
രാഘവ ലോറൻസ്, കങ്കണ റണൗട്ട് എന്നിവരെ പ്രധാനവേഷങ്ങളിലവതരിപ്പിച്ച് പി. വാസു സംവിധാനം ചെയ്ത ചിത്രമായ ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ പക്ഷേ പ്രേക്ഷകരെ ആകർഷിക്കാനായില്ല. ഇക്കഴിഞ്ഞമാസം 28-ാം തീയതിയായിരുന്നു ചന്ദ്രമുഖി 2 തിയേറ്ററുകളിലെത്തിയത്.
രജനികാന്ത്, ജ്യോതിക, നയൻതാര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായിരുന്നു ചന്ദ്രമുഖി 2. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. വൻ ബജറ്റിലൊരുങ്ങിയ ചന്ദ്രമുഖി 2-ന് പക്ഷേ ബോക്സോഫീസിൽ പരാജയപ്പെടാനായിരുന്നു വിധി. ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്ളിക്സിലൂടെ ഒ.ടി.ടി റിലീസാവും എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 60 കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രത്തിന് 20 കോടിയോളമാണ് നിർമാതാവിന് നഷ്ടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
പുതിയ ചിത്രമായ ജിഗർ തണ്ട-ഡബിൾ എക്സിന്റെ ഓഡിയോ ലോഞ്ചിനിടെ ചന്ദ്രമുഖി 2-ന്റെ പരാജയത്തേക്കുറിച്ച് ലോറൻസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. “ചന്ദ്രമുഖി 2വിനായി പ്രതിഫലം വാങ്ങുകയും നാല് നായികമാർക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ജീവിതത്തിൽ എല്ലാ സമയത്തും നമ്മൾ വിജയിക്കില്ല. സൈഡ് ഡാൻസറായി ജോലി ചെയ്യുമ്പോഴാണ് ഡാൻസ് മാസ്റ്ററാകാൻ ആലോചിച്ചത്. പിന്നെ സംവിധായകനും നായകനുമായി. ദൈവാനുഗ്രഹം കൊണ്ടാണ് എനിക്ക് നായകനായി അവസരങ്ങൾ ലഭിക്കുന്നത്. ഹിറ്റുകളെക്കുറിച്ചും ഫ്ലോപ്പുകളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതില്ല. നമ്മൾ നമ്മുടെ ജോലി ചെയ്യണം.” ലോറൻസിന്റെ വാക്കുകൾ.
വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. ‘ലൈക്ക പ്രൊഡക്ഷൻസി’ന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിച്ചത്. വേട്ടയൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് ചിത്രത്തിലെത്തിയത്. ആർ ഡി രാജശേഖർ ഛായാഗ്രഹണവും എഡിറ്റിംഗ് ആന്റണിയും നിർവഹിച്ചു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരാണ് ഗാനങ്ങൾ എഴുതിയത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷൻ ഡിസൈനർ.
Content Highlights: chandramukhi 2 ott release soon, chandramukhi 2 collection report, kangana ranaut


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]