അഭിനയം വെറും തൊഴിലായിരുന്നില്ല മീന ഗണേഷിന്. അച്ഛന്റെ അഭിനയഭ്രാന്ത് തന്നേയും പിടികൂടുകയായിരുന്നുവെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എത്ര സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഒറ്റ ദിവസം അഞ്ച് നാടകങ്ങളില്വരെ അഭിനയിച്ചിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെ മാസങ്ങളോളം. തുടര്‍ന്ന് നൂറിലേറെ സിനിമകള്‍. പലതും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. അച്ഛന് കെ.പി കേശവന്നായര് എം. ജി.ആര് ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകക്കാരുമായും നല്ല ബന്ധം. ആ ബന്ധമാണ് മീനയെ നാടകക്കളരിയിലെത്തിച്ചത്.
കൊപ്പം ബ്രദേഴ്സ് ആര്‍ട്സ് ക്ലബിലൂടെയാണ് മീന നാടകത്തിലെത്തിയത്. 1965-ല്‍ എ.എന്‍ ഗണേഷിന്റെ ‘പ്രളയം’ എന്ന നാടകത്തില്‍ അഭിനയിച്ചു. എ.എന്‍ ഗണേഷുമായുള്ള ആ പരിചയം പ്രണയമായി, പിന്നീട് വിവാഹം. വിവാഹ ശേഷം ഷൊര്‍ണൂരില്‍ പൗര്‍ണമി കലാമന്ദിര്‍ എന്ന പേരില്‍ നാടകസമിതി ആരംഭിച്ചു. എ.എന്‍ ഗണേഷ് നാടകമെഴുതും സംവിധാനം ചെയ്യും. മീന അഭിനയിക്കും. ഭക്ഷണം വയ്ക്കക്കലും അഭിനയിക്കലുമെല്ലാമായി കലാസമിതി തന്നെ കുടുംബം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സമിതി പിരിച്ചുവിട്ടു. പിന്നീട് മറ്റു സമിതികള്‍ക്കുവേണ്ടി ഗണേഷ് നാടകം എഴുതി. മീന അഭിനയിച്ചു.
മകനെ എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ചു. മുസ്ലിം സ്ത്രീകള്‍ കുപ്പായത്തിന് മുകളില്‍ കെട്ടുന്ന അരഞ്ഞാണം ഓരോ അവതരണത്തിന് പോകുമ്പോഴും ഞാന്‍ ചരടുവച്ച് നീളം കൂട്ടുമെന്ന് മീന ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒടുവിലത് കാണുന്നതുതന്നെ സംഘത്തിലുള്ളവര്‍ക്ക് ചിരിയായിരുന്നുവെന്ന് മീന ഒരിക്കല്‍ പറഞ്ഞു. മുസ്ലീം കഥാപാത്രങ്ങള്‍ മീനയെ എന്നും സ്റ്റേജില്‍ ഉറപ്പിച്ച് നര്ത്തുന്നതായിരുന്നു.
കെ.പി.എസി, എസ്.എല്‍.പുരം, സൂര്യസോമ, ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയേറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാ ഷണല്, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളില്‍ അഭിനയിച്ചിട്ടുണ്ട് മീന.
എറണാകുളം ദൃശ്യകലാഞ്ജലിയില് എ.എന്‍ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ നാടകം തുടര്‍ച്ചയായി മൂന്നുവര്‍ഷം അവതരിപ്പിച്ചു. ഗണേഷ് എഴുതിയ 20-ലേറെ നാടകങ്ങളില്‍ ഒരുമിച്ചഭിനയിച്ചു. പാഞ്ചജന്യം, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരംനാവുള്ള മൗനം, നിശാഗന്ധി, പ്രളയം, കാറ്റ് മാറിവീശി, സെര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ എന്നിവയാണ് പ്രസിദ്ധ നാടകങ്ങള്‍.
രാഗം, കാലം, ഉമ്മിണിത്തങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷഃപൂജ, ഒഥല്ലോ, സ്നേഹപൂര്‍വം അമ്മ എന്നീ നാടകങ്ങളും കാണികള്‍ ഹൃദയത്തിലേറ്റുവാങ്ങി.
1992-ല്‍ ഗണേഷ് എഴുതിയ ‘ഉദരനിമിത്തം’ എന്ന നാടകത്തിന് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 2009 ഒക്ടോബര്‍ 13-ന് എ.എന്‍ ഗണേഷ് മരിച്ചു. മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.
മലയാള സിനിമയിലെ എണ്ണംപറഞ്ഞ സ്വഭാവനടികളുടെ സ്ഥാനത്തേക്കും മീന എത്തിപ്പെട്ടിരുന്നു. ഏഷണിക്കാരിയായ അയല്‍വാസിയായും മരുമകളെ ഉപദ്രവിക്കുന്ന അമ്മായിയമ്മയായും സ്ക്രീനില്‍ നിറഞ്ഞാടിയ മീനയുടെ വാര്‍ധക്യകാല ജീവിതം പക്ഷെ, അത്ര നിറമുള്ളതായിരുന്നില്ല. കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ വീട്ടിലെ പ്രതിനിധിയായി വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച നടി യഥാര്‍ഥ ജീവിതത്തിലും അങ്ങനെയായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]