോട് അമ്പലവട്ടത്തെ വീട്ടില്‍ നിന്ന് നടന്നാണ് രാധാകൃഷ്ണയില്‍ പോകുക. ലീനയിലേക്ക് ബസ് കയറിയും. താഴെ അങ്ങാടിയിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങിയാല്‍ മതിലിനപ്പുറത്ത് ലീനയുടെ കോണ്‍ക്രീറ്റ് കെട്ടിടം കാണാം. താരതമ്യേന പുതിയ സിനിമകളാണ് ലീനയില്‍ കളിക്കുക.
അധികമായിരുന്നില്ല ‘കണ്ണപ്പനുണ്ണി’ പ്രധാന നഗരങ്ങളില്‍ റിലീസായിട്ട്. സ്വാഭാവികമായും ലീനയുടെ മുറ്റത്ത് ഉത്സവപ്രതീതി. ഉദയായുടെ പടം; നസീര്‍ നായകന്; വിഷയം വടക്കന്‍പാട്ടും. ആനന്ദലബ്ധിക്കിനി എന്തുവേണം? നീണ്ട ക്യൂവിന്റെ അറ്റത്ത് പ്രതീക്ഷയോടെയാണ് നില്‍പ്പുറപ്പിച്ചത്. അരിച്ചരിച്ചേ നീങ്ങുന്നുള്ളൂ വരി. എങ്കിലും ടിക്കറ്റ് കിട്ടാതിരിക്കില്ല. ധാരാളം സീറ്റുണ്ടല്ലോ ഉള്ളില്‍.
പക്ഷേ, ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തൊട്ടു മുന്നിലെ മനുഷ്യന് ടിക്കറ്റ് വാങ്ങി നടന്നുനീങ്ങിയതും കൗണ്ടര്‍ തല്‍ക്ഷണം അടഞ്ഞതും ഒരുമിച്ച്. ഞൊടിയിടയില്‍ കണ്മുന്നില് പ്രത്യക്ഷപ്പെട്ട ‘ഹൗസ് ഫുള്‍’ ബോര്‍ഡ് നോക്കി അന്തം വിട്ടുനിന്നു ഞാന്‍. മുഖമടച്ച് ഒരടി കിട്ടിയ പോലെ. പിന്നില്‍ നിന്നവരാരോ കൂവുന്നു. മുഖത്തെ ജാള്യം പണിപ്പെട്ടു മറച്ചുപിടിച്ചുകൊണ്ട് പതുക്കെ രംഗത്തുനിന്ന് പിന്മാറാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഇനിയിവിടെ നിന്നിട്ടെന്തു കാര്യം? ഇഷ്ടനായകന്റെ വാള്പ്പയറ്റു കണ്ടും കിടിലന്‍ ഡയലോഗുകള്‍ കേട്ടും ആവേശഭരിതനാകാനുള്ള അവസരമാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തവിടുപൊടിയായത്. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല തിയേറ്ററിലേക്ക്. അമ്മമ്മയോട് ഇനിയും അനുമതി ചോദിക്കാന്‍ വയ്യ.
ലീനയുടെ പാതി തുറന്ന വാതിലിനിടയിലൂടെ നിരാശയോടെയും തെല്ലൊരസൂയയോടെയും അകത്തേക്ക് നോക്കി നില്‍ക്കേ ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നു: ‘നിനക്കിതു കിട്ടണം. അഞ്ച് മിനിറ്റെങ്കിലും മുന്‍പേ വീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍ പോരായിരുന്നോ?’
വിന്‍സന്റ്, സുധീര്‍, മോഹന്‍, രാഘവന് തുടങ്ങിയ ന്യൂജന്‍ താരങ്ങളൊക്കെ വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചിരുന്നെങ്കിലും പ്രേംനസീര്‍ തന്നെ അന്നും ഇഷ്ട ഹീറോ. ഉമ്മറിനെ ഇടിച്ചു പത്തിരിയാക്കുന്ന സിഐഡിയോ സഹോദരങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ബാലേട്ടനോ ഷീലയെ കറക്കിവീഴ്ത്തുന്ന കാമുകനോ ഗോവിന്ദന്‍കുട്ടിയുടെ മന്ത്രവാദപ്പുര തകര്‍ക്കുന്ന വടക്കന്പാട്ടുണ്ണിയോ ആരുമായിക്കൊള്ളട്ടെ, നസീറിന് തുല്യം നസീര്‍ മാത്രം. ആരോമലുണ്ണിയും പൊന്നാപുരം കോട്ടയും തുമ്പോലാര്‍ച്ചയും ഒക്കെ കണ്ടു ഹരം പൂണ്ട പയ്യന് കണ്ണപ്പനുണ്ണി ഒരിക്കലും കാണാതിരിക്കാനാവില്ലല്ലോ. പറഞ്ഞിട്ടെന്തു കാര്യം?
പ്രേംനസീർ കണ്ണപ്പനുണ്ണിയിൽ. Photo Courtesy: screengrab/empirevideo
നഷ്ടബോധവുമായി തിരിച്ചു ബസ് സ്റ്റാന്‍ഡിലേക്ക് നടക്കാനൊരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ചുമലില്‍ ഒരു മൃദു സ്പര്‍ശം. ഞെട്ടി തിരിഞ്ഞുനോക്കി. മുന്നില്‍ ഒരു പരിചിത മുഖം. ടിക്കറ്റിനുള്ള ക്യൂവില്‍ തൊട്ടു മുന്പില് നിന്നയാളാണ്. അവസാനത്തെ ടിക്കറ്റ് സ്വന്തമാക്കി എന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകളഞ്ഞ വില്ലന്‍. ചിരിയോടെ അയാള്‍ ചോദിച്ചു: ‘കുട്ടിക്ക് സിനിമ കാണണ്ടേ?”
ഉണ്ടെങ്കില്‍ നിങ്ങള്‍ക്കെന്ത് എന്ന ചോദ്യമാണ് മനസ്സില്‍ തികട്ടി വന്നത്. പറഞ്ഞില്ല. പകരം, വേണമെന്ന അര്‍ത്ഥത്തില്‍ തലയാട്ടുക മാത്രം ചെയ്തു. ‘എന്നാല്‍ എന്റെ ടിക്കറ്റ് എടുത്തോളൂ. ഞാന്‍ കാണുന്നില്ല. വല്യ തിരക്കാണ്. ഏറ്റവും മുന്നിലേ സീറ്റ് കിട്ടാനിടയുള്ളൂ. അത് സുഖമുള്ള ഏര്‍പ്പാടല്ല. കണ്ണിന് ചെറിയ പ്രശ്നമുണ്ട്. ഒട്ടും ശരിയാവില്ല. താന്‍ കണ്ടോളൂ.’ – എനിക്ക് നേരെ ടിക്കറ്റ് നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇതെന്തു കഥ? ‘കണ്ണപ്പനുണ്ണി’ കാണാന്‍ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വെക്കുന്ന ഒരാളോ? തമാശ പറഞ്ഞതാവും എന്നേ കരുതിയുള്ളൂ. പക്ഷേ, നൂറു ശതമാനം സീരിയസ് ആയിരുന്നു അയാള്‍. കീശയില്‍ നിന്നെടുത്തു നീട്ടിയ ടിക്കറ്റിന്റെ പണം പോലും വാങ്ങാതെ ആള്‍ക്കൂട്ടത്തില്‍ മറയുന്ന ‘സ്നേഹദൂത’നെ അത്ഭുതത്തോടെ നോക്കിനിന്നു ഞാന്‍….
വെള്ളിത്തിരയില്‍ നസീര്‍ വാളും പരിചയുമേന്തി അങ്കം വെട്ടുമ്പോള്‍, അശ്വാരൂഢനായി ഉമ്മറിന് പിന്നാലെ കുതിക്കുമ്പോള്‍, വിഷപ്പാമ്പുകള്‍ക്കു നടുവിലിരുന്ന് ആയിരം ഫണമെഴും പാടുമ്പോള്‍ എല്ലാം ‘ത്യാഗി’യായ ആ മനുഷ്യന്റെ ചിരിക്കുന്ന മുഖായിരുന്നു മനസ്സില്‍. നന്ദി, അജ്ഞാത സുഹൃത്തേ, നന്ദി.
അഭിമുഖത്തിനിടെ ‘കണ്ണപ്പനുണ്ണി’യുടെ കഥ ഓര്‍മകളില്‍ നിന്ന് വീണ്ടെടുത്ത് പങ്കുവച്ചപ്പോള്‍ സ്വതഃസിദ്ധമായ ശൈലിയില്‍ നസീര്‍ സാര്‍ ചിരിച്ചു. ‘മിസ്റ്റര്‍ മേനോനെ പോലുള്ള പ്രേക്ഷകരാണല്ലോ നമ്മുടെയൊക്കെ ശക്തി.’ ഒപ്പം കണ്ണപ്പനുണ്ണിയുമായി ബന്ധപ്പെട്ട ചില രസികന്‍ കഥകളും പങ്കുവെച്ചു അദ്ദേഹം; ഗാനചിത്രീകരണത്തിനിടെ ഒരു പാമ്പ് മുട്ടിന്മേല് ഇഴഞ്ഞുകയറി ഞെട്ടിച്ചതുള്പ്പെടെ.
ഉമ്മറും ജയനും കണ്ണപ്പനുണ്ണിയിൽ. Photo Courtesy: screengrab/empirevideo
അങ്ങനെ എത്രയെത്ര ഓര്‍മകള്‍. എടരിക്കോട്ടെ തറവാട്ട് വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാനെത്തുമ്പോള് ലീനയില്‍ നിന്ന് കണ്ട സിനിമകള്‍ ഓരോന്നും ഇന്നും മനസ്സിലുണ്ട്. മലയാളം മാത്രമല്ല ഹിന്ദിയും തമിഴുമെല്ലാം ഉണ്ടായിരുന്നു അവയില്‍. സിനിമാക്കാഴ്ച തന്നെ അപൂര്‍വ സൗഭാഗ്യമായിരുന്ന കാലം. ഇന്നത്തെ പോലെ വിരല്‍ത്തുമ്പില്‍ വിരിയില്ലല്ലോ അന്ന് സിനിമ. അതുകൊണ്ടുതന്നെ ഓരോ സിനിമയും മനസ്സില്‍ അവശേഷിപ്പിക്കുന്ന ഓര്‍മകള്‍ക്ക് പവന് മാറ്റ്.
മുഖച്ഛായ മാറ്റിയ ലീന തിയേറ്ററിന് മുന്നിലൂടെ വല്ലപ്പോഴുമൊക്കെ നടന്നുപോകുമ്പോള്‍ ഇന്നും വെറുതെ കാതോര്‍ക്കാറുണ്ട്; ഉറുമിയുടെ സീല്‍ക്കാര ശബ്ദത്തിനും വെടിയൊച്ചകള്‍ക്കും കുതിരക്കുളമ്പടികള്‍ക്കും തീപാറുന്ന സംഭാഷണ ശകലങ്ങള്‍ക്കും വേണ്ടി. അന്‍പത് വര്‍ഷത്തിനിടെ എത്രയോ തലമുറകളുടെ സ്വപ്നങ്ങളെ നിറച്ചാര്ത്തണിയിച്ചിരിക്കുന്നു ലീനയിലെ വെള്ളിത്തിര. എത്രയോ താരോദയങ്ങള്‍ക്കും അസ്തമനങ്ങള്ക്കും സാക്ഷ്യം വഹിച്ചിരിക്കുന്നു.
തുടരട്ടെ ഈ യാത്ര. പുതിയ കാലത്തിന്റെ, പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]