
ശിവകാര്ത്തികേയന്-സായി പല്ലവി ചിത്രം അമരൻ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസിങ് ഈവന്റ് കഴിഞ്ഞദിവസമാണ് നടന്നത്. ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ മണിരത്നം, മലയാളികളുടെ പ്രിയ താരം സായ് പല്ലവിയെ പ്രശംസിച്ച് സംസാരിച്ചതാണ് സിനിമാലോകത്തെ പുതിയ വാർത്ത. താൻ സായ് പല്ലവിയുടെ വലിയ ആരാധകനാണെന്നും അവരോടൊപ്പം ഒരു ദിവസം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മണിരത്നം ഉൾപ്പെടെ ചുരുക്കം ചില സംവിധായകരുടെ പേരുകൾ മാത്രമേ സിനിമയിൽ എത്തുന്നതിന് മുൻപ് അറിയുമായിരുന്നുള്ളുവെന്നും താൻ ചെയ്യുന്ന തിരക്കഥകളും വേഷങ്ങളും തിരഞ്ഞെടുക്കുന്നതിൽ മണിരത്നം കാരണമായെന്നും സായ് പല്ലവി പറഞ്ഞു.
സായ് പല്ലവിയെ കുറിച്ച് ശിവ കാർത്തികേയനും വാചാലനായി. പ്രേമം സിനിമയിൽ താൻ സായ് പല്ലവിയെ കണ്ടെന്നും എല്ലാവരേയും പോലെ താനും മലർ ടീച്ചറുടെ ഫാൻ ആയി മാറിയെന്നും ശിവ കാർത്തികേയൻ പറഞ്ഞു. അവരുടെ പ്രകടനത്തെ പ്രശംസിക്കാൻ വിളിച്ചപ്പോൾ ‘അണ്ണാ വളരെ നന്ദി’ എന്ന് പറഞ്ഞ സായ് പല്ലവി, ഇന്ന് വലിയ ബ്രാൻഡായി മാറിയെന്നും ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.
ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരന് ഒക്ടോബര്‍ 31- ന് തീയേറ്ററുകളില്‍ എത്തും. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്ത്തികേയന് എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് ചിത്രത്തില്‍ സായി പല്ലവി എത്തുന്നത്.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക ചക്ര നല്കി ആദരിക്കപ്പെട്ട സൈനികനാണ് മുകുന്ദ്. 2014-ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ദൗത്യം പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം വീരമൃത്യു വരിച്ചു.
മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്. ഭുവന് അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]