തമിഴ് നടന് വിജയ് എന്നും വാര്‍ത്തയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ്. ഇപ്പോള്‍ രാഷ്ട്രീയത്തിലേറിയും വിജയ് ചര്‍ച്ചകളില്‍ സജീവമാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി മണ്ഡലത്തില്‍നിന്ന് വിജയ് മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28ന് തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അരങ്ങേറുമ്പോള്‍ തമിഴകം നേരില്‍ കണ്ടത് സിനിമയെ വെല്ലുന്ന തരത്തിലുളള രാഷ്ട്രീയ പ്രവേശന അരങ്ങ്. തമിഴ്നാട് വില്ലുപുരം വിക്രവാണ്ടിയിലെ തുറന്നവേദിയിലേക്ക് ജനങ്ങളുടെ തലയ്ക്ക് മേലേ കെട്ടിപ്പൊക്കിയ റാമ്പിലൂടെ ‘തമിഴ് സിനിമാ സ്റ്റൈലോടെയുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ് രാഷ്ട്രീയ നിറമുള്ള നടത്തം. ജനങ്ങള്‍ സ്നേഹത്തോടെ അദ്ദേഹത്തിന് ഷാളുകള്‍ എറിഞ്ഞ് കൊടുത്തു. പാര്‍ട്ടി പതാകയുടെ നിറമുള്ള ഷാളുകള്‍. അപ്പോഴൊക്കെ പിന്നാലെ നടന്ന കറുത്ത സ്യൂട്ടിട്ട സുരക്ഷാ ജീവനക്കാര്‍ അവ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു. പൂ പോലെയുള്ള ഷാളുകള്‍ വന്ന് വീഴുമ്പോള്‍ വലിയ കല്ലുകള്‍ വീഴുന്നത്ര ഭയപ്പാടോയൊണ് സുരക്ഷാ ജീവനക്കാര്‍ പ്രതികരിച്ചത്. അത്ര ശ്രദ്ധയാണ് സുരക്ഷാജീവനക്കാര്‍ കാട്ടിയത്. 85 ഏക്കര്‍ പ്രദേശത്ത് പ്രത്യേക സ്ക്രീനുകളും റിമോട്ട് കണ്ട്രോള് പ്രവര്‍ത്തിപ്പിച്ച് പാര്‍ട്ടി പതാക ഉയര്‍ത്തിയുമൊക്കെ സാധാരണ ജനങ്ങളെ അമ്പരിപ്പിച്ച സമ്മേളനം. എന്നാല്‍ 14 വര്‍ഷം മുമ്പ് രാഷ്ട്രീയത്തിലെത്തും മുമ്പേ നടന് വിജയിന്റെ സുരക്ഷയും സുരക്ഷാ ജീവനക്കാരുമൊക്കെ ഇതേ പോലെ അമ്പരപ്പിക്കുന്ന കാഴ്ചയായി നേരില്‍ കണ്ടത് കേരളത്തിലെ ഒരു സിനിമാസെറ്റിലാണ്.. അതൊരു സിനിമാഷൂട്ടിങ് വേള.
പാലക്കാട് ഒറ്റപ്പാലത്തെ വരിക്കാശ്ശേരിമനയില്‍ സംവിധായകന് സിദ്ദിഖിന്റെ ‘ബോഡിഗാര്‍ഡ്’ തമിഴില്‍ ‘കാവല’നാകുന്ന സമയം. പ്രധാനനിരത്തില്‍നിന്ന് വരിക്കാശേരി മനയിലേക്ക് തിരിയുന്ന ഇടവഴികളില്‍ വിജയുടെ വലിയ പോസ്റ്ററുകള്‍… കട്ട് ഔട്ടുകള്‍… എവിടെയും വിജയിനെ ഹൃദയത്തിലേക്ക് പകര്‍ത്തുന്ന സ്നേഹം.
അതിരാവിലെ മുതല്‍ വിജ്യുയുടെ ഫാന്‍സിന്റെ ഒഴുക്കുണ്ട് മനയിലേക്ക്. സംവിധായകന് സിദ്ദിഖിന്റെ ഉറപ്പില്‍ ഷൂട്ടിങ് തിരക്കില്‍ മുന്‍കൂട്ടി അനുവദിച്ച മുഖാമുഖത്തിനുള്ള കാത്തിരിപ്പ് നീളുമ്പോള്‍ ഫാന്‍സുകാരുടെ അസ്ഥിയില്‍ പിടിച്ച സ്നേഹം അടുത്ത് കാണാന്‍ കഴിഞ്ഞു. മനയ്ക്ക് പുറത്ത് വിജയ്യെ ഒരു നോക്കു കാണാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം അനുനിമിഷം വര്‍ധിക്കുകയാണ്…. മലയാളികള്‍ മാത്രമല്ല തമിഴ്നാട്ടില്‍ നിന്നെത്തിയവരുമുണ്ട്. ഷൂട്ടിങിന് വിജയ് വരുന്നതിന് മുമ്പേ അതീവ സുരക്ഷയ്ക്കായി മനയ്ക്കു മുന്നില്‍ കരിങ്കല്‍ മതില് പൊങ്ങി….. ഗേറ്റ് തീര്‍ത്തു. അതൊക്കെ മുന്‍കൂട്ടി തീര്‍ത്ത സുരക്ഷാ വലയമെന്ന് നാട്ടുകാര്‍ പറഞ്ഞറിഞ്ഞു. വളരെ നേരത്തെ ആരാധകരുടെ തിരക്ക്മുന്നില് കണ്ടു നടത്തിയ തയാറെടുപ്പുകള്‍. വൈകിട്ട് നാലുമണിയോടെ വിജയ് മനയുടെ മതിലിന്സമീപമെത്തി ആരാധകരെ കാണുമെന്ന് അറിയിപ്പ് കിട്ടി ആരാധകര്‍ക്ക്. അതോടെ ആകാംക്ഷ കൂടി. മനയുടെ അകത്തളങ്ങളില്‍നിന്നു വിജയ് ഫാന്‍സിനെ നേരില്‍ കാണാനെത്തുന്നതിനുള്ള പുതിയ തയാറെടുപ്പുകള്‍ തകൃതിയായി മുന്നേറുന്നു . മതിലിനോടു ചേര്‍ന്നു താല്‍ക്കാലിക പ്ലാറ്റ്ഫോം പൊങ്ങി. അടുത്തയിടെ വില്ലുപുരത്ത് പൊങ്ങിയ റാമ്പിന്റെ ഏറ്റവും ചെറിയ പതിപ്പ്. മനയുടെ പിന്നില്‍ പാര്‍ക്ക് ചെയ്യുന്ന സ്വന്തം കാരവനില്നിന്നു വിജയ് അല്പംദൂരം നടന്ന് റാമ്പിലൂടെ പ്ലാറ്റ്ഫോമില്‍ എത്തുന്ന രീതിയിലാണ് തയാറെടുപ്പുകള്‍.
ഗേറ്റിനുളളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഒതുക്കിയിടാന്‍ നിര്‍ദ്ദേശം. മനയുടെ വളപ്പില്‍ എസ്.ഐ അടക്കം കുറച്ചു പോലീസ് സന്നാഹമുണ്ട് . മതിലിനും കാരവനും ഇടയിലുള്ള ഭാഗത്ത് നില്‍ക്കരുത്. ഗേറ്റിനുള്ളില്‍ കടന്ന ആരാധകരേയും മറ്റു കാഴ്ചക്കാരേയും കാരവെന്റ പിറകിലൂടെ കയര്‍കെട്ടി ഒതുക്കി. ഒരുക്കങ്ങള്‍ പലതായി മുന്നേറുമ്പോള്‍ മനയ്ക്കു അകത്തും പുറത്തുമായി കാത്തിരിപ്പ്. ഇടയ്ക്കു പുറത്തുനിന്നു ആകാംക്ഷയോടെ അന്വേഷണമെത്തും ‘എന്തായി വിജയിന്റെ വരവ് . ഇവിടെ ആളുകള്‍ വീണ്ടും എത്തിക്കൊണ്ടിരിക്കുന്നു.’
മനയുടെ വളപ്പില്‍ കയര്കെട്ടിയതിനു മുന്നിലായി നടന്നു പോകുന്ന വഴിയില്‍ വളരെ കുറച്ചുപേര്‍ക്കൊപ്പം നില്ക്കുമ്പോള് യുദ്ധക്കളത്തിന്റെ രണ്ടറ്റത്തുപോലെ ആകാംക്ഷ . ഇരുള് പരന്നിട്ടും പക്ഷേ വിജയ് വരുന്നില്ല. ക്ഷമകെടുന്നത് ആരാധകരുടെ വാക്കുകളിലൂടെ അറിയാം. ‘ഇനി വിജയ്യെ എങ്ങനെ കാണും. ട്യൂബ് ലൈറ്റ് കൂടി ഇടൂ’ മതിലിനു പുറത്തു നിരാശ .മെല്ലെ ക്ഷമകെടുന്നു. അവസാനം വാക്കേറ്റത്തില്‍…. . പുറത്തുനിന്നു ചെറിയ കല്ലുകള്‍ അകത്തേയ്ക്ക്. ഗേറ്റിനുളളില്‍ പാര്‍ക്ക് ചെയ്ത വെള്ള കാറിന്റെ ചില്ലുകള്‍ തകര്‍ന്നു വീഴുന്നു. ഭയം തോന്നി…. മുന്നില്‍ കണ്ട ഓട്ടോറിക്ഷയില്‍ അല്പനേരം… ഒപ്പം നിന്നവര്‍ പലരും ചിതറിയോടുകയാണ്. ഒപ്പം കൂടാതെ വയ്യ. ആ ഇരുട്ടില്‍നിന്നു ഷൂട്ടിങിന്റെ ആര്‍ക്ക് ലൈറ്റുകളുടെ അരികിലെത്തു മ്പോള്‍ വിജയിന്റെ മേക്കപ്പ് അസിസ്റ്റന്റ് അസിസ്റ്റന്റ് പരിഭവിക്കുന്നു.
”സിദ്ദിഖ് സാര്‍ കുറേ അന്വേഷിച്ചു” ഫാന്‍സുകാര്‍ക്കൊപ്പം കാത്തിരുന്ന കഥ പറഞ്ഞില്ല. തിരക്കിട്ട ഷൂട്ടിംഗിനിടയില്‍ അഭിമുഖത്തിനവസരം നല്കാന് പറ്റാത്തതില്‍ സംവിധായകന്റെ സങ്കടം. ഷോട്ട് കഴിയുമ്പോള്‍ ക്യാമറയ്ക്കു മുന്നില്‍ നിന്ന വിജയയുടെ അടുത്തേയ്ക്ക് ക്ഷണം. രാവിലെ മുതല്‍ മനയില്‍ കണ്ടിട്ടാവണം താരം ക്ഷമ പറയുന്നു. ”സോറി രാവിലെ മുതല്‍ കാത്തിരുന്നുവല്ലേ. നിശ്ചയമായിട്ടും നാളെ കാണാം.” സിദ്ദിഖിന് മുന്നില്‍ ഉറപ്പ് തരുന്നത് വിജയാണ്.
രാത്രി വൈകിയും നടന്ന ഷൂട്ടിംഗിനു ശേഷം ഇളയദളപതി പിറ്റേന്ന് രാവിലെ എട്ടരയ്ക്ക് ക്യാമറയക്ക് മുന്നില്‍ റെഡി. തലേന്ന് കണ്ട പരിചയമാകണം ചിരിക്കാന്‍ താരപദവി മടിക്കുന്നില്ല. അഭിമുഖത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ ”ഷോട്ട് കഴിഞ്ഞ് സംസാരിക്കാം.” എന്ന് താരം. ഷോട്ട് കഴിഞ്ഞതും ഞാന്‍ റെഡി. നിങ്ങള്‍ റെഡിയോ എന്ന മട്ടില്‍ മനയുടെ വരാന്തയിലെ പച്ചകുഷ്യനുകള് നിരന്ന സെറ്റിയില്‍ സ്വസ്ഥമായി അഭിമുഖത്തിലേക്ക്. അപ്പോഴും തൊട്ടടുത്ത് നാല് വശവും ദിക്പാലകരെ പോലെ നാല് സുരക്ഷാ ജീവനക്കാര്‍. മുഖാമുഖത്തിനിടയില്‍ പോലും എന്തും സംഭവിക്കാമെന്ന വേവലാതിയോടെയാണ് അവരുടെ കാത്തിരിപ്പ്. ചുറ്റുപാടും കണ്ണോടിച്ച് താരത്തെ അവരുടെ സുരക്ഷയുടെ കണ്മുനയില് നിര്‍ത്തുന്നു. ആ സുരക്ഷയുടെ പരിരക്ഷയിലാണ് അഭിമുഖം തുടങ്ങിയതും. അവസാനിപ്പിച്ചതും.
ഒരു നോക്ക് കാണാന്‍
പുറത്ത് എത്ര പേരാണ് ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്… എല്ലാവരും വിജയ് ഫാന്‍സ് എന്ന് ഓര്‍മ്മിപ്പിച്ചാണ് സംസാരത്തിന് തുടക്കമിടുന്നത്. താരം ആ സന്തോഷം മറച്ച് വെയ്കാതെ സംസാരിച്ച് തുടങ്ങി. ‘ഈ നിലയില്‍ എന്നെ എത്തിച്ചത് അവരാണ്. എന്റെ വരുമാനം അവര്‍ എന്റെ സിനിമ കാണാന്‍ വാങ്ങുന്ന ടിക്കറ്റില്‍ നിന്നാണെന്ന് മറക്കാറില്ല ഞാന്‍.”
ഇന്നലെ ഒരു ഫാന്‍ പറഞ്ഞു. ”വിജയ് കൊച്ചുകുട്ടികളുടെയടത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മലയാളത്തില്‍ ഏത് താരം ഇങ്ങനെ ചെയ്യുമെന്ന്? ”മറ്റുള്ളവരെക്കുറിച്ച് ഞാനെങ്ങനെയാണ് കമന്റ് ചെയ്യുക. ഓരോരുത്തര്‍ക്കും ഓരോ രീതികളല്ലേ. തുടക്കം മുതല്‍ ഞാന്‍ ഇങ്ങനെയാണ്. എന്റെ ഫാന്‍സിനെ നേരില്‍ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തും, എത്ര തിരക്കിനിടയിലും അല്പസമയം അവര്‍ക്കൊപ്പം ചെലവഴിക്കും…. സംസാരിക്കും. എത്രയോ ദൂരെനിന്ന് എത്ര കഷ്ടപ്പെട്ടാവും അവര്‍ വന്നിട്ടുണ്ടാകുക. അവര്‍ക്കൊപ്പം ചെലവഴിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് എന്റെയും സന്തോഷം.”
സിനിമയില്‍ എപ്പോഴും ഡാന്‍സ്, ആക്ഷന്‍, പ്രണയവും. കോമഡി ചെയ്യാന്‍ തുടങ്ങിയെങ്കിലും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നുണ്ട് താരം. പക്ഷേ അപ്പോഴൊക്കെ തന്റെ ഫാന്‍സിനെ വിഷമിപ്പിക്കാന്‍ വയ്യത്രേ. അവര്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ ചെയ്യണം. അവരുടെ അഭിപ്രായത്തില്‍ ആക്ഷന്‍, സെന്റിമെന്റ്സ്, ലൗവ് ഇതൊക്കെ വേണമെന്നാണ്. അത് കൊണ്ട് താന്‍ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫാന്‍സും തിരക്കും എപ്പോഴും ആനന്ദിപ്പിക്കുന്നുണ്ടെന്ന് പറയുന്ന താരം താനത് നന്നായി കൈകാര്യം ചെയ്യുന്നൂവെന്നാണ് പറഞ്ഞത്.. പണം… പ്രശസ്തി ഇവയൊക്കെ പ്രത്യേകിച്ച് താരങ്ങളെ മാറ്റിമറിക്കുമ്പോള്‍ താരജീവിതത്തില്‍ എന്താണ് ഇതിനുള്ള സ്ഥാനമെന്ന ചോദ്യത്തിന് ”അയ്യയ്യോ (തല മെല്ലെ വട്ടം കറക്കി തല കറങ്ങുന്നുന്നെന്ന് അഭിയനിക്കുന്നു) ”ഇത്ര കനപ്പെട്ട ചോദ്യങ്ങളൊന്നും എന്നോട്ചോദിക്കല്ലേ. മറുപടി എനിക്കറിയില്ലെന്നു തമാശ പറഞ്ഞു ചിരിക്കുന്നു.
പുറത്ത് നില്ക്കുന്ന ആരാധകന് പറഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് മുടങ്ങാതെ ബുക്കുകള്‍ എത്തിച്ച് കൊടുക്കാറുണ്ടെന്ന്. ഇത് കേട്ടപ്പോൾ ആ മുഖത്ത് സങ്കടം വന്നണഞ്ഞു. ചെറിയ പ്രായത്തിലേ മരിച്ച തന്റെ അനിയത്തിയുടെ പേരിലുള്ള വിദ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് കുട്ടികളെ സഹായിക്കുന്നത്. ”ഞാനും അനിയത്തിയും നല്ല കൂട്ടായിരുന്നു. പെട്ടെന്നുള്ള അവളുടെ മരണം എന്നെ വല്ലാതെ ബാധിച്ചു. ഇന്നും എത്ര സന്തോഷങ്ങള്‍ക്കിടയിലും വിദ്യയെക്കുറിച്ചോര്ത്താണ് സങ്കടപ്പെടുക. അധികം സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരനായതും വിദ്യ മരിച്ചതിനുശേഷമാണ്.”
സഹായങ്ങള്‍ക്കു തുടക്കമിട്ടത് ഒരു പത്രവാര്ത്തയിലെന്ന് താരം പറഞ്ഞു. സ്കൂളില്‍ ഒന്നാമതെത്തിയ കുട്ടിക്ക് മുന്നോട്ട് പഠിക്കാന്‍ പണമില്ല. ആ കുട്ടിയെ സഹായിച്ചവേളയില് ആ അമ്മയും മകളും കാട്ടിയ സന്തോഷമാണ് കൂടുതല്‍ സഹായം ചെയ്യണമെന്ന് ബോധ്യപ്പെടുത്തിയത്. തമിഴ്നാട്ടിലെ എന്റെ രസികര്‍ മന്‍ട്രവും ഇത്തരം കാരുണ്യപ്രവര്ത്ത നങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.”
‘ബോഡിഗാര്‍ഡ്’ തമിഴില്‍ കാവലനാകുന്നു. എന്താണ് ഈ റീമേക്കില്‍ വിശ്വസിക്കുന്നത്?
സിദ്ദിഖ് സാറിന്റെ ബോഡിഗാര്‍ഡിന്റെ അവസാന 20 മിനിട്ട് വളരെ ഹാര്‍ട്ട് ടച്ചിങ്ങാണ്. നായകന് വളരെ ഇന്നസെന്റ്. നല്ല കോമഡി. സ്ളാപ്സ്റ്റിക്ക് കോമഡിയുടെ രാജാവാണ് സിദ്ദിഖ് സാര്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് തമിഴില്‍ അദ്ദേഹം ചെയ്ത ഫ്രണ്ട്സ്. എ. ബി. സി, സെന്ററുകളില്‍ ഒരുപോലെ ഹിറ്റായി. എന്റെ 25-ാമത്തെ ചിത്രം. ഇപ്പോള്‍ സിദ്ദിഖ്സാര് എന്റെ 51-ാമത്തെ ചിത്രം ചെയ്യുന്നു.
മുമ്പ് ഫാസില്‍ ചെയ്ത റീമേയ്ക്കിലും അഭിനച്ചുവല്ലോ ?
അതെ… അതെ. അനിയത്തിപ്രാവിന്റെ റീ മേയ്ക്ക്. കാതലുക്ക് മര്യാദൈ. എന്റെ ഏറ്റവും വലിയ മറ്റൊരു ഹിറ്റ് നല്കിയ സംവിധായകനാണ് ഫാസില്‍സാര്‍. നാച്വറലായി കഥ പറയുന്നയാള്‍. തിരക്കഥയും കാഷ്വല്‍ ആക്ടിംഗിലുമൊക്കെ പ്രത്യേക സ്റ്റൈയില്‍.
ആരെങ്കിലും നല്ല മലയാള സിനിമകളെക്കുറിച്ച് പറഞ്ഞാല്‍ അത് കാണാറുണ്ടെന്നും താരം ” മമ്മൂട്ടി സാറിന്റെയും മോഹന്‍ലാല്‍ സാറിന്റേയും സിനിമ കാണാറുണ്ട്. ഒന്നോ രണ്ടോ ചടങ്ങില്‍വച്ച് നേരില്‍ കണ്ടിട്ടുണ്ട്. എന്നോട് നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ട്. എനിക്കത് മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ്.”
അവര്‍ കലാമൂല്യചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. അത്തരം ചിത്രങ്ങളോട് താല്‍പ്പര്യമില്ലേയെന്ന് ചോദിക്കുമ്പോള്‍ മെല്ലെ ചിരിച്ചു. ” വല്ലപ്പോഴും പരീക്ഷണമാകാം. അത് സാഹചര്യമനുസരിച്ച്. കോമഡി ചെയ്യുക അത്ര എളുപ്പമല്ല. സാധാരണക്കാരെ സഹായിച്ച് വില്ലന്മാരെ നശിപ്പിക്കുന്ന ഹീറോ കഥാപാത്രം എനിക്ക് മുമ്പേ എം.ജി.ആര്. സാറും ശിവാജിസാറും രജനിസാറുമൊക്കെ കണ്ടെത്തിയ വിജയഫോര്‍മുലയാണ്. സാധാരണക്കാരെ സഹായിച്ച് വില്ലന്മാരെ നശിപ്പിക്കുന്ന ഹീറോ. വില്ലനാകാന്‍ എനിക്ക് താല്പ്പര്യമില്ലെന്നുമായി അദ്ദേഹം.
ആരാധകര്‍ മരിക്കാന്‍ തയാറാണ്
പുറത്ത് നില്ക്കുന്ന ആരാധകരില്‍ ചിലര്‍ താങ്കള്‍ക്കുവേണ്ടി മരിക്കാന്‍ തയാറാണെന്ന് പോലും തോന്നുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരിക്കല്‍ അങ്ങനെ സംഭവിച്ചതിനെക്കുറിച്ച് വാചാലനായി അദ്ദേഹം.” സിനിമയുടെ ആദ്യ ഷോ യ്ക്ക് ടിക്കറ്റ് കിട്ടാത്ത ഒരാള്‍ ആത്മഹത്യചെയ്തു. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ചെറിയ വീട്. മുറിയില്‍ നിറയെ എന്റെ ചിത്രങ്ങള്‍. അന്ന് ഞാന്‍ ഫാന്‍സുകളോട് ഉറപ്പുവാങ്ങി.” ഒരിക്കലും നിങ്ങളുടെ ജീവന് എനിക്ക് തരരുത്. ജീവിതം മതി മറ്റുള്ളവരെ സഹായിക്കാൻ’. താരത്തെ ലക്ഷക്കണക്കിന് പേര് ആരാധിക്കുമ്പോള്‍ വിജയിന്റെ ആരാധന അമിതാഭ് ബച്ചനോടാണ്. അതേ പോലെ ഒരു ‘വിജയ് ആരാധകന്’ എനിക്കൊപ്പമുണ്ടായിരുന്നു. കോട്ടയം കല്ലറയിലെ വിജയ് ഫാന്‍സ് അസോസിയേഷനിലെ കടുത്ത ആരാധകനായ ചെറുപ്പക്കാരന് ബിനീഷ്. അസ്ഥയില്‍ പിടിച്ച ഇഷ്ടമാണ് വിജയിനോട്. അഭിമുഖത്തിന് മുന്‍പ് അവര്‍ ഒരാവശ്യം എനിക്ക് മുന്നില്‍ വെച്ചുള്ളൂ.”ചേച്ചീ എങ്ങനെയെങ്കിലും ഒരു ഫോട്ടോ എടുക്കാന്‍ അവസരം തരണം.” എന്നാല്‍ അഭിമുഖത്തിന് മുന്‍പ് തന്നെ സുരക്ഷാ ജീവനക്കാര്‍ തന്ന നിബന്ധനയില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നുണ്ട്. എന്നാല്‍ സംസാരിച്ച് കഴിയുമ്പോള്‍ സാക്ഷാല്‍ താരത്തിന് മുന്നില്‍ ഞാന്‍ ഒരാവശ്യം മുന്നോട്ട് വെച്ചു. ഒപ്പം വന്ന യുവാവ് താങ്കളുടെ ആരാധകനാണ് നാട്ടില്‍ വിജയ് ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിത്വമുണ്ട്. ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് കടുത്ത ആശയുണ്ട്. സുരക്ഷാ ജീവനക്കാര്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. താങ്കള്‍ വിചാരിച്ചാല്‍ നടക്കും.
” എന്റെ ആവശ്യം അത്ര പെട്ടെന്ന് താരത്തിന് തള്ളിക്കളയാന്‍ പറ്റില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തനിക്കൊപ്പം നില്ക്കുന്ന ആരാധകരോട് തനിക്കും അസ്ഥിയില്‍ പിടിച്ച ഇഷ്ടമുണ്ടെന്ന് പറയുന്ന ആള്‍ക്ക് അത്രയെളുപ്പം തള്ളിക്കളയാന്‍ കഴിയില്ലല്ലോ ആവശ്യം. അദ്ദേഹം ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ അരികിലേക്ക് വിളിക്കുന്നു.” മാഡത്തിന് താല്പര്യമെങ്കില് ആകാം. മറ്റൊരാളെ ഇങ്ങോട്ട് വിളിക്കുക റിസ്ക്കാണ്.” ജീവനക്കാരന് എനിക്ക് മുന്നിലെന്ന വണ്ണം മറുപടി നല്കി. ”കടുത്ത ആരാധകനാണ് ആ യുവാവ്” ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ ആളെ വിളിക്കാന്‍ അനുവാദം കിട്ടി. അകത്തേക്ക് കടന്ന് വന്നതും ആ യുവാവ് വിജയ് ഇരുന്ന സെറ്റിയുടെ താഴെ നിലത്തിരുന്ന് സെറ്റിയോട് ചേര്‍ന്നിരുന്നു. കൈകള്‍ സെറ്റിയില്‍ വിജയുടെ ശരീരത്തോട് ചേര്‍ന്നത് അത്ര തിരിച്ചറിയില്ല . എന്നാല്‍ അടുത്ത നിമിഷം സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഓടി അടുത്ത് വന്നു. ആ കൈകള്‍ അങ്ങനെ സെറ്റിയില്‍ വെയ്ക്കാന്‍ അനുവദമില്ലെന്ന മട്ടില്‍ മാറ്റിപ്പിടിക്കാന്‍ ആവശ്യം. ഏതായാലും ഒന്നിച്ചുള്ള ആ ചിത്രം ഇന്നും ആ ആരാധകന് നെഞ്ചോട് ചേര്‍ക്കുന്നു. അത്രയും വിലപ്പെട്ടതാകും ആ ചിത്രമെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിന്നീട് അതിലും തിരക്കാര്‍ന്ന വിജയിന്റെ ജീവിതമെന്ന് തോന്നിപ്പിക്കുന്നു.
‘കാവലന് ‘ഷൂട്ട് കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആറ് മാസം മുമ്പാണ് വിജയിന്റെ ഒരു ചിത്രത്തിന് കേരളം ലൊക്കേഷനാകുന്നത്. തിരുവനന്തപുരത്ത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണ ഭാഗമായി വിജയ് തിരുവനന്തപുരത്തെത്തുമ്പോഴും ആരാധകരുടെ വൻ തിരക്കാണ് സാക്ഷിയായത്… തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായിരുന്നു ഷൂട്ട് നടന്നത്. ആ സമയം തന്റെ ആരാധകര്‍ക്കൊപ്പം വളരെ ദൂരെ നിന്നെടുത്ത വീഡിയോ പങ്കുവച്ചു താരം എക്സില്‍ ഒരു കുറിപ്പും ഇട്ടിരുന്നു. ”എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ. എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.” പൂർണ്ണമായും മലയാളത്തില്‍ എഴുതിയ കുറിപ്പ്. അത് ഹൃദയത്തില്‍ തൊട്ടാകും വിജയ് എഴുതിയിരിക്കുക. തമിഴ് ജനതയെ പോലെ മലയാളികളും തനിക്ക് തരുന്ന സ്നേഹം താരം അറിയുന്നുണ്ട്. ഈ ”സ്നേഹം ഉനക്കാകെ” എന്ന് ആരാധകള്‍ പറയുന്നത് കേള്‍ക്കാതെ പോകുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]